ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മന്ത്രി ആര്‍ ബിന്ദു.കേന്ദ്ര മന്ത്രി സമരപന്തൽ സന്ദര്‍ശിച്ചപ്പോള്‍ മണിമുറ്റത്താവണി പന്തൽ എന്നാണല്ലോ അവര്‍ പാടിയതെന്ന് മന്ത്രി ആര്‍ ബിന്ദു പരിഹസിച്ചു. കേന്ദ്ര സര്‍ക്കാരിനോട് അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാൻ നട്ടെല്ല് വേണമെന്നും അതുണ്ടായില്ലെന്നും മന്ത്രി ആര്‍ ബിന്ദു കുറ്റപ്പെടുത്തി.
തിരുവനന്തപുരം: സിഐടിയു, സിപിഎം നേതാക്കള്‍ക്ക് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മന്ത്രി ആര്‍ ബിന്ദു. കേന്ദ്ര മന്ത്രി സമരപന്തൽ സന്ദര്‍ശിച്ചപ്പോള്‍ മണിമുറ്റത്താവണി പന്തൽ എന്നാണല്ലോ അവര്‍ പാടിയതെന്ന് മന്ത്രി ആര്‍ ബിന്ദു പരിഹസിച്ചു. കേന്ദ്ര മന്ത്രിയോട് അവര്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാൻ പറ്റിയില്ലേ? കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായ അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാൻ ഒന്നുമില്ലെന്നും മന്ത്രി ആര്‍ ബിന്ദു കുറ്റപ്പെടുത്തി.
കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്നും അതുണ്ടായില്ലെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അവർക്ക് കേന്ദ്ര സർക്കാരിനോട് പറയാൻ ഒന്നുമില്ല. ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ച സർക്കാരാണ് ഇടത് പക്ഷ സർക്കാർ . സംസ്ഥാന സര്‍ക്കാരിന് അവരോട് അനുഭാവപൂര്‍വമായ സമീപനമുണ്ടായിട്ടും അവര്‍ സമരം മുന്നോട്ട് കൊണ്ടുപോവുകയാണ്. ബിജെപിയുടെ ബിഎംഎസ് ആണ് സമര നോട്ടീസ് നൽകിയത്.
എല്ലാ ഇടതുവിരുദ്ധ സംഘടനകളും മഴവിൽ സംഖ്യമുണ്ടാക്കി പാവപ്പെട്ട ആശാ വര്‍ക്കര്‍മാരെ സര്‍ക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും ആര്‍ ബിന്ദു ആരോപിച്ചു. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
അതേസമയം, ആര്‍ ബിന്ദുവിന്‍റെ പരാമര്‍ശത്തിൽ സമര സമിതി നേതാവ് ബിന്ദു രംഗത്തെത്തി. ഞങ്ങളുടെ നട്ടെല്ലിന് അൽപം ക്ഷീണുണ്ടെങ്കിൽ സംസ്ഥാന സര്‍ക്കാര്‍ ആദ്യം പോയി കേന്ദ്രത്തോട് ആവശ്യം പറയട്ടെയെന്നും ആദ്യം സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്ത് കാണിക്കണമെന്നും ബിന്ദു പറഞ്ഞു. ആശമാർക്കെതിരെയുള്ള മന്ത്രി ബിന്ദുവിന്‍റെ പ്രസ്താവനക്കെതിരെ വി ഡി സതീശൻ രംഗത്തെത്തി.
ആശാ സമരത്തെ വനിതാ മന്ത്രിമാർ പോലും പരിഹസിക്കുകയാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. വനിതകളാണ് സമരം നടത്തുന്നതെന്ന് പരിഗണന പോലും നൽകുന്നില്ല. തൊഴിലാളിവർഗ പാർട്ടി എന്ന് പറയുന്നവർക്ക് ആശാ സമരത്തോട് പുച്ഛമാണ്. തീവ്ര വലത് പക്ഷ നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. ലഹരിക്കെതിരെ പേരിനെങ്കിലും പരിശോധന നടത്തിയത് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടപ്പോഴാണ്.
ലഹരിക്കെതിരായ ബോധവത്കരണം പോലീസും എക്സൈസുമല്ല ചെയ്യേണ്ടത്. ഇവരുടെ ചുമതലയിൽ നിന്നും ബോധവത്ക്കരണം മാറ്റണം. ലഹരി മാഫിയുടെ മുകൾത്തട്ടിലേക്ക് അന്വേഷണം എത്തമെന്നും വിഡി സതീശൻ പറഞ്ഞു.
പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ആശ വർക്കർമാർ; 24 ന് സമര കേന്ദ്രത്തിൽ കൂട്ട ഉപവാസം