'അഴിമതിക്കെതിരായ സന്ദേശം എന്ന നിലയിലാണ് പരസ്യപ്രതികരണം നടത്തിയത്'; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിവ്യ കോടതിയിൽ

By Web TeamFirst Published Oct 24, 2024, 12:58 PM IST
Highlights

കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പിരി​ഗണിച്ച് തലശ്ശേരി കോടതി.

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പിരി​ഗണിച്ച് തലശ്ശേരി കോടതി. രാവിലെ 11 മണിയോടെയാണ് കോടതി അപേക്ഷയിൽ വാദം കേൾക്കാൻ ആരംഭിച്ചത്. കുറേയേറെ ഉത്തരവാദിത്തമുള്ള പൊതു പ്രവർത്തകയാണ് ദിവ്യയെന്നായിരുന്നു പ്രതിഭാ​ഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. ആരോപണം ഉയർന്നപ്പോൾ തന്നെ സ്ഥാനം രാജിവച്ചു. ആരോപണങ്ങളിൽ പലതും കെട്ടുകഥയാണ്. നിരവധി പുരസ്കാരങ്ങൾ കിട്ടിയ പൊതു പ്രവർത്തകയാണ് പി പി ദിവ്യയെന്നും സാധാരണക്കാർക്ക് പ്രാപ്യമായ നേതാവാണെന്നും വാദത്തിൽ ചൂണ്ടിക്കാട്ടി. 

പ്രതിഭാഗം വാദത്തിലെ പ്രസക്തഭാഗങ്ങളിങ്ങനെ: ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കുന്ന ജില്ലാ പഞ്ചായത്ത് അധ്യക്ഷയാണ് ദിവ്യ. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന ആളും അഴിമതിക്കെതിരെ പ്രചാരണം നടത്തുന്ന വ്യക്തിയുമാണ്. ഇക്കാര്യങ്ങള്‍ക്ക് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പൊതുജനം ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയോട് പരാതി പറയാറുണ്ട്. അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതു പ്രവർത്തകരുടെ ഉത്തരവാദിത്തമാണ്. അഴിമതിക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് പരസ്യ പ്രതികരണം നടത്തിയത്. 

Latest Videos

അഴിമതിക്കെതിരെ പ്രവർത്തിക്കുക എന്നത് ഉത്തരവാദിത്തമാണെന്നും 40 കൊല്ലമായി എന്റെ പാർട്ടി നേതാക്കളിൽ നിന്നും അതാണ് പഠിച്ചതെന്നും ദിവ്യ കോടതിയിൽ വ്യക്തമാക്കി. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും തെറ്റായ പ്രവണത ഉണ്ട്. ഉദ്യോഗസ്ഥർ അഴിമതിക്കാർ ആകരുതെന്നത് പൊതു സമൂഹത്തിന്റെ ആവശ്യമാണ്. ജനങ്ങൾ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയത്. പരാതി ലഭിച്ചാൽ മിണ്ടാതിരിക്കണോയെന്നും ദിവ്യ ചോദിച്ചു. 

മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും അജണ്ട ഉണ്ട്. ഗംഗധാരൻ എന്നയാളും പരാതി നൽകിയിരുന്നു. എഡിഎം നവീൻ ബാബുവിനെതിരെ 2 പരാതി ലഭിച്ചിരുന്നു. ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ടാണ് ഗംഗാധരൻ പരാതി നൽകിയത്. യഥാർത്ഥത്തിൽ പരാതി പരിഗണിക്കേണ്ടത് ഡെപ്യൂട്ടി കളക്ടർ ആയിരുന്നു. പക്ഷെ തന്റെ പരിധിയിൽ അല്ലാത്ത കാര്യത്തിൽ എഡിഎം ഇടപെട്ടു. എഴുതി നൽകിയതല്ലാതെ എഡിഎമ്മിനെക്കുറിച്ച് നേരിട്ട് പറഞ്ഞ പരാതികളും ഉണ്ട്.

