ദിവ്യ വ്യക്തിഹത്യ നടത്തിയെന്ന് പ്രോസിക്യൂഷൻ; 'സംസാരിച്ചത് ഭീഷണി സ്വരത്തിൽ; പ്രസംഗം ചിത്രീകരിച്ചത് ആസൂത്രിതം'

By Web TeamFirst Published Oct 24, 2024, 1:43 PM IST
Highlights

എഡിഎമ്മിൻ്റെ മരണത്തിൽ പിപി ദിവ്യ നിരത്തിയ മുൻകൂർ ജാമ്യഹർജിയിലെ വാദങ്ങളെ അക്കമിട്ട് നിരത്തി ഖണ്ഡിച്ച് പ്രോസിക്യൂഷൻ

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രൊസിക്യൂഷൻ. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രോസിക്യൂഷൻ്റെ വാദത്തിനിടെ എതിർപ്പുന്നയിച്ച പ്രതിഭാഗത്തെ കോടതി വിമർശിച്ചു. വാദം തുടരുന്നതിനിടെ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോടതി നടപടികൾ തുടരും.

മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വ്യക്തിഹത്യയാണ് മരണകാരണം എന്ന് പ്രോസിക്യൂഷൻ പറഞ്ഞപ്പോൾ എതിർപ്പറിയിച്ച പ്രതിഭാഗത്തോട്, ഒന്നര മണിക്കൂർ സംസാരിച്ചില്ലേ, ഇനി അൽപ്പം കേൾക്കൂ എന്ന് കോടതി ആവശ്യപ്പെട്ടു. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു. രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്. മാധ്യമങ്ങളെ വിളിച്ച് വരുത്തിയ ദിവ്യ പ്രസംഗം റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ദിവ്യ ചോദിച്ച് വാങ്ങി. സ്റ്റാഫ് കൗൺസിലിൻ്റെ പരിപാടിയിൽ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. കളക്ടറോട് എഡിഎമ്മിനെ കുറിച്ച് ദിവ്യ രാവിലെ തന്നെ പരാതി പറഞ്ഞിരുന്നു. അഴിമതി ആരോപണം പൊതുപരിപാടിയിൽ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴിയുണ്ട്. 

Latest Videos

പരാതിയുണ്ടെങ്കിൽ ദിവ്യക്ക് ഉത്തരവാദിത്തമുള്ളവർക്ക് പരാതി നൽകാമായിരുന്നുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പരസ്യമായി വ്യക്തിഹത്യ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്ന് ഗംഗാധരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ദിവ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ അത്യാവശ്യമാണ്. ഒരു തരത്തിലും ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ദിവ്യ. ഇവരൊക്കെ ഇങ്ങനെ ഉദ്യോഗസ്ഥരെ ക്രൂശിച്ചാൽ സമൂഹത്തിൻ്റെ അവസ്ഥ എന്താകും? അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് വിജിലൻസും പൊലീസും അടക്കം സംവിധാനങ്ങൾ? ഉദ്യോഗസ്ഥർക്കെതിരെ മൈക്ക് കെട്ടി പ്രസംഗിക്കുകയാണെങ്കിൽ ഈ സംവിധാനങ്ങൾ പിന്നെ എന്തിനാണെന്നും പ്രോസിക്യൂഷൻ ചോദിച്ചു. ഈ ഘട്ടത്തിലാണ് കോടതി ഉച്ചഭക്ഷണത്തിന് പിരി‌ഞ്ഞത്.

click me!