പി.ആർ ഏജൻസി വിവാദത്തിൽ ദ ഹിന്ദുവിന്റെ വിശദീകരണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി; മുന്നണിയിൽ അതൃപ്തി

By KG KamaleshFirst Published Oct 3, 2024, 8:01 AM IST
Highlights

രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. പി.ആർ ഏജൻസിയും ദ ഹിന്ദുവിന്റെ വിശദീകരണം നിഷേധിച്ചിട്ടില്ല.

തിരുവനന്തപുരം: പി.ആർ ഏജൻസി വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കാത്തത്തിൽ ഇടതു മുന്നണിയിലെ ഘടക കക്ഷികൾക്ക് അതൃപ്തി. മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം നൽകിയ വിശദീകരണം പുറത്തുവന്ന് രണ്ട് ദിവസമായിട്ടും തള്ളാത്തത് സംശയങ്ങൾ കൂട്ടുന്നു എന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഓഫീസും മൗനം തുടരുകയാണ്.  ഇന്ന് ചേരുന്ന സിപിഐ എക്സ്യൂട്ടീവ് യോഗം പി.ആർ ഏജൻസി വിവാദവും ചർച്ച ചെയ്യും. സിപിഎം സെക്രട്ടേറിയറ്റ് യോഗവും ഇന്ന് നടക്കുന്നുണ്ട്. 

മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമർശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം ഇക്കാര്യത്തിൽ വിശദീകരണം നൽകി രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. പി.ആർ ഏജൻസിയും ദ ഹിന്ദുവിന്റെ വിശദീകരണം നിഷേധിച്ചിട്ടില്ല. പത്രത്തിന്റെ വിശദീകരണം തള്ളിപ്പറയാൻ തയ്യാറാവാത്തതിൽ സിപിഐ ഉൾപ്പെടെ മുന്നണിയിലെ ഘടക കക്ഷികൾക്ക് അതൃപ്തിയുണ്ട്. എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റാത്തതും പൂരം കലക്കലിലും ഉൾപ്പെടെ പല വിഷയങ്ങളിലും നേരത്തെ തന്നെ സിപിഐ അതൃപ്തിയിലാണ്. വലിയ വിവാദമുണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് ഈ വിവാദങ്ങളുടെ വ്യാപ്തി കൂട്ടുന്നുവെന്ന നിലപാടാണ് സിപിഐക്ക്.

Latest Videos

ഇന്ന് തലസ്ഥാനത്ത് ചേരുന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ പി.ആർ ഏജൻസി വിവാദം ചർച്ചയാവും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇന്ന് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലെങ്കിലും മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കുമോ പാർട്ടിയുടെ വിശദീകരണം ഉൾപ്പെടുത്തിക്കൊണ്ടുള്ള വാർത്താകുറിപ്പുണ്ടാകുമോ എന്നതും അറിയേണ്ടതുണ്ട്. നാളെ മുതൽ നിയമസഭാ സമ്മേളനവും ആരംഭിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!