സമൂഹം മാറണമെങ്കിൽ ആദ്യം സ്ത്രീകളുടെ മനോഭാവം മാറണം, പുച്ഛിച്ച് തള്ളേണ്ട ഒന്നല്ല സ്ത്രീയുടെ അധ്വാനം: പി സതിദേവി

By Web TeamFirst Published Oct 22, 2024, 8:48 PM IST
Highlights

പുച്ഛിച്ച് തള്ളേണ്ട ഒന്നല്ല സ്ത്രീയുടെ അധ്വാനം. അടുക്കളയിൽ കൂലി ഇല്ലാത്ത ജോലിയാണെങ്കിൽ തൊഴിലിടങ്ങളിൽ കുറഞ്ഞ ശമ്പളമാണ് കിട്ടുന്നത്. സർക്കാരിന്റെ സേവന പദ്ധതികളിൽ കൂടുതലും ജോലി ചെയ്യുന്നത് സ്ത്രീകളാണ്

ഇടുക്കി: സമൂഹം മാറണമെങ്കിൽ ആദ്യം മാറ്റം വരേണ്ടത് സ്ത്രീകളുടെ ചിന്താഗതിയിൽ ആണെന്ന് വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതിദേവി. ഇടുക്കി വണ്ടിപ്പെരിയാറിൽ കേരള വനിത കമ്മീഷൻ സംഘടിപ്പിക്കുന്ന ദ്വിദിന തോട്ടം മേഖല ക്യാമ്പിന്റെ ഭാഗമായ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മീഷൻ അധ്യക്ഷ. 

പുച്ഛിച്ച് തള്ളേണ്ട ഒന്നല്ല സ്ത്രീയുടെ അധ്വാനം. അടുക്കളയിൽ കൂലി ഇല്ലാത്ത ജോലിയാണെങ്കിൽ തൊഴിലിടങ്ങളിൽ കുറഞ്ഞ ശമ്പളമാണ് കിട്ടുന്നത്. സർക്കാരിന്റെ സേവന പദ്ധതികളിൽ കൂടുതലും ജോലി ചെയ്യുന്നത് സ്ത്രീകളാണ്. ആശാവർക്കർമാർ, അംഗൻവാടി വർക്കർമാർ, ഹരിത കർമ്മ സേന തുടങ്ങിയ എല്ലാ സേവന മേഖലകളിലും സ്ത്രീകളാണ് ബഹുഭൂരിപക്ഷവും. രാജ്യത്തിന്റെ ഉന്നമനത്തിനും സമൂഹത്തിൻ്റെ പുരോഗതിക്കും വേണ്ടി അധ്വാനിക്കുന്നത് കൂടുതലും സ്ത്രീകളാണ്. എന്നിട്ടും അവർക്ക് ലഭിക്കുന്നത് നാമമാത്രമായ പ്രതിഫലമാണ്. 

Latest Videos

സ്ത്രീയുടെ അഭിമാനം സംരക്ഷിക്കണം എന്ന് നിയമം പറയുന്നു. വാക്കുകൊണ്ടോ നോക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ സ്ത്രീയുടെ അഭിമാനം വൃണപ്പെട്ടരുത്. ഇതിന് ഒട്ടേറെ നിയമം രാജ്യത്തുണ്ട്. സ്ത്രീക്ക് ആരിൽ നിന്നാണ് സംരക്ഷണം വേണ്ടത്. വന്യജീവികളിൽ നിന്നാണോ? പ്രകൃതി ദുരന്തങ്ങളിൽ നിന്നാണോ? സംരക്ഷണം കിട്ടേണ്ടത് യഥാർത്ഥത്തിൽ സമൂഹത്തിൽ നിന്നാണ്. 'സ്ത്രീകൾ കൂടി ഉൾപ്പെടുന്ന സമൂഹത്തിൻെറ കാഴ്ചപ്പാടിലാണ് മാറ്റം ഉണ്ടാവേണ്ടത്.

നിങ്ങളുടെ നേതൃനിരയിൽ എത്ര സ്ത്രീകളുണ്ടെന്ന് തൊഴിലാളി സംഘടന നേതാക്കളോട് ചോദിച്ചു. അവർ പറഞ്ഞു സ്ത്രീകൾ കടന്നുവരുന്നതിന് ഞങ്ങൾ തടസമല്ല. അപ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ മാറിനിൽക്കുന്നത്. നിങ്ങൾ മുന്നോട്ടു വരണം. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം, എട്ടു മണിക്കൂർ വിശ്രമം, ഇത് ലഭിക്കുന്നുണ്ടോ? എട്ടു മണിക്കൂർ ജോലി ചെയ്തിട്ട്, വീട്ടിൽ വന്ന് ബാക്കി സമയം മുഴുവൻ വീട്ടുജോലി ചെയ്യുന്നു. അപ്പോൾ വിനോദവും വിശ്രമവും സ്ത്രീകൾക്കില്ല. ഇത് എന്തുകൊണ്ട് ഉണ്ടാവുന്നു എന്ന് നാം ആലോചിക്കണം. സ്ത്രീകളുടെ പ്രശ്നങ്ങളിൽ സ്ത്രീകൾ ഇടപെടണം. അതിനുവേണ്ടി സ്ത്രീകളെ സജ്ജമാക്കുക എന്നതാണ് വനിതാ കമ്മീഷന്റെ ലക്ഷ്യം. വ്യക്തിപരമായ പരാതികൾ കേൾക്കുക എന്നതിന് ഉപരിയായി, ഓരോ തൊഴിൽ മേഖല വിഭവങ്ങളെ തിരഞ്ഞെടുത്തു അവരെ കേൾക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ വനിത കമ്മീഷൻ  നടത്തിവരുന്നത്.

സേവന വേതന വ്യവസ്ഥകൾ എത്രത്തോളം പാലിക്കപ്പെടുന്നുണ്ട്, ജോലി സമയവും ജോലി സാഹചര്യവും, ലയങ്ങളുടെ അവസ്ഥ, അവിടെ ലഭിക്കുന്ന കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും അവസ്ഥ... ഇതൊക്കെ നേരിൽ പഠിച്ച്, സർക്കാരിന് റിപ്പോർട്ട് നൽകുകയാണ് വനിത കമ്മീഷൻ ലക്ഷ്യമിടുന്നത്. അത്തരം നിർദ്ദേശങ്ങൾ നടപ്പാക്കിക്കൊണ്ട് സ്ത്രീകളുടെ പുരോഗതിക്ക് ആവശ്യമായ നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പാക്കുകയും കമ്മീഷന്റെ ലക്ഷ്യമാണെന്നും വനിത കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി പറഞ്ഞു.

3 വർഷം, ഡ്രൈവറുടെ അക്കൗണ്ടിൽ വന്നത് 2 കോടി; ഡിഎംഒ കൈക്കൂലി കേസിന് പിന്നാലെ തന്നെ വിജിലൻസ്, വിശദമായ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!