തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂർ നാലാംകല്ല് കോവിൽറോഡിന് മുന്നിൽ കച്ചവടം ചെയ്യുന്ന അറുപതുകാരിയായ കാർത്യായനിയാണ് തട്ടിപ്പിന് ഇരയായത്.
തൃശൂര്‍: അരിമ്പൂരിൽ ഭാഗ്യക്കുറി വിൽപ്പനക്കാരിയെ പറ്റിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. 60 കാരിക്ക് ഡമ്മി നോട്ട് നൽകി ലോട്ടറി ടിക്കറ്റുകളും പണവും കവർന്ന സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചിരിക്കുന്നത്. അന്തിക്കാട് പൊലീസ് എസ് എച്ച് ഒക്കാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.
തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂർ നാലാംകല്ല് കോവിൽറോഡിന് മുന്നിൽ കച്ചവടം ചെയ്യുന്ന അറുപതുകാരിയായ കാർത്യായനിയാണ് തട്ടിപ്പിന് ഇരയായത്. ബൈക്കിലെത്തിയ യുവാവാണ് കാർത്യായനിക്ക് 500 രൂപയുടെ ഡമ്മി നോട്ട് നൽകി പറ്റിച്ചത്. ചിൽഡ്രൻസ് നോട്ട് എന്നെഴുതിയ നോട്ടുകൾ ഷൂട്ടിങ്ങിനും കുട്ടികൾക്ക് കളിക്കാനുമായി അച്ചടിക്കുന്നതാണ്. എന്നാൽ ഇത് തിരിച്ചറിയാൻ കാർത്യായനിക്കായില്ല. 40 രൂപയുടെ 2 ലോട്ടറി ടിക്കറ്റ് യുവാവ് എടുത്തു. പണമായി നൽകിയ ഡമ്മി നോട്ട് മാറി ബാക്കി 420 രൂപ യുവാവിന് നൽകി. പിന്നീട് വിൽപ്പനക്കുള്ള ലോട്ടറി എടുക്കാനായി പോയപ്പോളാണ് താൻ കബളിപ്പിക്കപ്പെട്ടതായി കാർത്യായനിക്ക് മനസിലായത്. അടുത്തിടെയായി ലോട്ടറി കച്ചവടക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ കൂടി വരുന്നുണ്ടെങ്കിലും ഡമ്മി നോട്ട് കൊടുത്ത് തട്ടിപ്പ് നടത്തുന്നത് ഇതാദ്യമാണ്.