എന്താണ് സംഭവിച്ചതെന്നതിലെ പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടര്‍ നടപടി.
തിരുവനന്തപുരം : പാലക്കാട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയര്‍ന്ന കള്ളപ്പണ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് കളക്ടറോട് പ്രാഥമിക റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടര്‍ നടപടി.
ഇന്നലെ പുലര്‍ച്ചെയാണ് കെപിഎം ഹോട്ടലിൽ പൊലീസ് സംഘമെത്തി പരിശോധന നടത്തിയത്. പാതിരാത്രി 12 മണിയാണ് റെയ്ഡ് തുടങ്ങിയത്. കോൺഗ്രസ് വനിതാ നേതാക്കളടക്കം താമസിച്ച 12 മുറികളിൽ പൊലീസ് സംഘം പരിശോധന നടത്തി. പരാതി ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയിൽ പൊലീസിന്റെ ആദ്യ വിശദീകരണം. എന്നാൽ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിശദീകരിച്ച് പൊലീസ് മലക്കംമറിഞ്ഞു. ഒടുവിൽ മുറി പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നൽകിയാണ് പാലക്കാട്ടെ ഹോട്ടലിൽ നിന്നും പൊലീസ് മടങ്ങിയത്.
പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിൽ അർധരാത്രി പൊലീസ് പരിശോധന, പ്രതിഷേധം, സംഘർഷം
അതേ സമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.
അര്‍ദ്ധരാത്രിയില്‍ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തയതും. സെര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബി.എന്‍.എസ്.എസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.