പി സരിന്‍റെ സ്ഥാനാർഥിത്വത്തിലൂടെ വട്ടിയൂർക്കാവിലെ വിജയം പാലക്കാടും ആവർത്തിക്കുമെന്നും എം ബി രാജേഷ്
പാലക്കാട്: പാലക്കാട് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് യു ഡി എഫിൽ അഗ്നിപർവതം പുകയുന്നവെന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട് കോൺഗ്രസ് പ്രവർത്തകരിൽ ഉള്ളിൽ അമർഷമുണ്ടെന്നും അത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും രാജേഷ് കൂട്ടിച്ചേർത്തു. കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾ ഇനിയും ഉണ്ടാകും. കൂടുതൽ പേർ പുറത്തേക്ക് വരുമോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു മന്ത്രിയുടെ മറുപടി. പി സരിന്‍റെ സ്ഥാനാർഥിത്വത്തിലൂടെ വട്ടിയൂർക്കാവിലെ വിജയം പാലക്കാടും ആവർത്തിക്കുമെന്നും എം ബി രാജേഷ് അഭിപ്രായപ്പെട്ടു. വോട്ടർമാർക്ക് ഒരു ആശയക്കുഴപ്പവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു വോട്ടുകള്‍ കിട്ടിയതു കൊണ്ടാണ് ഷാഫി പറമ്പില്‍ വിജയിച്ചതെന്ന പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്‍റെ പരാമർശം സി പി എമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്. സരിന്‍റെ പരാമര്‍ശം ആയുധമാക്കിയ ബി ജെ പി നേതൃത്വം, മുന്‍ ഇടത് സ്ഥാനാര്‍ത്ഥി സി പി പ്രമോദിനെ സി പി എം രക്ത സാക്ഷിയാക്കുകയാണ് ചെയ്തതെന്ന് അഭിപ്രായപ്പെട്ടു. പരാമര്‍ശം വിവാദമായതോടെ സരിന്‍ തിരുത്തുമായി രംഗത്തെത്തി. ഷാഫിക്ക് സി പി എം വോട്ടുകൾ കൊടുത്തു എന്നല്ല പറഞ്ഞതെന്നും സി പി എമ്മിന് കിട്ടേണ്ട മതേതര വോട്ടുകൾ ഷാഫിക്ക് ലഭിച്ചു എന്നാണ് പറഞ്ഞതെന്നും സരിൻ വിശദീകരിച്ചു. ആ വോട്ടുകൾ വാങ്ങി ഷാഫി മതേതര വിശ്വാസികളെ വഞ്ചിച്ചുവെന്നും സരിൻ അഭിപ്രായപ്പെട്ടു. അന്ന് മത്സരിച്ച ഇടതു സ്ഥാനാർഥി സി പി പ്രമോദിന്റെ രാഷ്ട്രീയ നേരിനെയാണ് ഷാഫി പറമ്പിൽ വഞ്ചിച്ചത്. അതിനുള്ള കണക്ക് തീർക്കാൻ ഇടതു പ്രവർത്തകർ ഒരുങ്ങി കഴിഞ്ഞുവെന്നും സരിൻ പറഞ്ഞു. സി പി പ്രമോദിനെ ഒപ്പം നിർത്തിയായിരുന്നു സരിന്റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം