കേരള ഹൗസിലെ കൺട്രോളർ നിയമനം: എൻജിഒ യൂണിയൻ നേതാവിനായി മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ ഇടപെടൽ

By Web TeamFirst Published Mar 2, 2024, 9:11 AM IST
Highlights

ഈ മാസം 31ന് വിരമിക്കുന്ന കേരള ഹൗസിലെ ഫ്രണ്ട് ഓഫീസ് മാനേജർ കെ എം പ്രകാശനെ കൺട്രോളറാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം നൽകിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു

തിരുവനന്തപുരം: കേരള ഹൗസിൽ കൺട്രോളർ തസ്തികയിലേക്ക് എന്‍ജിഒ യൂണിയൻ നേതാവിനെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ. ഈ മാസം 31ന് വിരമിക്കുന്ന കേരള ഹൗസിലെ ഫ്രണ്ട് ഓഫീസ് മാനേജർ കെ എം പ്രകാശനെ കൺട്രോളറാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം നൽകിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കൺട്രോളർ തസ്തികയിലേക്ക് പ്രകാശനെ നിയമിക്കാനുള്ള വഴിവിട്ട നീക്കം നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

കേരള ഹൗസിലെ ജീവനക്കാർക്ക് പ്രമോഷൻ തസ്തികകള്‍ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലൂടെയാണ് വഴിവിട്ട നിയമന നീക്കം തുടങ്ങിയത്. കേരള ഹൗസിലെ എൻജിഒ യൂണിയൻ നേതാവ് കെ എം പ്രകാശന് ഇരട്ട പ്രമോഷൻ നൽകി കൺട്രോളർ എന്ന സുപ്രധാന പദവിലെത്തിക്കാനായിരുന്നു ശ്രമം. കേരള ഹൗസിലെ ഹൗസ് കീപ്പിംഗ് മാനേജർ, കാറ്ററിംഗ് മാനേജർ തസ്തികയിലേക്ക് മാത്രം കേരള ഹൗസിലെ ജീവനക്കാർക്ക് സ്ഥാനകയറ്റം നൽകാമെന്നായിരുന്നു പൊതുഭരണ വകുപ്പ് ശുപാർശ. എന്നാൽ ഫ്രണ്ട് ഓഫീസ് മാനേജർ തസ്തിക ഗസ്റ്റഡ് തസ്തികയാക്കി ഉയർത്തി, ഈ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ കൺട്രോളർ പദവില്‍ പരിഗണിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു. അങ്ങനെ കണ്ണൂർ സ്വദേശിയും എൻജിഒ യൂണിയൻ നേതാവുമായ ഫ്രണ്ട് ഓഫീസ് മാനേജർ കെ എം പ്രകാശനെ ഗസറ്റഡ് തസ്തികയിലേക്ക് ഉയർത്തി ആദ്യം സർക്കാർ ഉത്തരവിറക്കി. 

Latest Videos

സ്ഥാനക്കയറ്റത്തെ ആദ്യം എതിർത്ത ധനവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുളള നിർദ്ദേശത്തോടെ വഴങ്ങി. അഡീഷണൽ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥരും വഹിക്കുന്ന കൺട്രോളറെന്ന സുപ്രധാന തസ്തികയിലേക്ക് പ്രകാശനെ നിയമിക്കാനായിരുന്നു അടുത്ത നീക്കം. ഈ തസ്തികയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകാശൻ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം നൽകാൻ മുഖ്യമന്ത്രി ഓഫീസ് ആവശ്യപ്പെട്ടത്. ഈ മാസം 31ന് വിരമിക്കുന്ന പ്രകാശന് അവസരം നഷ്ടമാകാതിരിക്കാൻ അടിയന്തര നടപടി കൈകൊള്ളമെന്നാണ് കെ എം എബ്രഹാം പൊതുഭരണ സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്.

ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്നത് പോലെ ഇഷ്ടക്കാരന് ഇരട്ട പ്രമോഷൻ നൽകാനായിരുന്നു സ്ഥാനകയറ്റ നീക്കങ്ങളെല്ലാമെന്ന് വ്യക്തം. സ്വജനപക്ഷപാതത്തിൻറ് ഏറ്റവും വലിയ ഉദാഹരണമാണ് പ്രകാശന് വേണ്ടിയുള്ള അത്യസാധാരണ നടപടികൾ. ഗസറ്റഡ് തസ്തികയില്‍ വിരമിക്കുന്ന പ്രകാശന് പുനർനിയമനത്തിനായി മറ്റൊരു കസേര കൂടി സർക്കാർ നീക്കിവച്ചിരിക്കുന്നുണ്ടോയെന്നാണ് അറിയേണ്ടത്.

click me!