അൻവറിന്റെ സീറ്റ് മാറ്റും; ഇരുപക്ഷവും തമ്മിൽ ഏറ്റുമുട്ടലിന് സാധ്യത, വിവാദങ്ങൾക്കിടെ നാളെ മുതൽ നിയമസഭാ സമ്മളനം

By Web TeamFirst Published Oct 3, 2024, 6:43 AM IST
Highlights

പാർലമെൻററി പാർട്ടിയിൽ നിന്ന് അൻവറിനെ പുറത്താക്കിക്കൊണ്ടുള്ള കത്ത് ഉടൻ സിപിഎം സ്പീക്കർക്ക് നൽകും. അൻവർ വിവാദത്തിന് പുറമെ പൂരം കലക്കലും മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പിആർ ഏജൻസി ഇടപെടലുമെല്ലാം പ്രതിപക്ഷത്തിനുള്ള മികച്ച ആയുധങ്ങളാണ്.
 

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദ വിഷയങ്ങൾ ഒന്നൊന്നായി കത്തിപ്പടരുന്നതിനിടെ നാളെ മുതൽ നിയമസഭാ സമ്മേളനം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന പിവി അൻവറും ഭരണപക്ഷവും തമ്മിലെ ഏറ്റുമുട്ടലാകും സഭയിലെ മുഖ്യ ആകർഷണം. പാർലമെൻററി പാർട്ടിയിൽ നിന്ന് അൻവറിനെ പുറത്താക്കിക്കൊണ്ടുള്ള കത്ത് ഉടൻ സിപിഎം സ്പീക്കർക്ക് നൽകും. അൻവർ വിവാദത്തിന് പുറമെ പൂരം കലക്കലും മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പിആർ ഏജൻസി ഇടപെടലുമെല്ലാം പ്രതിപക്ഷത്തിനുള്ള മികച്ച ആയുധങ്ങളാണ്.

ഭരണപക്ഷത്തിൻറെ ചാവേറായിരുന്ന ആൾ മുഖ്യശത്രുവാകുന്ന രാഷ്ട്രീയക്കാഴ്ചക്കാകും ഇനി സഭാതലം സാക്ഷിയാകുക. മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ വെല്ലുവിളി അൻവർ സഭയിലും തുടരുമെന്നുറപ്പാണ്. അൻവറിനെ സഭക്കുള്ളിലും ശക്തമായി പ്രതിരോധിക്കാനാണ് ഭരണപക്ഷതീരുമാനം. പാർലമെൻററി പാർട്ടിയിൽ നിന്ന് സഭ തുടങ്ങും മുമ്പ് അൻവറിനെ മാറ്റാനാണ് നീക്കം. സ്പീക്കർക്ക് കൊടുക്കുന്ന കത്തിൻറെ അടിസ്ഥാനത്തിൽ സിപിഎം ബ്ലോക്കിൽ നിന്ന് അൻവറിൻറെ സീറ്റ് മാറും. ഭരണപക്ഷത്തിൻറെ അവസാനനിരയിൽ പ്രതിപക്ഷത്തിൻറെ അടുത്തായിരിക്കും ഇരിപ്പിടം.

Latest Videos

അടുത്തേക്കെത്തുന്ന അൻവറിൻറെ പറച്ചിലിലാണ് പ്രതിപക്ഷത്തിൻറെ വലിയ പ്രതീക്ഷ. അൻവർ ഉന്നയിച്ച വിവാദങ്ങളിൽ തന്നെയാകും ആദ്യ അടിയന്തിരപ്രമേയനോട്ടീസ്. മലപ്പുറം പരാമർശം, പിആർ ബന്ധം എഡിജിപക്കുള്ള സംരക്ഷണം. ആർഎസ്എസ് കൂടിക്കാഴ്ച അടക്കം മുഖ്യമന്ത്രിക്കെതിരെ തന്നെ പ്രതിപക്ഷ നിരക്ക് ഇഷ്ടം പോലെ വിഷയങ്ങൾ. അൻവറിനെ കൂടി തള്ളിക്കൊണ്ടുള്ള ശക്തമായ പിണറായിയുടെ മറുപടിക്കും സഭാ സാക്ഷിയാകും. ആർഎസ്എസ് കൂടിക്കാഴ്ചയിലും പൂരം കലക്കലിലും കടുത്ത അതൃപ്തിയുള്ള സിപിഐ നിലപാടും പ്രധാനമാണ്. സഭ ചേരും മുമ്പ് അജിത് കുമാറിനെ മാറ്റാതെ പറ്റില്ലെന്ന ഉറച്ച സമീപനത്തിലാണ് സിപിഐ. 18 വരെയാണ് സമ്മേളനം. 

 തൃശ്ശൂർ പൂരം കലക്കൽ; മറ്റൊരു അന്വേഷണവും ഉണ്ടാകും, എംആർ അജിത്കുമാർ തുടരുമോ എന്നതിൽ തീരുമാനം ഇന്ന്

https://www.youtube.com/watch?v=Ko18SgceYX8


 

click me!