വീട്ടു നികുതി രണ്ടായി തരം തിരിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും ഓഫിസുകൾക്കും കടകൾക്കും 15 മുതൽ ഇരുപത് ശതമാനം വരെയാണ് നികുതി വർധന
കോഴിക്കോട്: കെട്ടിട നികുതി വർധിപ്പിച്ച് സർക്കാർ ഇറക്കിയ ഉത്തരവ് സംസ്ഥാനത്തെ പൊതുജനത്തെയും വാണിജ്യ - വ്യവസായ സർവീസ് മേഖലകളെയും ബാധിക്കും. 300 ചതുരശ്ര മീറ്ററിന് മുകളിലും താഴെയും എന്ന നിലയിൽ വീട്ടു നികുതി രണ്ടായി തരം തിരിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും ഓഫിസുകൾക്കും കടകൾക്കും 15 മുതൽ ഇരുപത് ശതമാനം വരെയാണ് നികുതി വർധന. ആശുപത്രികൾക്ക് പഞ്ചായത്തുകളിൽ 400 ശതമാനത്തോളമാണ് വർധന. കോർപ്പറേഷനിലും മുനിസിപ്പാലിറ്റിയിലും 200 ശതമാനം കൂട്ടി. മൊബൈൽ കമ്പനികൾക്കും തിരിച്ചടിയാണ്. ചതുരശ്ര മീറ്ററിന് 500 രൂപയിൽ നിന്ന് 800 ആയി വർധിപ്പിച്ചു. പഞ്ചായത്തുകളിൽ 600 രൂപയാണ് നികുതി.
വീടുകൾക്ക് ചതുരശ്ര മീറ്ററിന് 2 രൂപ വീതം നികുതി കൂടും. ചെറിയ വീടുകൾക്ക് വർഷം ശരാശരി 150 രൂപ മുതലും വലിയ വീടുകൾക്ക് 600 രൂപ വരെയും വർധനവുണ്ടാകും. ആശുപത്രികളുടെ നികുതി ഇരട്ടിയാക്കിയും വർധിപ്പിച്ചു. കടകളുടെയും ഹോട്ടലുകളുടെയും ഓഫിസ് കെട്ടിടങ്ങളുടെയും നികുതിയിൽ വൻ വർധനവാണുണ്ടായിരിക്കുന്നത്. 300 ചതുരശ്ര മീറ്റിന് മുകളിലുള്ളതും താഴെയുള്ളതും എന്ന് രണ്ടാക്കി തിരിച്ചാണ് വീടുകൾക്ക് നികുതി കൂട്ടിയിരിക്കുന്നത്.
പഞ്ചായത്ത് മുനിസിപ്പൽ കോർപ്പറേഷൻ മേഖലകളിൽ ശരാശരി രണ്ട് രൂപയാണ് ചതുരശ്ര മീറ്ററിന് വീടുകൾക്ക് നികുതി കൂട്ടിയത്. പഞ്ചായത്തുകളിൽ ചതുരശ്രമീറ്റിനുള്ള നികുതി എട്ട് രൂപയിൽ നിന്നും പത്തായി വർധിപ്പിച്ചു. കോർപ്പറേഷനിലും മുനിസിപ്പാലിറ്റിയിലും ചെറിയ വീടുകൾക്ക് ചതുരശ്ര മീറ്ററിന് രണ്ട് രൂപയും വലിയ വീടുകൾക്ക് നാല് രൂപയും വർധിപ്പിച്ചു. ശരാശരി 160 രൂപാ മുതൽ നികുതി വർധന ഉണ്ടാകും.
പഞ്ചായത്തുകളിൽ ഹോട്ടൽ, ലോഡ്ജ് എന്നിവയുടെ നിരക്ക് 60 രൂപയിൽ നിന്ന് 70 രൂപയായി വർധിപ്പിച്ചു. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റിയിലും വാണിജ്യാവശ്യത്തിനുള്ള മാളുകൾക്ക് 120 രൂപയിൽ നിന്ന് 170 രൂപയാണ് നികുത വർധന. ചെറിയ കെട്ടിടങ്ങൾക്ക് ചതുരശ്ര മീറ്ററിന് അഞ്ച് രൂപാ വീതം വർധിപ്പിച്ചു. ആശുപത്രികളുടെ നികുതിയിൽ ഇരട്ടിയിലധികം വർധനയുണ്ട്. പഞ്ചായത്തുകളിൽ എട്ട് രൂപയായിരുന്നു പഴയ നിരക്ക്. 30 ആണ് പുതിയ നികുതി. നഗരപ്രദേശങ്ങളിൽ നേരത്തെ ഉണ്ടായിരുന്ന 20ൽ നിന്ന് 40 രൂപയായാണ് വർധന. മുനിസിപ്പാലിറ്റികളിൽ 35 രൂപയാണ് നിരക്ക്. മൊബൈൽ ടവർ നികുതി ചതുരശ്ര മീറ്ററിന് 500 ൽ നിന്നും 800 ആക്കി. റിസോർട്ടുകളുടെ നികുതി പഞ്ചായത്തുകളിൽ 90 ൽ നിന്നും 95 ആയി കൂട്ടി. കോർപ്പറേഷനുകളിൽ ഇത് 90 ൽ നിന്നും 100 ആക്കിയിട്ടുണ്ട്.
undefined
അന്തിമ നിരക്ക് മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും കൗൺസിൽ യോഗത്തിൽ തീരുമാനിക്കും. 2011ൽ നികുതി നിരക്ക് പ്രഖ്യാപിച്ചതിന് ശേഷം 2017ൽ തദ്ദേശ സ്ഥാപനങ്ങൾ വീണ്ടും പുതിക്കിയിരുന്നു. അതാണിപ്പോൾ ബജറ്റ് തീരുമാനത്തിലൂടെ വർധിപ്പിച്ചത്.