പാലക്കാട് ബിജെപിയുടെ രക്ഷാധികാരിയായത് വി.ഡി സതീശനെന്ന് മന്ത്രി റിയാസ്; "നാണക്കേടിൽ നിന്ന് കൈപിടിച്ചുയർത്തി"

By Web Team  |  First Published Nov 25, 2024, 12:27 PM IST

ബിജെപിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്ന വോട്ടുകൾ വി.ഡി സതീശന്റെ പ്രസ്താവന വഴി അവർക്ക് ലഭിച്ചുവെന്ന് റിയാസ്


തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ രക്ഷാധികാരി ആയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന വിമർശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന പ്രതിപക്ഷ നേതാവിന്റെ  പ്രസ്താവനയാണ് ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചതെന്നും ബിജെപിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്ന വോട്ടുകൾ സതീശന്റെ പ്രസ്താവന വഴി അവർക്ക് ലഭിച്ചുവെന്നും റിയാസ് പറ‌ഞ്ഞു. അല്ലായിരുന്നെങ്കിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

"നാണക്കേടിൽ നിന്നും ബിജെപിയെ കൈപിടിച്ച് രക്ഷപ്പെടുത്തിയത് പ്രതിപക്ഷ നേതാവാണ്. ബിജെപിക്ക് ഓക്സിജൻ നൽകുകയായിരുന്നു അദ്ദേഹം. ഒരേസമയം ഇരു മത വർഗീയതകളെയും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യുഡിഎഫ് ശക്തിപ്പെടുത്തിയെന്നും" റിയാസ് ആരോപിച്ചു. അതേസമയം തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ ബിജെപിയിൽ കടുത്ത ആഭ്യന്തരപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും റിയാസ് പറഞ്ഞു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!