രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ളാദ് ജോഷി

സംസ്ഥാന ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും.രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

rajeev chandrasekhar take charge as bjp state president official announcement live updates

തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു.കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗൺസിലിലാണ് രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷൻ-26 ഉം തദ്ദേശ തെരഞ്ഞെടുപ്പിൽ ഓരോ ജില്ലക്കും പ്രത്യേക പ്ലാനും നടപ്പാക്കുകയാണമ് രാജീവ് ചന്ദ്രശേഖറിന്‍റെ ദൗത്യം. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സംസ്ഥാന അധ്യക്ഷന്‍റെ പ്രഖ്യാപനം നടന്നത്. 

Latest Videos

സംസ്ഥാന അധ്യക്ഷനാകുന്ന രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രഹ്ളാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഐക്യകണ്ഠേനയാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ അധികാരത്തിലെത്താനാകട്ടെയെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു. കേരളത്തിൽ വോട്ട് വിഹിതം 20 ശതമാനത്തിലേക്ക് എത്തിച്ച കെ സുരേന്ദ്രനെ പ്രഹ്ളാദ് ജോഷി അഭിനന്ദിച്ചു. ബെംഗളൂരുവിന്‍റെ അടിസ്ഥാന വികസനത്തിനായി പ്രവർത്തിച്ചയാളാണ് രാജീവ് ചന്ദ്രശേഖറെന്നും കരുത്തനായാ മലയാളിയാണെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു.

കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് തെളിയിക്കാൻ കഴിഞ്ഞെന്ന് സ്ഥാനമൊഴിയുന്ന കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപി കേരളത്തിൽ അവഗണിക്കാൻ പറ്റാത്ത ശബ്ദമായി മാറി.ദൈനംദിന പ്രവർത്തനത്തിന് സാധ്യമാകുന്ന നേതാവാണ് രാജീവ്‌ ചന്ദ്രശേഖര്‍. കൈവച്ച മേഖലകളിലെ ഉജ്ജ്വല നേട്ടം ബിജെപിക്ക് ഊർജം നൽകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മൂന്നാമതുള്ള മുന്നണിയെ നയിക്കൽ ശ്രമകരമാണെന്നും ഇനി അതുണ്ടാകില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഒരു പഞ്ചായത്തിൽ പോലും എൽഡിഎഫുമായോ യുഡിഎഫുമായോ നീക്കുപോക്ക് ഉണ്ടാകില്ലെന്നതാണ് ഉറച്ച നിലപാട്. ഇനിയുള്ള ദശാബ്ദം കേരളം ഭരിക്കാനുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് സീനിയർ നേതാക്കൾക്ക് പകരം ടെക്നോക്രാറ്റായ രാജീവ് ചന്ദ്രശേഖർ ബിജെപി അധ്യക്ഷനാകുന്നത്. പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾക്കപ്പുറം യുവാക്കളെയും പ്രൊഫഷണലുകളെയും കൂടി ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് രാജീവ് വഴിയുള്ള പരീക്ഷണം . തിരുവനന്തപുരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കാണിച്ച പോരാട്ടവീര്യവും കണക്കിലെടുത്തു.

ഓസ്ട്രേലിയയിൽ എഐ സെമിനാറിലേക്ക് പോകാനൊരുങ്ങിയ രാജീവിനോട് തിരുവനന്തപുരത്ത് കോർകമ്മിറ്റി യോഗത്തിനെത്താനുള്ള ദില്ലി നിർദ്ദേശത്തിൽ തന്നെ സൂചനയുണ്ടായിരുന്നു. രാവിലെ കോർകമ്മിറ്റിക്ക് മുമ്പ് പ്രകാശ് ജാവഡേക്കർ ആദ്യം രാജീവ് ചന്ദ്രശേഖറിനോട് സംസാരിച്ചു. പിന്നെ നേതാക്കളെ ഒറ്റക്ക് ഒറ്റക്ക് കണ്ട് അധ്യക്ഷൻ രാജീവാണെന്ന സന്ദേശം അറിയിച്ചു. ഇതിനുശേഷം യോഗത്തിൽ ഔദ്യോഗിക അറിയിപ്പുണ്ടായി. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന നേതാക്കളുടേയും സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരുടേയും സാന്നിധ്യത്തിൽ ഇന്നലെ ഉച്ചയോ‍‍ടെയാണ് രാജീവ് ചന്ദ്രശേഖർ വരണാധികാരിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

സംസ്ഥാന ബിജെപിയിൽ വർഷങ്ങളായി പിടിമുറുക്കിയ ഗ്രൂപ്പുകൾക്കെതിരായ കേന്ദ്ര നേതൃത്വത്തിന്‍റെ വ്യക്തമായ സന്ദേശം കൂടിയാണ് ഗ്രൂപ്പുകൾക്കതീതനായ രാജീവിന്‍റെ അധ്യക്ഷ സ്ഥാനം. പുതിയ നായകനൊപ്പം കോർകമ്മിറ്റിയിലും സംസ്ഥാന സമിതിയിലും അഴിച്ചുപണി വരും. സീനിയർ നേതാക്കൾക്കൊപ്പം യുവാക്കളും സംഘടനാ അഴിച്ചുപണിയുടെ ഭാഗമാകും. തദ്ദേശ തെരഞ്ഞെടുപ്പാണ് രാജീവ് ചന്ദ്രശേഖറിന് മുന്നിലെ ആദ്യ വെല്ലുവിളി.

പത്മജ വേണുഗോപാലും പിസി ജോര്‍ജും ദേശീയ കൗണ്‍സിൽ അംഗങ്ങൾ

സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചശേഷം കേരളത്തിൽ നിന്നുള്ള 30 അംഗ ബിജെപി ദേശീയ കൗണ്‍സിൽ അംഗങ്ങളെയും പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ, സുരേഷ് ഗോപി, ജോര്‍ജ് കുര്യൻ. അനിൽ ആന്‍റണി, പികെ കൃഷ്ണദാസ്, ഒ രാജഗോപാൽ, എഎൻ രാധാകൃഷ്ണൻ, എംടി രമേശ് ,സി കൃഷ്ണകുമാര്‍, ശോഭാ സുരേന്ദ്രൻ, ഡോ.കെ എസ് രാധാകൃഷ്ണൻ, പത്മജ വേണുഗോപാൽ, പി സി ജോര്‍ജ്, പള്ളിയറ രാമൻ, പ്രതാപ ചന്ദ്ര വര്‍മ, സി രഘുനാഥ്, പി രാഘവൻ തുടങ്ങിയവരടക്കമുള്ളവര്‍ ദേശീയ കൗണ്‍സിലിലുണ്ട്.

മാറുന്നകാലത്തിന്‍റെ രാഷ്ട്രീയ മുഖം; 2 പതിറ്റാണ്ടിന്‍റെ രാഷ്ട്രീയാനുഭവവുമായി രാജീവ് ചന്ദ്രശേഖർ നേതൃപദവിയിലേക്ക്

 

vuukle one pixel image
click me!