അർജുനായുള്ള തെരച്ചിലിൽ പുരോഗമിക്കുന്നു; 12 കി.മീ. അകലെ നിന്ന് ലോറിയിലെ 4 തടികള്‍ കണ്ടെത്തിയെന്ന് ലോറി ഉടമ

By Web TeamFirst Published Jul 25, 2024, 2:20 PM IST
Highlights

മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന്  12 കിലോ മീറ്റര്‍ അകലെ നിന്ന് നാല് കഷ്ണം തടി കണ്ടെത്തിയെന്ന് ലോറി ഉടമ മനാഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ‌ അര്‍ജുന്‍റെ ലോറിയില്‍ ഉണ്ടായിരുന്ന തടി കണ്ടെത്തിയെന്ന് ലോറി ഉടമ മനാഫ്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന്  12 കിലോ മീറ്റര്‍ അകലെ നിന്ന് നാല് കഷ്ണം തടി കണ്ടെത്തിയെന്ന് ലോറി ഉടമ മനാഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിഎ 1 എന്ന് മാര്‍ക്ക് ചെയ്ത കടി കണ്ടെത്തിയെന്നാണ് മനാഫ് പറയുന്നത്. എന്നാല്‍, ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. കണ്ടെത്തിയത് അര്‍ജുന്‍റെ ലോറിയിലുണ്ടായിരുന്ന തടികള്‍ തന്നെയാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. 

അതേസമയം, ഗംഗാവലി നദിയില്‍ പുതഞ്ഞ അര്‍ജുന്‍റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്.നദിയോട് ചേർന്ന് ഐബോഡ് ഡ്രോൺ പറത്തി പരിശോധന നടത്തുകയാണ്. പുഴയ്ക്കടിയിലെ ട്രക്കിന്‍റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോൺ പരിശോധനയില്‍ വ്യക്തമാകും. എന്നാല്‍, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം വീണ്ടും നീളും. ട്രക്ക് കണ്ടെത്താന്‍ പുഴയിൽ രാവിലെ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങൽ വിദഗ്ധര്‍ വെള്ളത്തിലേയ്ക്ക് ഇറങ്ങിയില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന അറിയിച്ചു. സ്റ്റീൽ ഹുക്ക് താഴേക്ക് ഇട്ട് ലോറിയിൽ കൊളുത്താൻ കഴിയാത്ത വിധത്തിലുള്ള അടിയൊഴുക്കാണ് പുഴയിലുള്ളത്. നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീൽ ഹുക്കുകൾ എത്തിക്കാൻ പോലും ശക്തമായ അടിയൊഴുക്ക് കാരണം പറ്റിയില്ല. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!