ബിഎസ്എഫ് മേധാവി സ്ഥാനത്ത് നിന്ന് റോഡ് സേഫ്റ്റി കമ്മീഷണറിലേക്ക്; ഡിജിപി നിതിൻ അഗർവാളിന് പുതിയ ചുമതല

By Web TeamFirst Published Oct 22, 2024, 8:38 PM IST
Highlights

മുൻ ബി.എസ്.എഫ് മേധാവി നിധിൻ അഗർവാളിനെ റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു

തിരുവനന്തപുരം: ബി.എസ്.എഫ്. മേധാവി സ്ഥാനത്ത് നിന്ന് കേന്ദ്ര സർക്കാർ നീക്കിയ ഡി.ജി.പി നിതിൻ അഗർവാളിന് കേരള കേഡറിൽ പുതിയ നിയമനം. റോഡ് സേഫ്റ്റി കമ്മീഷണറായാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നിതിൻ അഗ‍ർവാളിനെ നിയമിച്ചത്. പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറിയ ഭീകരർ കശ്മീരിൽ വൻ തോതിൽ ആക്രമണങ്ങൾ നടത്തിയതോടെയാണ് ബി.എസ്.എഫ് മേധാവിയായിരുന്ന നിതിൻ അഗർവാളിനെ കേന്ദ്ര സർക്കാർ നീക്കിയത്. സർവീസ് പൂർത്തിയാകാൻ രണ്ട് വർഷം കൂടെ ബാക്കിയിരിക്കുമ്പോഴായിരുന്നു ഇത്. നേരത്തെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് ഒന്നാം പേരുകാരനായിരുന്നു ഇദ്ദേഹം. എന്നാൽ താൻ കേരള കേഡറിലേക്ക് തിരികെ വരുന്നില്ലെന്ന് ഇദ്ദേഹം തന്നെ നിലപാടെടുത്തതോടെയാണ് ഷെയ്ഖ് ദർവേസ് സാഹിബ് സംസ്ഥാന പൊലീസ് മേധാവിയായത്. 

ബിഎസ്എഫ് മേധാവി സ്ഥാനം ഒഴിഞ്ഞ ശേഷം അവധിയിൽ പോയ നിതിൻ അഗർവാൾ കേരള കേ‍ഡറിലേക്ക് തിരിച്ചെത്തിയിട്ട് ദിവസങ്ങളായെങ്കിലും നിയമന ഉത്തരവ് കൈമാറിയിരുന്നില്ല. സംസ്ഥാനത്തിന് നാല് ഡിജിപി തസ്തികകളാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. നിലവിൽ നാല് ഡിജിപിമാർ സംസ്ഥാനത്തുള്ളതിനാൽ അഞ്ചാമത് ഒരു ഡിജിപിയെ നിയമിക്കുന്നതായിരുന്നു വെല്ലുവിളി. സംസ്ഥാനത്തിൻ്റെ അപേക്ഷ പരിഗണിച്ച് ആറ് മാസത്തേക്ക് അഞ്ചാമത് ഒരു ഡിജിപി തസ്തിക കൂടി കേന്ദ്രം അനുവദിച്ചതോടെയാണ് നിതിൻ അഗർവാളിന് നിയമനത്തിന് വഴി തുറന്നത്.

Latest Videos

സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച നാല് ഡിജിപി തസ്തികകളിൽ വിജിലൻസ് ഡയറക്ടറായ ടി.കെ.വിനോദ് കുമാർ സ്വയം വിരമിച്ചതോടെ ഒരു തസ്തിക ഒഴിവു വന്നിരുന്നു. ഈ ഒഴിവിലേക്ക് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തക്ക് സ്ഥാനക്കയറ്റം നൽകി. ഇതിനിടെയാണ് നിതിൻ അഗർവാള്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. പ്രതിസന്ധി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചതോടെയാണ് ആറ് മാസത്തേക്ക് ഒരു അധിക ഡിജിപി തസ്തിക അനുവദിച്ചത്.

ഡിസംബറിൽ ഡിജിപി സഞ്ചീവ് കുമാർ പട്ജോഷി വിരമിക്കുന്നതോടെ സംസ്ഥാനത്ത് വീണ്ടും നാല് ഡിജിപിമാരാവും. എന്നാൽ കേന്ദ്രം അനുവദിച്ച താൽക്കാലിക തസ്തികയുടെ കാലാവധി നാലുമാസം കൂടിയുള്ളതിനാൽ സംസ്ഥാന സർക്കാരിന് ഒരു എഡിജിപിക്കു കൂടി സ്ഥാനകയറ്റം നൽകാനാകും. അങ്ങനെയെങ്കിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് ജനുവരി ഒന്ന് മുതൽ ഡിജിപി തസ്തികയിൽ സ്ഥാനക്കയറ്റം കിട്ടിയേക്കും.

താത്കാലിക തസ്തികയിൽ സ്ഥാനക്കയറ്റം നൽകിയില്ലെങ്കിൽ ഫയർഫോഴ്‌സ് മേധാവി കെ.പത്മകുമാർ ഏപ്രിലിൽ വിരമിക്കുമ്പോള്‍ മാത്രമേ മനോജ് എബ്രഹാമിന് സ്ഥാനകയറ്റ സാധ്യത ലഭിക്കൂ. ജൂണ്‍ 30നാണ് നിലവിലെ സംസ്ഥാന പൊലിസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് വിരിക്കുന്നത്. അപ്പോൾ പുതിയ പൊലീസ് മേധാവിയായി നിതിൻ അഗർവാളാകും പരിഗണനാ പട്ടികയിൽ ഒന്നാമൻ. കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോയിൽ ഡെപ്യൂട്ടേഷനിലുള്ള റാവഡ ചന്ദ്രശേഖർ രണ്ടാമനും, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത മൂന്നാമനും, മനോജ് എബ്രഹാം നാലാമത്തെ സ്ഥാനത്തുമാകും ഉള്‍പ്പെടുക. കേന്ദ്രം വെട്ടിയില്ലെങ്കിൽ ആദ്യത്തെ മൂന്ന് പേരിൽ ഒരാൾ അടുത്ത ഡിജിപിയാവും. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റാവഡ ചന്ദ്രശേഖർ സംസ്ഥാനത്തേക്ക് മടങ്ങാൻ താത്പര്യമില്ലെന്ന് അറിയിച്ചാൽ മനോജ് എബ്രഹാം ആദ്യത്തെ മൂന്ന് പേരിൽ ഒരാളാകും. 

click me!