പ്രശാന്ത് പരാതി നൽകിയതിന് പിന്നാലെ എഡിഎമ്മിനെ ബന്ധപ്പെട്ടുവെന്നും എൻഒസി വേ​ഗത്തിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എഡിഎം നടപടി എടുത്തില്ല. പണം വാങ്ങിയെന്ന് പ്രശാന്ത് പറഞ്ഞപ്പോൾ ഞെട്ടി. ഇതിൽ ഇടപെടണ്ടേ എന്ന് ചോദിച്ചു. അഴിമതിക്കെതിരായാണ്  ഇടപെട്ടതെന്നും പ്രതിഭാ​ഗം വാദത്തിൽ പറയുന്നു.

Read More: 'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിപാടിയിൽ വച്ചു കളക്ടറെ കണ്ടപ്പോഴാണ് കളക്ടർ അനൗപചാരികമായി യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചത്. യാത്രയയപ്പ് ഉണ്ട്, അതിൽ ഉണ്ടാകില്ലേ എന്ന് ചോദിച്ചു. തുടർന്ന് കളക്ടറെ ഫോണിൽ വിളിച്ചു പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഡെപ്യൂട്ടി കളക്ടറാണ് യോ​ഗത്തിൽ സംസാരിക്കാൻ ക്ഷണിച്ചത്. അഴിമതിക്ക് എതിരെയാണ് അവിടെ സംസാരിച്ചത്. മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് പ്രസം​ഗിച്ചത്. അത് ആത്മഹത്യയിലേക്ക് നയിക്കുന്നതല്ല. അഴിമതി നടത്തരുതെന്ന് അപേക്ഷിക്കുകയാണ് ചെയ്തത്. എഡിഎമ്മിന് ആശംസകളും നേർന്നു. എഡിഎം പണ്ടുമുതലേ പ്രശ്നക്കാരനാണ് എന്ന് പറഞ്ഞിട്ടില്ല. ഒരു അനുഭവം, പരാതി ആണ് 
അവിടെ ഉന്നയിച്ചത്. 

എൻഒസി നൽകാൻ ബുദ്ധിമുട്ട് ഇല്ലങ്കിൽ സ്ഥലം സന്ദർശിക്കണം എന്നാണ് പറഞ്ഞത്. എഡിഎം പോകുന്ന ദിവസമാണ് എൻഒസി കിട്ടിയെന്ന് അറിഞ്ഞത്. കണ്ണൂരിലെ പോലെ ഇനി പോകുന്ന ഇടത്ത് ഇങ്ങനെയാകരുത് എന്നാണ് പറഞ്ഞത്. കൂടുതൽ നന്നാകണം എന്നാണ് ഉപദേശിച്ചത്. ഇത് ആത്മഹത്യക്ക് കാരണമാകുമോയെന്നും അഭിഭാഷകന്‍ ചോദിച്ചു. മറ്റൊരു സാധ്യത ഇല്ലാത്ത വിധം ഒരാൾ ആത്മഹത്യ ചെയ്യുന്നതിന് കാരണമായാലേ ആത്മഹത്യ പ്രേരണ കുറ്റം നിൽക്കൂ. ആത്മഹത്യ പ്രേരണകുറ്റം നിലനിൽക്കില്ലെന്ന വാദം കോടതിയിൽ ദിവ്യ ആവർത്തിച്ചു. 

വിജിലൻസ് ഓഫീസർ പ്രശാന്തിന്റെ മൊഴി എടുത്തിട്ടുണ്ട്. അതിന്റെ സിസിടിവി ദൃശ്യങ്ങളുമുണ്ട്. ആത്മഹത്യ പ്രേരണകുറ്റം ചുമത്താൻ രാഷ്ട്രീയ സമ്മർദം കാരണമാകരുതെന്ന് പറഞ്ഞ ദിവ്യ താൻ  മാധ്യമ വേട്ടയുടെ ഇരയാണെന്നും ചൂണ്ടിക്കാട്ടി. ഇങ്ങിനെപോയാൽ അഴിമതിക്ക് എതിരെ ആർക്കും സംസാരിക്കാൻ ആകില്ല. ദിവ്യക്കെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇത് എഡിഎമ്മിന് എതിരെ ആയിരുന്നെങ്കിലോ എന്നും പ്രതിഭാ​ഗം അഭിഭാഷകൻ കോടതിയിൽ ചോദിച്ചു. 

