ഇന്ത്യൻ ഉല്‍പ്പന്നങ്ങളുടെ അതിവിശാലമായ ശേഖരമൊരുക്കാൻ ദുബൈയില്‍ ഭാരത് മാര്‍ട്ട് തുറക്കും. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍റെ ഇന്ത്യ സന്ദര്‍ശന വേളയിലാണ് പ്രഖ്യാപനമുണ്ടായത്.
ദുബൈ: പ്രവാസി ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായി ഭാരത് മാര്‍ട്ട് 2026 അവാസനത്തോടെ യുഎഇയിൽ പ്രവര്‍ത്തനം ആരംഭിക്കും. ദുബൈയിലെ ജബല്‍ അലി ഫ്രീ സോൺ ഏരിയയില്‍ 27 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ, വിശാലമായ റീട്ടെയ്ല്‍, ഷോറൂമുകള്‍, വെയര്‍ഹൗസ് സ്പേസുകള്‍ എന്നിവയടക്കം വമ്പന്‍ സൗകര്യങ്ങളുമായാണ് ഭാരത് മാര്‍ട്ട് തുറക്കുക. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങൾ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറേഷ്യ എന്നിവിടങ്ങളിലെ വിപണി കീഴടക്കും. ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപണന–സംഭരണ കേന്ദ്രമായി വിഭാവനം ചെയ്ത ഭാരത് മാർട്ട്, ഇന്ത്യൻ വ്യവസായത്തിന് ആഫ്രിക്ക, മധ്യപൂർവ രാജ്യങ്ങൾ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് അതിവേഗം വ്യാപിക്കാനുള്ള പ്രവേശന കവാടം കൂടിയാണ്.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ആദ്യ ഇന്ത്യ സന്ദര്‍ശന വേളയിലാണ് ഭാരത് മാര്‍ട്ട് തുറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇന്ത്യ-യുഎഇ ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണിത്. ഭാരത് മാർട്ടിന്റെ രൂപരേഖ ശൈഖ് ഹംദാന്റെയും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയലിന്റെയും സാന്നിധ്യത്തിൽ അവതരിപ്പിച്ചു. ചൈനീസ് ഡ്രാഗൺ മാര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോൾ, വ്യവസായങ്ങൾക്ക് നേരിട്ടും (ബിസിനസ് ടു ബിസിനസ്), ഉപഭോക്താക്കളിലേക്കും (ബിസിനസ് ടു കൺസ്യൂമർ) ആശ്രയിക്കാവുന്ന വ്യാപാര കേന്ദ്രമായിരിക്കും ഭാരത് മാർട്ട്. ഇത് ഇന്ത്യന്‍ വ്യവസായവും ആഗോള വിപണിയും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്നതിനായി രൂപീകരിച്ചിട്ടുള്ളതാണ്. ഇതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ഡിപി വേൾഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായേം പറഞ്ഞു.
വിപുലമായ സൗകര്യങ്ങളാണ് ഭാരത് മാര്‍ട്ട് സംഭരണ കേന്ദ്രത്തില്‍ ഒരുക്കുക. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന എല്ലാ വസ്തുക്കളും ഈ കേന്ദ്രത്തില്‍ ലഭ്യമാകും. ഇത് വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഏറെ ഉപകാരപ്രദമാകും. നിലവില്‍ ചൈനയുടെ ഉത്പന്നങ്ങള്‍ മാത്രം ലഭ്യമാകുന്ന ഡ്രാഗണ്‍ മാര്‍ട്ട് ദുബായിലുണ്ട്. 27 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന ഭാരത് മാര്‍ട്ടിന്‍റെ ആദ്യ ഘട്ടത്തില്‍ 13 ലക്ഷം ചതുരശ്ര അടി വ്യാപാര കേന്ദ്രമാണ് പൂര്‍ത്തിയാക്കുക. ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് അവരുടെ ഉൽപന്നങ്ങളുടെ പ്രചാരണത്തിനും വിപണനത്തിനും ഭാരത് മാർട്ട് ഉപയോഗപ്പെടുത്താം. ആകെ 1500 ഷോറൂമുകൾക്ക് ഇവിടെ സൗകര്യമുണ്ട്.
Read Also - എജ്ജാതി വൈബ് പൈലറ്റ്! 'നിങ്ങൾ സ്പീഡിൽ ഓടിക്കാൻ പറഞ്ഞാൽ ഓടിക്കും', മലയാളത്തിൽ കസറി കുശലാന്വേഷണം, വൈറൽ വീഡിയോ
ഇതിന് പുറമെ 7 ലക്ഷം ചതുരശ്ര അടിയിൽ സംഭരണശാല, ചെറുകിട വ്യവസായ യൂണിറ്റിനുള്ള സ്ഥലം, ഓഫിസിനുള്ള സ്ഥലം, യോഗങ്ങൾ ചേരാനുള്ള സൗകര്യം എന്നിവയും നിര്‍മ്മിക്കും. വനിതകൾ നേതൃത്വം നൽകുന്ന വ്യവസായ സംരംഭങ്ങൾക്കു മാത്രമായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജബല്‍ അലി തുറമുഖത്ത് നിന്ന് 11 കിലോമീറ്റര്‍ അകലെയും അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുമാണ് ഭാരത് മാര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ഇത്തിഹാദ് റെയില്‍ ഉപയോഗപ്പെടുത്താനുമാകും. ജബൽ അലി തുറമുഖത്ത് നിന്ന് ലോകത്തിലെ 150 തുറമുഖങ്ങളിലേക്ക് നേരിട്ട് ചരക്ക് എത്തിക്കാനുള്ള സൗകര്യമുണ്ട്. ഇതിന് പുറമെ വ്യോമ പാതയിലൂടെ 300 ലോക നഗരങ്ങളുമായും ബന്ധപ്പെടാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം