ജിഫ്രി തങ്ങളെ വിമർശിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പിഎംഎ സലാം; "മുഖ്യമന്ത്രി കളിക്കുന്നത് വൃത്തികെട്ട വർഗീയത"

By Web Team  |  First Published Nov 25, 2024, 12:51 PM IST

തന്റെ വാക്ക് മാധ്യമങ്ങളാണ് വളച്ചൊടിച്ചതെന്നും താൻ ഉദ്ദേശിച്ചത് പിണറായി വിജയനെ ആണെന്നും അദ്ദേഹം ഇന്നും പിഎംഎ സലാം ആവർത്തിച്ചു


മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ വിമർശിച്ചിട്ടില്ലെന്നു ആവർത്തിച്ച്  മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തന്റെ വാക്ക് മാധ്യമങ്ങളാണ് വളച്ചൊടിച്ചതെന്നും താൻ ഉദ്ദേശിച്ചത് പിണറായി വിജയനെ ആണെന്നും അദ്ദേഹം ഇന്നും ആവർത്തിച്ചു. കുഞ്ഞാലിക്കുട്ടിയുടെ നിലപാടാണ് തനിക്കുമുള്ളതെന്നും ഒരു ആശയകുഴപ്പവും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ യുഡിഎഫ് ജയത്തിന് പിന്നാലെ കുവൈത്തിൽ പിഎംഎ സലാം നടത്തിയ പരാമർശമാണ് വിവാദമായത്. സാദിഖലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജയിച്ചപ്പോൾ മറ്റൊരു നേതാവ് അനുഗ്രഹിച്ച ഡോ. പി. സരിൻ മൂന്നാമതായെന്നും മുസ്ലിം സമുദായം ആർക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമായെന്നുമായിരുന്നു പരാമർശം. പരാമർശത്തിന് പിന്നാലെ സലാമിനെതിരെ സംയുക്ത പ്രസ്താവനയുമായി സമസ്ത നേതാക്കൾ രംഗത്തെത്തുകയായിരുന്നു.

Latest Videos

undefined

സമസ്തയുടെ പണ്ഡിതരെ അപമാനിക്കാൻ സലഫി ആശയക്കാരനായ പി.എം.എ സലാം മുസ്ലിം ലീഗിനെ മറയാക്കുന്നെന്നും ഇത്തരം ശ്രമങ്ങളെ ചെറുത്തുതോൽപിക്കുമെന്നുമായിരുന്നു പ്രസ്താവന. ഇതോടെയാണ് താൻ ഉദ്ദേശിച്ചത് ജിഫ്രി മുത്തുക്കോയ തങ്ങളെയല്ലെന്നും പിണറായി വിജയനെ ആണെന്നും കഴിഞ്ഞ ദിവസം പിഎംഎ സലാം വിശദീകരിച്ചത്. ഇന്ന് അതേ വിശദീകരണം ആവർത്തിച്ചു.

സമസ്ത നേതാക്കളുടെ വിമർശനത്തെ കുറിച് പ്രതികരിക്കാനില്ലെന്നും സുപ്രഭാതം പത്രത്തിൽ പരസ്യം വന്നതിൽ അഭിപ്രായം പറയേണ്ടത് താൻ അല്ലെന്നും പിഎംഎ സലാം പറഞ്ഞു. ലീഗിനെതിരായ വിമർശനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ കളിക്കുന്നത് വൃത്തികെട്ട വർഗീയതയാണെന്നും സ്വന്തം കാലിലെ മന്ത് മറച്ചുവെയ്ക്കാനാണ് ലീഗിനെ പിണറായി വിജയൻ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!