കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തിൽ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയും മോശം ഭാഷ ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്. കോടതിയിൽ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ് ഇരുവര്‍ക്കും ക്ലീൻ ചിറ്റ് നൽകിയത്.
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർക്കും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവിനും ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്. മേയർ മോശം ഭാഷ ഉപയോഗിച്ചതിനും സച്ചിൻ ദേവ് ബസിൽ അതിക്രമിച്ച് കയറിയതിനും തെളിവില്ലെന്നാണ് കോടതയിൽ നൽകിയ റിപ്പോർട്ട്. സച്ചിൻദേവ് ബസിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞെന്നും മേയർ ഭീഷണിപ്പെടുത്തി എന്നുമായിരുന്നു കെഎസ്ആർടിസി ഡ്രൈവർ യദുവിൻറെ പരാതി. എന്നാൽ, കോടതിയിൽ കൊടുത്ത പൊലീസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് മേയർക്കും എംഎൽഎക്കും അനുകൂലമാണ്.
ഹ്രൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ഡ്രൈവർക്ക് വാതിൽ തുറക്കാവുന്ന ബസാണ് യദു ഓടിച്ചത്. എംഎൽഎ ആവശ്യപ്പെട്ട പ്രകാരം യദു വാതിൽ തുറന്ന് എംഎൽഎ അകത്തുകയറിയെന്നാണ് പൊലീസ് റിപ്പോർട്ട്. സച്ചിനോ ആര്യ രാജേന്ദ്രനോ ഭീഷണിപ്പെടുത്തിയതിനോ മോശം പരാമർശം നടത്തിയതിനും സാക്ഷി മൊഴികളില്ലെന്നും റിപ്പോർട്ടിലുണ്ട്.
ബസിനുള്ളിലെ സിസിടിവിയുടെ മെമ്മറി കാർഡ് ഇതുവരെ കണ്ടെത്താനായില്ലെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. ആദ്യം യദു പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. മേയറുടെ പരാതിയിൽ പൊലീസ് ആദ്യം യദുവിനെതിരെയായിരുന്നു കേസെടുത്തത്. യദു കോടതിയിൽ നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. ഈ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന യദുവിന്‍റെ ആവശ്യം പരിഗണിക്കുമ്പോഴായിരുന്നു പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയത്.
ഇത്തരം ഹർജികൾ നൽകുന്നത് മാധ്യമ ശ്രദ്ധക്ക് വേണ്ടിയാണെന്നാണ് പ്രോസിക്യൂഷൻ പറഞ്ഞത്. ലൈംഗിക അധിക്ഷേപം നടത്തിയതിന് യദുവിനെതിരെ അഞ്ച് കേസുകൾ നിലവിലുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ബസോടിച്ചിരുന്ന യദു ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചുവെന്നായിരുന്നു ആര്യയുടെ പരാതി. അത് കൊണ്ടാണ് ബസ് തടഞ്ഞ് ചോദ്യം ചെയ്തതെന്നുമായിരുന്നു പരാതി.
ഇതിലും മേയർക്ക് അനുകൂലമായ പരാർമശം റിപ്പോർട്ടിലുണ്ട്. റൂട്ട് തെറ്റിച്ച് ബസ് അമിതവേഗത്തിൽ പോയെന്നാണ് പരാമർശം. സംഭവത്തിൽ തുടക്കം മുതൽ പൊലീസ് മേയർക്ക് അനുകൂലമായ നിലപാടെടുക്കുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു. യദുവിന്‍റെ പരാതിയിലെടുത്ത കേസിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 30ന് വിധി പറയും.