സംസ്ഥാനത്ത് കൊവിഡ് ആശങ്ക അകലുന്നില്ല. 1251 പേര്‍ക്ക് കൂടി കൊവിഡ്. 814 പേർ ഇന്ന് രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 73 പേർ.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആശങ്ക അകലുന്നില്ല. ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. 814 പേർ ഇന്ന് രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 73 പേർ. വിദേശത്ത് നിന്ന് 77, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 94. ആരോഗ്യപ്രവർത്തകർ 18. അഞ്ച് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മാമ്പുറം ഇമ്പിച്ചിക്കോയ ഹാജി, കൂടാളിയിലെ സജിത്ത്, ഉച്ചകട സ്വദേശി ഗോപകുമാർ, എറണാകുളത്തെ പിജി ബാബു, ആലപ്പുഴ സുധീർ എന്നിവരാണ് മരിച്ചത്. അഞ്ച് ജില്ലകളിൽ നൂറിലേറെ രോഗികളുണ്ട്. തിരുവനന്തപുരം 289, കാസർകോട് 168, കോഴിക്കോട് 149, മലപ്പുറം 142,പാലക്കാട് 123. തിരുവനന്തപുരത്ത് 150 പേർ രോഗമുക്തി നേടി. 27608 സാമ്പിൾ 24 മണിക്കൂറിനിടെ പരിശോധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
undefined
മൂന്നാർ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലാണ് ഈ കാലവർത്തെ സംസ്ഥാനത്തെ ദുഖത്തിലാക്കിയത്. 30 മുറികളുള്ള നാല് ലയങ്ങൾ പൂർണ്ണമായി ഇല്ലാതായി. ആകെ 80ലേറെ പേർ താമസിച്ചിരുന്നു.ഇതിൽ 15 പേരെ രക്ഷിച്ചു. 15 പേർ മരിച്ചു. മറ്റുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. മരിച്ചവർ ഗാന്ധിരാജ്, ശിവകാമി, വിശാൽ, മുരുകൻ, രാമലക്ഷ്മി, മയിൽസാമി, കണ്ണൻ, അണ്ണാദുരൈ, രാജേശ്വരി, കൗസല്യ, തപസിയമ്മാൾ, സിന്ധു, നിതീഷ്, പനീർശെൽവം, ഗണേശൻ. ഇവരുടെ നിര്യാണത്തിൽ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം ആശ്വാസ ധനം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കും.
രാജമലയിൽ വൈദ്യുതിയും വാർത്താ വിനിമയ ബന്ധവും തടസപ്പെട്ടത് ദുരന്തം അറിയാൻ വൈകി. പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തകൻ എത്താൻ വൈകി. രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തുന്നുണ്ട്. കനത്ത മഴ മുന്നിൽ കണ്ട് ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റിനെ ഇടുക്കിയിൽ നിയോഗിച്ചു. വാഗമണ്ണിൽ കാർ ഒലിച്ചുപോയ സ്ഥലത്ത് എൻഡിആർഎഫ് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. രാവിലെയാണ് ഇവരെ രാജമലയിലേക്ക് അയച്ചത്. ഫയർഫോഴ്സ് പരിശീലനം നേടിയ 50 അംഗ ടീമിനെ എറണാകുളത്ത് നിന്ന് നിയോഗിച്ചു. ആകാശമാർഗം രക്ഷാ പ്രവർത്തനത്തിന് സാധ്യത തേടിയിരുന്നു. വ്യോമസേനയുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റർ സേവനം തേടി. മോശം കാലാവസ്ഥ തിരിച്ചടിയായി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനെ നിയമിച്ചു. മൃതദേഹം കൈമാറുന്നതിന് ക്രൈം ബ്രാഞ്ച് എസ്പി സുദർശനെ നിയോഗിച്ചു. വിവിധ ബറ്റാലിയൻ, മറ്റ് ജില്ലകളിൽ നിന്നും അധികമായി പൊലീസിനെ രാജമലയിലേക്ക് നിയോഗിച്ചു. എല്ലാ ജില്ലയിലും പൊലീസിന് ജാഗ്രത നിർദ്ദേശം നൽകി. അടിയന്തിര സാഹചര്യം നേരിടാൻ പൊലീസ് സുസജ്ജമാണ്. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ രാജമലയിലേക്ക് അയച്ചു. ഇടുക്കിയിൽ സൗകര്യങ്ങളൊരുക്കി. കരസേനയുടെയും നാവികസേനയുടെയും സഹായം തേടും.
