കെകെ രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായതോടെ ആര് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുമെന്നതിൽ ആകാംഷ
കണ്ണൂര്‍: കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതോടെ പകരം ആരാകും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാവുക എന്നതിൽ ആകാംഷ. മുഖ്യമന്ത്രിയുടെ താത്പര്യം പരിഗണിച്ചാകും ഇക്കാര്യത്തിലെ പാർട്ടി തീരുമാനം. കണ്ണൂരിൽ നിന്നുള്ള സിപിഎം നേതാവോ അല്ല, ഐഎഎസ് ഉദ്യോഗസ്ഥർ ആരെങ്കിലും പ്രൈവറ്റ് സെക്രട്ടറിയാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായത്. അതിന് മുന്പ് രണ്ടു വര്‍ഷക്കാലത്തോളം മുന്‍ ഇന്‍കം ടാക്സ് കമ്മീഷണര്‍ ആര്‍ മോഹനനാണ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചത്. എംവി ജയരാജൻ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതോടെയാണ് ആര്‍ മോഹനൻ പദവിയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ പാര്‍ട്ടി നേതാവിനെ തന്നെ ചുമതല ഏല്‍പ്പിക്കുമോയെന്നതിലാണ് ആകാംഷ.
പ്രധാന പദവികളിൽ കണ്ണൂരിൽ നിന്നുള്ള നേതാക്കള്‍ മാത്രം എത്തുന്നുവെന്ന് വിമര്‍ശനം സിപിഎം സമ്മേളനങ്ങളിൽ ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്ത് കണ്ണൂരിന് പുറത്തുള്ള നേതാവിന് പരിഗണിക്കുമോയെന്നതും കൗതുകമാണ്. പദവിയിലേയ്ക്ക് ആരുടെയും പേര് ഇപ്പോൾ സിപിഎം വൃത്തങ്ങള്‍ പറയുന്നില്ല. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ എതിര്‍പ്പ് അവഗണിച്ച് സിപി നാരായണനെ പാര്‍ട്ടി പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയിരുന്നു. എന്നാൽ പിണറായി വിജയൻ്റെ കാര്യത്തിൽ, മുഖ്യമന്ത്രിയുടെ താല്‍പര്യത്തിന് അനുസരിച്ചാകും തീരുമാനമെന്ന സൂചനയാണ് സിപിഎം നേതാക്കള്‍ നൽകുന്നത്. പുത്തലത്ത് ദിനേശൻ ദേശാഭിമാനി ചീഫ് എഡിറ്റര്‍ പദവിലേയ്ക്ക് മാറിയപ്പോള്‍ പകരം പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് എത്തിയത് പിണറായിയുടെ വിശ്വസ്തനായ പി. ശശിയാണെന്നതും ഇക്കാര്യത്തിൽ പ്രധാനമാണ്.