ഹോട്ടൽ മുറിയിലെ റെയ്ഡിന് പിന്നാലെ പാർട്ടി ഒറ്റക്കെട്ടായെന്ന് നേതൃത്വത്തിന്റെ വിലയിരുത്തൽ.
പാലക്കാട് : പാലക്കാട്ട് സിപിഎം-ബിജെപി ഡീൽ ആരോപണം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഹോട്ടൽ മുറികളിൽ പൊലീസ് പാതിരാത്രിയെത്തി നടത്തിയ റെയ്ഡിന്റെ സമയത്ത് ബിജെപി, സിപിഎം നേതാക്കൾ ഒരുമിച്ച് നിന്നത് തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനാണ് നീക്കം. ഹോട്ടൽ മുറിയിലെ റെയ്ഡിന് പിന്നാലെ പാർട്ടി ഒറ്റക്കെട്ടായെന്ന് നേതൃത്വത്തിന്റെ വിലയിരുത്തൽ. ബിജെപിയെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴൽപ്പണ കേസിൽ പുതിയ വെളിപ്പെടിത്തലുകളുണ്ടായിട്ടും അനങ്ങാതിരുന്ന പൊലീസ്, കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെത്തിയത് തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കും. പാലക്കാട്ട് ബിജെപി, സിപിഎം ഡീൽ എന്നത് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണത്തിൽ ഉടനീളം ഉയർത്തിക്കാട്ടും.
ഹീനമായ രാഷ്ട്രീയ നാടകം
കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഹീനമായ രാഷ്ട്രീയ നാടകമാണ് പാലക്കാട്ടെ ഹോട്ടലിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊടകരയിൽ കുടുങ്ങിയ ബിജെപിയെ ബാലൻസ് ചെയ്യിക്കാൻ സിപിഎം തയ്യാറാക്കിയ തിരക്കഥയായിരുന്നു റെയ്ഡ്. പൊലീസ് കൈവശം വെക്കേണ്ട സിസിടിവി ദൃശ്യങ്ങൾ സിപിഎം മാധ്യമങ്ങൾക്ക് നൽകി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉദ്യോഗസ്ഥരില്ലാതെയാണോ പൊലീസ് റെയ്ഡിന് വരികയെന്ന് ചോദിച്ച സതീശൻ ഈ സംഭവത്തോടെ യുഡിഎഫിൻ്റെ ഭൂരിപക്ഷം കൂടുമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.