ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയ കേസ്; പിടിയിലായ ദമ്പതികള്‍ സ്വർണ കള്ളക്കടത്ത് ശൃംഖലയിൽപ്പെട്ടവരെന്ന് പൊലീസ്

By Web TeamFirst Published Oct 17, 2024, 2:03 AM IST
Highlights

തലസ്ഥാനത്തെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു കോടി 84 ലക്ഷത്തിൻെറ സ്വർണം വാങ്ങിയ ശേഷം ദമ്പതികള്‍ പണത്തിന് പകരം ചെക്ക് നൽകി.

ചെന്നൈ: തലസ്ഥാനത്തെ ഒരു ജ്വല്ലറിയിൽ നിന്നും സ്വർണം തട്ടിയ കേസിൽ പിടിലായ ദമ്പതികള്‍ സ്വർണ കള്ളക്കടത്ത് ശൃംഖലയിൽപ്പെട്ടവരെന്ന് പൊലീസ്. പ്രമുഖ ജ്വല്ലറിയിൽ നിന്നും ഒരു കോടി 84 ലക്ഷം രൂപയുടെ സ്വർണം തട്ടിയെന്ന പരാതിയിലാണ് കൊച്ചി സ്വദേശികളായ രാജീവിനെയും ഷർമ്മിളയെയും തഞ്ചാവൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. വൻ റാക്കറ്റിൽപ്പെട്ടവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

തലസ്ഥാനത്തെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു കോടി 84 ലക്ഷത്തിൻെറ സ്വർണം വാങ്ങിയ ശേഷം കൊച്ചി സ്വദേശികളായ ദമ്പതികള്‍ പണത്തിന് പകരം ചെക്ക് നൽകിയെന്നും ഇത് വ്യാജ ചെക്കായിരുന്നുവെന്നുമാണ് ജ്വല്ലറി ഉടമകളുടെ പരാതി. പണം ലഭിക്കാത്തതിനെ തുടർന്നാണ് ജ്വല്ലറി ഉടമ കൊച്ചി സ്വദേശികളായ ഷർമിളക്കും രാജീവിനുമെതിരെ വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയത്. ജ്വല്ലറി ഉടമയുടെ സുഹൃത്തായ കൊച്ചിയിലെ ഒരു ഹോട്ടൽ ഉടമ വഴി സ്വർണം വാങ്ങിയത് കൊണ്ടാണ് ഇത്രയും വലിയ അളവിൽ സ്വർണം വിറ്റിട്ടും ചെക്ക് വാങ്ങിയതെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. തഞ്ചാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ഇന്നലെ വഞ്ചിയൂർ എസ്എച്ച്ഒ ഷാനിഫിൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സ്വർണ കടത്ത് ബന്ധം പുറത്തുവന്നത്. 

Latest Videos

വിമാനത്താവളം വഴി കടത്തികൊണ്ടുവരുന്ന സ്വർണം ക്യാരിയർമാരിൽ നിന്നും വാങ്ങി സ്വർണ കടത്ത് സംഘങ്ങള്‍ക്ക് കൈമാറുന്നവരാണ് ഇരുവരും. ഷർമിളക്കെതിരെ ഇ.ഡിയുടെ അന്വേഷണവുമുണ്ട്. കരുനാഗപ്പള്ളി, അങ്കമാലി, പെരുന്തൽമണ്ണ, ഹരിപ്പാട്, എന്നിവടങ്ങളിലും ഇവർക്ക് സ്വർണ തട്ടിപ്പ് കേസുണ്ട്. ഈ തട്ടിപ്പ് കേസുകളില്ലെല്ലാം പ്രതികള്‍ മുൻകൂർ ജാമ്യം നേടിയിരുന്നു. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്നും തട്ടിയ സ്വർണം എന്തു ചെയ്തുവെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിട്ടില്ല. രണ്ട് പ്രതികളെയും കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നവരായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കസ്റ്റഡയിൽ വാങ്ങി ചോദ്യം ചെയ്യും. ഇടപാടുകളില്ലെല്ലാം വലിയ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. തുടരന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. പ്രതികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കേന്ദ്ര ഏജൻസികള്‍ക്കും പൊലീസ് കൈമാറും.

READ MORE: അങ്കമാലിയിൽ ബാറിലുണ്ടായ അടിപിടിക്കിടെ യുവാവിനെ കുത്തിക്കൊന്ന കേസ്; എട്ട് പേർ കസ്റ്റഡിയിൽ

click me!