ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രാഥമികാന്വേഷണം തുടങ്ങി പൊലീസ്. അന്വേഷണത്തിന്‍റെ ഭാഗമായി എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും
തിരുവനന്തപുരം/കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രാഥമികാന്വേഷണം തുടങ്ങി പൊലീസ്.അന്വേഷണത്തിന്‍റെ ഭാഗമായി എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും. സ്ഥാപനത്തിന്‍റെ ഓണ്‍ലൈന്‍ ക്ലാസുകളിലെ അശ്ലീല പരാമര്‍ശങ്ങളിലും പരിശോധന ആരംഭിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ചചെയ്യാന്‍ വിദ്യാഭ്യാസമന്ത്രിവിളിച്ച യോഗം ഇന്ന് നടക്കും. ചോദ്യം ചോരാൻ ഇടയായ സാഹചര്യം ചർച്ച ചെയ്യും. ഇനി പരീക്ഷ നടത്തിപ്പ് കൂടുതൽ കാര്യക്ഷമം ആക്കാൻ ഉള്ള നടപടി യോഗം തീരുമാനിക്കും. സർക്കാർ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിർത്താൻ കർശന നടപടികൾക്കും തീരുമാനം ഉണ്ടാകും.
ചോദ്യപേപ്പർ ചോർച്ചയിൽ കെ എസ് യു കോഴിക്കോട് റൂറൽ എസ് പി ക്ക് നൽകിയ പരാതിയിലാണ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. എം എസ് സൊല്യൂഷൻസ് യു ട്യൂബ് ചാനലിന്‍റെ വീഡിയോ പരിശോധിച്ചശേഷമായിരിക്കും സ്ഥാപനത്തിലേ അധ്യാപകരുടെയും ഡയറക്ടർമാരുടെയും മൊഴി എടുക്കുക. വിദ്യാഭ്യാസ വകുപ്പ് ഡി ജി പി ക്കു കൈമാറിയ പരാതിയിൽ പൊലീസ് ഇന്ന് തുടർനടപടികളിലേക്ക് കടക്കും.
എം എസ് സൊല്യൂഷന്‍സിന്‍റെ ഓൺലൈൻ ക്ലാസ്സുകളിലെ അശ്ലീല പരാമർശങ്ങൾ സംബന്ധിച്ച പരാതിയിൽ കൊടുവള്ളി പൊലീസ് പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്. എ ഐ വൈ എഫ് ആണ് അശ്ലീല ഉള്ളടക്കം സംബന്ധിച്ച പരാതി പൊലീസിന് നൽകിയത്. അതേസമയം, യു ട്യൂബ് ചാനലിന്‍റെ പ്രവർത്തനം നിർത്തുന്നതായി എം എസ് സൊല്യൂഷൻസ് സി ഇ ഒ ഷുഹൈബ് വ്യക്തമാക്കിയിട്ടുണ്ട്. യു ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ചോദ്യപേപ്പർ ചോർച്ച ആരോപണം; എംഎസ് സൊലൂഷൻസ് യൂട്യൂബ് ചാനൽ നിർത്തി, 'സത്യം തെളിയും വരെ വീഡിയോകൾ ചെയ്യില്ല'