Read More: ആ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

പ്രസംഗം കഴിഞ്ഞു ഒത്തിരി സമയം കഴിഞ്ഞാണ് ആത്മഹത്യ ചെയ്തത്.  നവീൻ ബാബുവിന് പലമാർഗങ്ങളും സ്വീകരിക്കാമായിരുന്നു. ദിവ്യയെ നേരിട്ട് കാണാമായിരുന്നു. ആത്മഹത്യ ആത്മഹത്യ ആയിരുന്നില്ല മാർ​ഗമെന്നും പ്രതിഭാ​ഗം വാ​ദത്തിൽ പറഞ്ഞു. മകൾ ഉൾപ്പടെ കുടുംബം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. പങ്കെടുത്തത് പൊതു പരിപാടിയിലാണ്. അവിടെ  ക്ഷണിച്ചോ ഇല്ലയോ എന്നത് വിഷയമല്ല. മാധ്യമങ്ങൾ അടക്കം യോ​ഗത്തിൽ പങ്കെടുത്തിട്ടുണ്ട്. നടന്നത് രഹസ്യയോഗം അല്ല. അടച്ചിട്ട മുറിയിൽ അല്ല യോഗം നടന്നത്. ഞാൻ പറയുന്നത് എല്ലാവരും അറിയണം എന്ന് കരുതി. മീഡിയ വന്നതിൽ എന്താണ് തെറ്റ്? അതിനാണ് പ്രാദേശിക ചാനലിനെ വിളിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരാണ് ദിവ്യ എത്തിയതെന്ന ആരോപണത്തിന് മറുപടിയായിട്ടായിരുന്നു ദിവ്യയുടെ പ്രതികരണം.

തന്നെകുറിച്ച് പറയുന്നത് തെറ്റ് എങ്കിൽ നവീൻ ബാബുവിന് അവിടെ വച്ചു എതിർക്കാമായിരുന്നു. എന്തിനാണ് മിണ്ടാതിരുന്നതെന്നും ദിവ്യ കോടതിയിൽ ചോദിച്ചു. അത്ര വിശുദ്ധൻ എങ്കിൽ പ്രസംഗത്തിനിടെ എഡിഎമ്മിന് ഇടപെടാമായിരുന്നു. അഴിമതി ആരോപണത്തിൽ സദുദേശത്തോടെ ഇടപെടുകയായിരുന്നു. പ്രശാന്തനും ഗംഗാധരനും പറഞ്ഞത് കള്ളം ആണോ എന്ന് തനിക്ക് അറിയില്ല. അത് അന്വേഷിക്കേണ്ടത് പോലീസ് ആണ്. രണ്ടു പേരുടെയും പരാതി തനിക്ക് മുന്നിൽ ഉണ്ട്. വിജലൻസ് അന്വേഷിക്കുന്ന കേസ് ആണ്. അതാണ് സത്യം 2 ദിവസത്തിനുള്ളിൽ അറിയും എന്ന് പറഞ്ഞത്. അത് എങ്ങിനെ ആത്മഹത്യക്ക് കാരണം ആകുമെന്നും ദിവ്യ ചോദിച്ചു.  

മുൻ‌കൂർ ജാമ്യത്തിന് എന്ത് ഉപാധിയും അംഗീകരിക്കാൻ തയ്യാറാണെന്നും ദിവ്യ കോടതിയെ അറിയിച്ചു. താനൊരു സ്ത്രീയാണെന്നും കുടുംബ ഉത്തരവാദിത്വം ഉണ്ടെന്നും അത് പരി​ഗണിക്കണമെന്നും ദിവ്യ കോടതിയോട് അഭ്യർത്ഥിച്ചു. മുൻ‌കൂർ ജാമ്യം അനുവദിക്കണം. ചെറിയ പെൺകുട്ടിയും രോഗിയായ പിതാവും ഉണ്ട്. ഇവ പരിഗണിക്കണമെന്നും ദിവ്യ കോടതിയോട് പറഞ്ഞു. ഒന്നര മണിക്കൂർ സമയമാണ് പ്രതിഭാ​ഗം കോടതിയിൽ വാദിച്ചത്.  

Read More: എഡിഎം നവീന്‍ ബാബുവിന്റെ മരണം; യാത്രയയപ്പ് യോഗത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യയെന്ന് കണ്ടെത്തൽ
 

click me!