47 വീടുകൾ തിരുവനന്തപുരത്ത് ഭാഗികമായി തകർന്നു. രണ്ട് വീട് പൂർണ്ണമായും തകർന്നു. കൊല്ലത്ത് 125 ലേറെ വീടുകൾ ഭാഗികമായും ഒരു വീട് പൂർണ്ണമായും തകർന്നു. കുന്നത്തൂരിൽ നാശം കൂടുതൽ. പമ്പ, മണിമല, അച്ചൻകോവിൽ എന്നിവയിലെ ജലനിരപ്പ് ഉയരുന്നു. അപകട മേഖലയിൽ കഴിയുന്നവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ജില്ലാ കളക്ട്രേറ്റിലും താലൂക്ക് ഓഫീസിലും കൺട്രോൾ റൂം ഒരുക്കി. കോട്ടയത്ത് നദികളിൽ ജലനിരപ്പ് ഉയർന്നു. എറണാകുളത്ത് തീരപ്രദേശങ്ങളിൽ കടലേറ്റം ശക്തം. കൊവിഡ് മാനദണ്ഡം പാലിച്ച് ക്യാംപുകൾ തുറന്നു. ചെല്ലാനത്ത് നീരൊഴുക്ക് സുഗമമാക്കാൻ ശ്രമം തുടങ്ങി. കടൽവെള്ളം കയറുന്ന മേഖലകളിൽ നിന്ന് ആളുകളെ ക്യാംപിലേക്ക് മാറ്റും. സൗദി പള്ളിയുടെ സമീപത്ത് വീടുകൾക്ക് നാശനഷ്ടമുണ്ടായി. പെരിയാറിന്റെ തീരത്ത് കഴിയുന്നവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിത്താമസിപ്പിച്ചു.
പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ സ്ലൂയിസ് ഗേറ്റ് തുറന്നു. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നത് ജനത്തെ ബാധിച്ചു. ജില്ലയിൽ മുഴുവൻ ഖനനവും നിരോധിച്ചു. മുളങ്കുന്നത്തുകാവിലെ പൂമല ഡാമിന്റെ നാല് ഷട്ടർ തുറന്നു. 22 അംഗ കേന്ദ്ര ദുരന്ത നിവാരണ പ്രതികരണ സംഘം പാലക്കാടെത്തി. ദുരന്ത ബാധിത മേഖലകൾ സംഘം സന്ദർശിച്ചു. മലപ്പുറത്ത് ചാലിയാർ കരകവിഞ്ഞു. നിലമ്പൂരിൽ വെള്ളം കയറി. വിവിധ താലൂക്കുകളിലായി എട്ട് ക്യാംപുകൾ തുറന്നു. കടൽക്ഷോഭം പൊന്നാനിയിൽ രൂക്ഷം. വയനാട്ടിൽ 58 ക്യാംപുകൾ തുറന്നു. 3165 പേരെ ക്യാംപിലേക്ക് മാറ്റി. 1268 പേർ ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. 477 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. മേപ്പാടി മുണ്ടക്കൈ മലയിൽ ഉരുൾപൊട്ടി രണ്ട് വീടും രണ്ട് പാലങ്ങളും തകർന്നു. കുടുങ്ങിയ 21 പേരെ രക്ഷിച്ചു. ഇവിടെ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ സംഘമെത്തി. മൂന്ന് ടീമുകളെ നാളെ തൃശ്ശൂർ, കോട്ടയം പത്തനംതിട്ട ജില്ലകളിൽ നിയോഗിക്കും. മണ്ണിടിച്ചിലിന് മുൻ ചരിത്രം ഇല്ലാത്ത സ്ഥലത്താണ് അപകടം നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മുൻ അനുഭവം കണക്കിലെടുത്താണ് മുന്നൊരുക്കം നടത്തിയത്. ക്യാംപ് നടത്തിപ്പടക്കം കൃത്യമായി പ്രോട്ടോക്കോൾ ഉണ്ടാക്കി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 ടീമിന് വേണ്ടി ചോദിച്ചു. നാല് ടീമിനെ ഒന്നാം ഘട്ടത്തിൽ ലഭിച്ചു. നാല് ജില്ലകളിൽ സേനയെ നിയോഗിച്ചു. കൂടുതൽ ടീമിനെ ലഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും താഴ്ന്ന പ്രദേശത്തും അപകട മേഖലയിലും കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കും.
