തലയോട്ടിയിൽ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയിൽ ഉള്ള ജമാലുദ്ദീൻ അഗത്തി രാജീവ്ഗാന്ധി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കവരത്തി: ലക്ഷദ്വീപിൽ (Lakshadweep) ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊച്ചിയിലെ (kochi) ആശുപത്രിയിലേക്ക് മാറ്റാൻ വൈകുന്നതായി പരാതി. അഗത്തി സ്വദേശിയായ 54 കാരൻ ജമാലുദ്ദീൻ തലയോട്ടിയിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണ്. എന്നാൽ പ്രത്യേക എയർ ആംബുലൻസ് എത്താൻ വൈകിയെന്നാണ് ബന്ധുക്കളുടെ പരാതി.
തലയോട്ടിയിൽ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയിൽ ഉള്ള ജമാലുദ്ദീൻ അഗത്തി രാജീവ്ഗാന്ധി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജീവൻ രക്ഷിക്കാന്‍ കൊച്ചിയിൽ എത്തിച്ച് മികച്ച ചികിത്സ കിട്ടേണ്ടതുണ്ടെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ജമാലുദ്ദീനെ കേരളത്തിലേക്ക് എത്തിക്കാനുള്ള നീക്കം ബന്ധുക്കൾ തുടങ്ങിയത്. എന്നാൽ മോശം കാലാവസ്ഥയാണെന്ന കാരണം പറഞ്ഞ് കഴിഞ്ഞ ദിവസം ഹെലികോപ്ടര്‍ എത്തിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇന്ന് ആബുലൻസ് എത്തിയെങ്കിലും സമയം വൈകിയതിനാൽ നാളെയേ പോകാനാവു എന്ന് അധികൃതർ അറിയിക്കുകയും ചെയ്തു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ കവരത്തി ദ്വീപ് സന്ദർശനത്തിന് പോയതിനാലാണ് ഇന്ന് ഹെലികോപ്ടര്‍ വൈകിയതെന്ന് ലക്ഷദ്വീപ് എംപി പറഞ്ഞു. സാധാരണ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഉണ്ടെങ്കിൽ അഡ്മിനിസ്ട്രേറ്റര്‍മാര്‍ മറ്റെല്ലാം മാറ്റിവച്ച് രോഗികളെ കൊണ്ട് പോകാനാവശ്യമായ സഹായം ചെയ്യണമെന്നും എംപി പറഞ്ഞു. എത്രയും പെട്ടെന്ന് ജമാലുദ്ദീനെ കേരളത്തിലെത്തിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.