Bus Charge Hike : ബസ്, ഓട്ടോ, ടാക്സി ചാർജ് നാളെ മുതല്‍ കൂടില്ല; സർക്കാർ ഉത്തരവ് ഒരാഴ്ച കഴിഞ്ഞ്

By Web Team  |  First Published Mar 31, 2022, 10:37 PM IST

ഓർഡിനറി ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളുടെ ഫയർ സ്റ്റേജുകൾ പ്രത്യേകം നിശ്ചയിക്കണം. ഇടതുമുന്നണി അംഗീകരിച്ച നിരക്ക് വർധന അനുസരിച്ച് വകുപ്പ് ഫെയർ സ്റ്റേജ് നിശ്ചയിക്കാൻ ഒരാഴ്ച എടുക്കുമെന്നാണ് സൂചന.


തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്സി വാഹനങ്ങളുടെ പുതിയ നിരക്ക് വര്‍ധന നാളെ മുതൽ നിലവില്‍ വരില്ല. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങാൻ ഒരാഴ്ചയാകും. ഫെയർ സ്റ്റേജ് ഉൾപ്പടെ നിശ്ചയിക്കണം. ഇതിന് ശേഷമെ ഉത്തരവിറങ്ങൂവെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഓർഡിനറി ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളുടെ ഫയർ സ്റ്റേജുകൾ പ്രത്യേകം നിശ്ചയിക്കണം. ഇടതുമുന്നണി അംഗീകരിച്ച നിരക്ക് വർധന അനുസരിച്ച് വകുപ്പ് ഫെയർ സ്റ്റേജ് നിശ്ചയിക്കാൻ ഒരാഴ്ച എടുക്കുമെന്നാണ് സൂചന.

മിനിമം ബസ് യാത്രാ നിരക്ക് നിലവിലെ എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായാണ് ഉയർത്തുന്നത്. മിനിമം ചാർജിന്റെ ദൂരം കഴിഞ്ഞാൽ കിലോ മീറ്ററിന് ഒരു രൂപ വീതം കൂടും. വിദ്യാർത്ഥികളുടെ നിരക്ക് ഉയർത്തണമെന്ന ബസുടമകളുടെ ആവശ്യം ശക്തമാണെന്നും, ഇത് അന്യായമെന്നും ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം പരിശോധിക്കാൻ കമ്മീഷനെ വയ്ക്കാനാണ് എൽഡിഎഫ് യോഗത്തിൽ ഉണ്ടായ തീരുമാനം. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും.

Latest Videos

undefined

ഓട്ടോ ചാർജ് രണ്ട് കിലോമീറ്ററിന്  30 രൂപ വരെയാവും. കിലോമീറ്ററിന് 12 രൂപയിൽ നിന്ന് 15 രൂപയായി നിരക്ക് ഉയർത്തും. ടാക്സി നിരക്ക് 1500 സി സിക്ക് താഴെയുള്ള കാറുകൾ മിനിമം നിരക്ക് 200 രൂപയും 1500 സിസിക്ക് മുകളിൽ 225 രൂപയുമായിരിക്കും. പുതുക്കിയ യാത്രനിരക്ക് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് ഉടനെ ഇറക്കുമെന്നും ഇതോടെ പുതുക്കിയ യാത്രാനിരക്കുകൾ നിലവിൽ വരുമെന്നും ഗതാഗത മന്ത്രി പറഞ്ഞിരുന്നു.

വെയിറ്റിംഗ് ചാർജ്, രാത്രി യാത്രാ എന്നിവയുമായി ബന്ധപ്പെട്ട് ഓട്ടോ ടാക്സി നിരക്ക് ഘടനയിൽ മാറ്റമില്ലെന്നും മന്ത്രി വിശദീകരിച്ചു. ഓട്ടോ മിനിമം ചാർജിന്റെ ദൂരം ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട് കിലോ മീറ്റർ ആക്കി ഉയർത്തി. സർക്കാർ തീരുമാനമെടുത്താൽ അത് എല്ലാവർക്കും ബാധകമാണെന്നും മന്ത്രി പറഞ്ഞു. ഇന്ധന നിരക്ക് വർദ്ധിക്കുന്നതിന് ആനുപാതികമായ വർദ്ധനവല്ല ഏർപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

click me!