തമിഴ്നാട്ടിൽ നീലഗിരി ജിലിയിലും സമീപ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കർണ്ണാടകയിലും വിവിധ ജില്ലകളിലും മഹാരാഷ്ട്രയിലും മഴ രൂക്ഷമാണ്. അന്തർ സംസ്ഥാന യാത്രകൾ ഒഴിവാക്കണം. കേരളത്തിൽ വിവിധ ഇടങ്ങളിൽ അതി തീവ്ര മഴ ലഭിക്കാൻ സാധ്യത ഉണ്ട്. നാളെ ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 204.5 മിമീ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അപകടസാധ്യത വർധിക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ജില്ലകളിലും പത്തനംതിട്ട കോട്ടയം ജില്ലകളിലും മലപ്പുറത്തെ കിഴക്കൻ മേഖലയിലും ദുരന്ത മേഖലയിൽ നിന്ന് ആളുകളെ ക്യാംപിലേക്ക് മാറ്റും. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കണം. വൈകീട്ട് ഏഴ് മുതൽ ഗതാഗതം നിരോധിക്കും. ജനം സഹകരിക്കണം. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്രമായ മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് 17 പ്രധാന അണക്കെട്ടുകൾ തുറന്നു.
ജലവിഭവ വകുപ്പിന്റെ അണക്കെട്ടുകൾ മുന്നറിയിപ്പ് പരിധിയിൽ ജലമെത്തും മുൻപ് തുറന്നു. നദികൾക്ക് ഇരുവശത്തും ചരിഞ്ഞ പ്രദേശത്തും താമസിക്കുന്നവർ ജാഗ്രത പുലർത്തണം. സർക്കാർ നിർദ്ദേശം അതേപടി പാലിക്കണം. ഓഗസ്റ്റ് 10 മുതൽ വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് നിബന്ധനകളോടെ അനുമതി. കൊല്ലത്ത് കണ്ടെയ്ൻമെന്റ് സോണിലെ കശുവണ്ടി ഫാക്ടറികൾക്ക് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാം.
നാമൊരു ഇരട്ട ദുരന്തം നേരിടുന്നു. കൊവിഡ് പ്രതിരോധവും കാലവർഷക്കെടുതിക്ക് എതിരായ പ്രവർത്തനവും വേണ്ടിവന്നു. അപകട സാധ്യത കൂടുതലാണ്. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് പ്രവചനം. വർധനയുടെ തോത് കുറയ്ക്കാനാണ് ശ്രമം. പ്രകൃതി ദുരന്ത നിവാരണത്തിന് വേണ്ട ഇടപെടലും ഊർജ്ജിതമായി മുന്നോട്ട് പോകുന്നു. പോരാട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണം. രാഷ്ട്രീയ ചിന്ത മാറ്റിവച്ച് എല്ലാവരും ഒന്നിച്ച് ദുർഘടഘട്ടത്തെ നേരിടണം. സംസ്ഥാനം പരിമിതമായ സാമ്പത്തിക വിഭവ ശേഷിയുള്ള ഒന്നാണ്. ലോകത്തിന് മാതൃകയായ നിരവധി നേട്ടം നമുക്കുണ്ടായിട്ടുണ്ട്. ജനത്തിന്റെ ശക്തമായ പങ്കാളിത്തം എല്ലാ തുറയിലും ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. ജനത്തിന്റെ പിന്തുണ കൊണ്ടാണ് കൊവിഡ് പ്രതിരോധത്തിൽ ലോകത്തിന്റെ അഭിനന്ദനം നേടിയത്.
സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിന് കൈത്താങ്ങാകാൻ സമൂഹം മുന്നിട്ടിറങ്ങി. ഡിവൈഎഫ്ഐയുടെ റീസൈക്കിൾ കേരള പ്രവർത്തനം ആവേശകരമായ ഈ പ്രവർത്തനത്തിന് ഉദാഹരണമാണ്. വിവിധ വഴികളിലൂടെ ശേഖരിച്ച 10,95,86,237 രൂപയാണ് ഇത്തരത്തിൽ നൽകിയത്. ഇത് ലോകത്തിന് തന്നെ മാതൃക തീർത്ത പ്രവർത്തനമാണ്. യുവാക്കളാണ് ഏത് സമൂഹത്തിന്റെയും നട്ടെല്ല്. അത് ശക്തമാണെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടക്കാനാവും. ഡിവൈഎഫ്ഐയെ അഭിനന്ദിക്കുന്നു. ഇടുക്കി, വയനാട് ജില്ലകളിൽ അതിതീവ്ര മഴ പെയ്യുന്നു. പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്ക സൃഷ്ടിക്കുന്നില്ല.
സംഭരണ ശേഷി കുറഞ്ഞ അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. മഴയോടൊപ്പം കടുത്ത കാറ്റുമുണ്ട്. മരങ്ങൾ കടപുഴകി വീഴാൻ കാരണമാകുന്നു. വൈദ്യുതി ലൈനുകൾക്കും വലിയ നാശനഷ്ടം ഉണ്ടായി. രാപ്പകലില്ലാതെ ജീവനക്കാർ അധ്വാനിക്കുന്നു. ജനത്തിന്റെ സഹകരണം എല്ലാ കാര്യത്തിലും വേണം. രാജമലയിൽ നിന്ന് കിട്ടുന്ന വിവരം അനുസരിച്ച് രാത്രിയും രക്ഷാപ്രവർത്തനം തുടരും. ദുരന്ത സാധ്യത മുന്നിൽ കണ്ട് പ്രവർത്തിച്ചു. അപ്രതീക്ഷിത ദുരന്തമാണ് സംഭവിച്ചത്. സംസ്ഥാനത്തിന്റെ ഹെലികോപ്റ്ററും ഉപയോഗിക്കാൻ ശ്രമിച്ചു. എന്നാൽ രാജമലയിലെ കാലാവസ്ഥ അതിന് പറക്കാൻ കഴിയാത്തതായിരുന്നു. നമ്മുടെ വ്യോമസേനയെ സമീപിച്ചത്, മുൻ വർഷങ്ങളിൽ അവരുടെ വലിയ സേവനം ലഭിച്ചു. അവരുടെ സഹായം തേടിയത് സ്വാഭാവിക പ്രക്രിയയാണ്. അവർക്കും കാലാവസ്ഥയുടെ പ്രത്യേകത കൊണ്ട് എത്താനായില്ല. അപകട സാധ്യതയുള്ള സ്ഥലങ്ങൾ നേരത്തെ കണ്ടെത്തി. ഇവിടങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഈ സ്ഥലം അപകടസാധ്യതയുള്ള സ്ഥലമായിരുന്നില്ല. പ്രതീക്ഷിക്കാത്ത ദുരന്തമാണ്. ലയങ്ങളുടെ കാര്യത്തിൽ കൂടുതൽ മുൻകരുതൽ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഇരട്ട ദുരന്തം ഉണ്ടാകുന്നത് പ്രതിസന്ധിയാണ്. നേരിടാനാവും. ജനം നല്ല രീതിയിൽ സഹകരിക്കും.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ് എൻഐഎ അന്വേഷിക്കുന്നുണ്ട്. അത് കൃത്യമായി നടക്കട്ടെ. എവിടെയൊക്കെയാണോ അവർക്ക് പോകേണ്ടത്. അവർ അവരുടെ ഭാഗമായിട്ട് കാര്യം പറയുന്നുണ്ട്. അതിൽ ഏതാണ് ശരിയാണെന്ന് ഇപ്പോൾ വ്യക്തമാകുന്നുണ്ട്. എൻഐഎ പറഞ്ഞതാണോ മാധ്യമം പറഞ്ഞതാണോ എന്ന് പരിശോധിക്കണം. എൻഐഎ പറഞ്ഞതിനപ്പുറം മാനം ചാർത്താൻ ചിലർ ശ്രമിച്ചു. എൻഐഎ പറഞ്ഞത് എൻഐഎ പറഞ്ഞത് തന്നെ.