ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരിയും റവയും; മേപ്പാടി പഞ്ചായത്തിൽ പ്രതിഷേധം

By Web Team  |  First Published Nov 7, 2024, 10:59 AM IST

ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത്‌ വിതരണം ചെയ്തതെന്നാണ് പരാതി. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.


വയനാട്: ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് പഞ്ചായത്ത്‌ വിതരണം ചെയ്തതെന്നാണ് പരാതി. അഞ്ച് ഭക്ഷ്യ കിറ്റുകളാണ് പുഴുവിനെ കണ്ടത്. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിലാണ് ആരോപണം ഉയര്‍ന്നത്.

അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും  ദുരന്ത ബാധിതർ ആരോപിക്കുന്നു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. കിറ്റുകൾ വിതരണം ചെയ്തത് ഉദ്യോഗസ്ഥർ ആണെന്ന് മേപ്പാടി പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ട് പ്രതികരിച്ചു. പഞ്ചായത്ത് സ്വന്തമായി കിറ്റുകൾ വിതരണം ചെയ്യുന്നില്ല. റവന്യൂ വകുപ്പില്‍ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നുമാണ് കിറ്റുകൾ കിട്ടിയതെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

Latest Videos

സംഭവത്തില്‍ ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതർ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഉപരോധിക്കുകയാണ്. പുഴുവരിച്ച അരി ഉൾപ്പെടെ പഞ്ചായത്തിന് മുന്നിലിട്ടാണ് പ്രതിഷേധം. പഞ്ചായത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു.

Also Read: വയനാട് ദുരന്തത്തിൽ പ്രത്യേക പാക്കേജ് തന്നെ വേണം; 700 കോടി കേന്ദ്രം നൽകിയെന്നത് തെറ്റായ പ്രചാരണമെന്നും കെ രാജൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!