അഖില നന്ദകുമാറിനെതിരായ പരാതിക്കാന്‍ സർക്കാർ അല്ല. കേരളത്തിലെ ഇപ്പോഴത്തെ കേസിന്റെ വിശദാംശങ്ങൾ അറിയില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
പാലക്കാട്: മാധ്യമ പ്രവർത്തകരെ ലക്ഷ്യമിടുന്നത് പാർട്ടിയുടേയോ ഇടത് സർക്കാരിന്‍റെയോ നയമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരളത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ പരാതിക്കാന്‍ സർക്കാർ അല്ല. കേരളത്തിലെ ഇപ്പോഴത്തെ കേസിന്റെ വിശദാംശങ്ങൾ അറിയില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി എന്നും നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ സിപിഎമ്മിന് കേന്ദ്രത്തിലും കേരളത്തിലും ഒരേ നിലപാടാണ് ഉള്ളത്. മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്തത് സർക്കാരിനെ വിമർശിച്ചതിന്‍റെ പേരിലല്ലെന്നും എസ്എഫ്ഐ നേതാവിന്‍റെ പരാതിയിലാണെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. ആരെയും വിമർശിച്ചതിന്‍റെ പേരിൽ മാത്രം സർക്കാർ കേസ് എടുക്കില്ലെന്നും അതിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടാവുമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.
Also Read: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലക്കെതിരായ കേസ്: ആർഷോയുടെ പരാതിയിൽ തെളിവ് കിട്ടാതെ പൊലീസ്
അതേസമയം, അഖില നന്ദകുമാറിനെതിരായ കള്ളക്കേസിൽ വ്യാപക പ്രതിഷേധമുയരുന്നതിനിടെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിൽ പൊലീസിന് തെളിവൊന്നും കിട്ടിയില്ല. മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചനയുണ്ടെന്ന പി എം ആർഷോയുടെ വാദത്തിൽ നിലവിൽ തെളിവുകളില്ലെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദം സാങ്കേതിക പ്രശ്നമാണെന്നും ആർഷോ മാത്രമല്ല പരീക്ഷയെഴുതാത്ത മറ്റ് ചില വിദ്യാർഥികൾക്കും സമാനഅനുഭവം ഉണ്ടായി എന്നുമാണ് പ്രിൻസിപ്പലിന്‍റെ മൊഴി. പരീക്ഷാ നടപടികളുടെ ഏത് ഘട്ടത്തിലാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്താനാണ് നിലവിൽ പൊലീസ് ശ്രമം.