യുഡിഎഫ് റോഡ് ഷോ: പരിഹാസവുമായി നവ്യ ഹരിദാസ്, 'പലരെയും എത്തിച്ചത് ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിക്കാമെന്ന് പറഞ്ഞ്'

By Web TeamFirst Published Oct 24, 2024, 11:17 AM IST
Highlights

റോഡ് ഷോയിൽ വന്നത് വയനാട് മണ്ഡലത്തിന് പുറത്തുനിന്നുള്ളവരാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിക്കാമെന്ന വാഗ്ദാനം നൽകിയാണ് പലരെയും കൊണ്ടുവന്നതെന്നും നവ്യ ഹരിദാസ് പരിഹസിച്ചു.

വയനാട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ വന്നത് മണ്ഡലത്തിന് പുറത്തുനിന്നുള്ളവർ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിക്കാമെന്ന വാഗ്ദാനം നൽകിയാണ് പലരെയും കൊണ്ടുവന്നതെന്ന് നവ്യ ഹരിദാസ് ആരോപിക്കുന്നു. പ്രിയങ്ക ഗാന്ധി വീടുകളിൽ കയറുന്നത് ആസൂത്രിതമായിട്ടാണ്. കോൺഗ്രസിന്റെ ഇത്തരം നാട്യങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും നവ്യ ഹരിദാസ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ എന്നാൽ സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കുന്നയാൾ എന്നാണ്. എനിക്ക് വലിയ കുടുംബവാഴ്ച പറയാനില്ല. പ്രിയങ്ക ഗാന്ധിക്ക് ആകെയുള്ളത് കുടുംബ പാരമ്പര്യം മാത്രമാണെന്നും നവ്യ വിമര്‍ശിച്ചു.

അതേസമയം, പ്രിയങ്ക ​ഗാന്ധിയുടെ സ്വത്ത് വിവരം ആയുധമാക്കുകയാണ് ബിജെപി. പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വാദ്രയും ദില്ലിയിൽ അനധികൃതമായി സ്വത്ത് വാങ്ങി കൂട്ടിയെന്നാണ് ബിജെപിയുടെ ആരോപണം. 2013 ൽ വാങ്ങിയ ഭൂമിക്ക് അഞ്ചിരട്ടി വില കൂടിയെന്ന് പ്രിയങ്ക ​ഗാന്ധിയുടെ സത്യവാങ്മൂലത്തിലുണ്ടെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിക്കുന്നു. റോബർട്ട് വാദ്രയുടെ ദുരൂഹ ഭൂമി ഇടപാടിൽ പ്രിയങ്കയ്ക്കും പങ്കുണ്ടോയെന്നാണ് ബിജെപി ഉയര്‍ത്തുന്ന ചോദ്യം. സത്യവാങ്മൂലത്തിൽ ആസ്തിയുടെ മൂല്യം കുറച്ചു കാണിച്ചു. വസ്തുവകകൾ വാങ്ങാൻ പ്രിയങ്ക ​ഗാന്ധിയുടെ വരുമാനം എന്തെയിരുന്നുവെന്നും ബിജെപി ചോദിക്കുന്നു.

Latest Videos

അതിനിടെ, പ്രിയങ്കയുടെ പത്രിക സമർപ്പണ വേളയിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ പുറത്തിരുത്തിയെന്ന ബിജെപി  ആക്ഷേപത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഒരേസമയം അഞ്ചിലധികം ആളുകൾ മുറിയിൽ പാടില്ലെന്ന നിർദ്ദേശമുണ്ടായിരുന്നു, ഖർഗെ ആ നിബന്ധന പാലിക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിശദീകരണം. പത്രിക സമർപ്പണ സമയത്ത് ഖർഗെ പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നുവെന്നും എഐസിസി വക്താവ് പ്രണവ് ഝാ പറഞ്ഞു. 

click me!