''ഞങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങൾക്ക് മാത്രേ അറിയത്തുള്ളൂ. ഇനി എന്ത് ചെയ്യണമെന്ന് പോലും ഞങ്ങൾക്കറിയത്തില്ല'', എന്ന് സൈമൺ 2018-ൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
കൊല്ലം: ഒരു കാലത്ത് കേരളത്തിന്‍റെ അഭിമാനമായിരുന്ന കശുവണ്ടി വ്യവസായം തകർന്നടിയുകയാണിന്ന്. താഴ് വീണ കശുവണ്ടി ഫാക്ടറികളിൽ നിന്ന് വരുന്ന ആത്മഹത്യകളുടെ കഥകളും പുതുതല്ല. 2018-ൽ ബാങ്കുകളുമായി ചർച്ച ചെയ്ത് കശുവണ്ടി വ്യവസായികൾക്ക് സർക്കാർ മൊറട്ടോറിയം വാങ്ങി നൽകിയിരുന്നെങ്കിലും, പ്രതിസന്ധിയെ മറികടന്ന് മുന്നോട്ട് പോകാൻ ഒരു മാർഗവുമില്ലാതെ വഴി മുട്ടി നിൽപ്പായിരുന്നു ഇവർ. സർഫാസി നിയമപ്രകാരമാണ് ഇവരുടെ സ്വത്തുവകകൾ ജപ്തി ചെയ്യാൻ ബാങ്കുകൾ ഒരുങ്ങിയിരുന്നത്. ഇതിന് പിന്നാലെ കൊവിഡ് ബാധയും ലോക്ക്ഡൗണും കൂടി വന്നതോടെ, ദുരിതക്കടലിലായി പല ഫാക്ടറി ഉടമകളും.
ഇവരുടെ ദുരിതം പണ്ട് ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത ഒരു റിപ്പോർട്ട് വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്. അന്ന് കേന്ദ്ര, സംസ്ഥാനസർക്കാരുകളിലും ബാങ്കേഴ്സ് സമിതിയിലും മാത്രം പ്രതീക്ഷയർപ്പിച്ച് കാത്തിരുന്ന ഒരു കൂട്ടം വ്യവസായികളിൽ ഒരാളായിരുന്നു ഇന്ന് ആത്മഹത്യ ചെയ്ത സൈമൺ എന്ന ചെറുപ്പക്കാരൻ.
undefined
അന്ന് തൊണ്ടയിടറി സൈമൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതിങ്ങനെ, ''ബാങ്കുകളുമായി സംസാരിച്ച് ഒരു പരിഹാരമുണ്ടാക്കാമെന്നാണ് സർക്കാർ പറയുന്നത്. പക്ഷേ, ബാങ്കുകളോട് സംസാരിക്കുമ്പോൾ അവരൊന്നും ചെയ്യാൻ പറ്റില്ലെന്ന് കൈ മലർത്തുവാണ്. ''ഞങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങൾക്ക് മാത്രേ അറിയത്തുള്ളൂ. ഇനി എന്ത് ചെയ്യണമെന്ന് പോലും ഞങ്ങൾക്കറിയത്തില്ല''.
ആ പ്രശ്നങ്ങൾക്ക് ഇന്നും പരിഹാരമായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് തുടരുന്ന ഈ ആത്മഹത്യകൾ. കൊല്ലത്ത് നല്ലിലയിൽ ഇന്ന് രാവിലെയാണ് സൈമണിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. ഫാക്ടറി ജപ്തി ഭീഷണി നേരിട്ടിരുന്നു എന്ന് സൈമണിന്‍റെ അച്ഛൻ മാത്യു പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്നു. താമസിക്കുന്ന വിടും ഫാക്ടറിയും പണയം വച്ചാണ് ലോൺ എടുത്തത്. വീട് നഷ്ടപ്പെടുമെന്നും സൈമൺ ഭയന്നിരുന്നുവെന്ന് മാത്യു പറയുന്നു.
എന്താണ് കശുവണ്ടി വ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധി?
തോട്ടണ്ടിയുടെ ലഭ്യതക്കുറവും വര്‍ദ്ദിച്ച കൂലിയും കാരണം സംസ്ഥാനത്ത് ആകെയുള്ള 864 സ്വകാര്യ കശുവണ്ടി ഫാക്ടറികളില്‍ 775 എണ്ണവും പ്രവര്‍ത്തിക്കുന്നില്ല. വൻ തുക ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത വ്യവസായികള്‍ക്ക് അത് തിരിച്ച് അടയ്ക്കാനും ആകുന്നില്ല. കശുവണ്ടി മേഖലയിലെ ഈ പ്രതിസന്ധി കണക്കിലെടുത്ത് 2018-ൽ ബാങ്കുകളുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. 250 ചെറുകിട വ്യവസായികള്‍ ഇതുവരെയും വായ്പ തുക അടച്ച് തീര്‍ത്തിട്ടില്ലെന്നാണ് കണക്ക്.
സര്‍ഫാസി നിയമപ്രകാരം 10 കോടി ആസ്തിയുള്ള വസ്തുവകകള്‍ക്ക് വെറും 3 കോടി രൂപയാണ് ബാങ്കുകള്‍ വില നിശ്ചയിക്കുക. നോട്ടീസ് നല്‍കാതെ ജപ്തി നടപടിയിലേക്കും കടക്കാം. ഇതെല്ലാം ഫാക്ടറിയുടമകളുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരുന്നു. ഇത് തന്നെയാകാം സൈമണിനെയും ഭീതിയിലാഴ്ത്തിയത്.
മാനസികസമ്മർദ്ദം താങ്ങാനാകാതെയാണ് സൈമൺ ആത്മഹത്യ ചെയ്തതെന്ന് അച്ഛനടക്കം പറയുമ്പോൾ, കൊവിഡാനന്തരകാലത്ത് നമ്മുടെ നാട്ടിലെ ഇത്തരം ചെറുകിട വ്യവസായങ്ങളുടെ നിലനിൽപ്പിനെക്കുറിച്ച് തന്നെയാണ് ചോദ്യം ഉയരുന്നത്. സർക്കാർ അടിയന്തരമായി ഇടപെടേണ്ടതും അതുകൊണ്ടുതന്നെ.
സെപ്റ്റംബർ 27, 2018-ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോർട്ട് ഇതാണ്: