ആലപ്പുഴ അപകടം; നെഞ്ചുതകർന്നൊരു നാട്, തീരാനോവായി ആയുഷ് ഷാജി, അന്ത്യചുംബനമേകി കുടുംബം; കണ്ണീരോടെ വിട 

By Web Team  |  First Published Dec 4, 2024, 11:56 AM IST

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർത്ഥിയായ ആയുഷ് ഷാജിയ്ക്ക് കണ്ണീരോടെ വിട നൽകി നാട്. കാവാലം കൃഷ്ണപുരം നെല്ലൂരിലെ വീട്ടുവളപ്പിലാണ് രാവിലെ ആയുഷിന്‍റെ സംസ്കാരം നടന്നത്


ആലപ്പുഴ:ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർത്ഥിയായ ആയുഷ് ഷാജിയ്ക്ക് കണ്ണീരോടെ വിട നൽകി നാട് പിതാവ് ഷാജിയുടെ കാവാലം നെല്ലൂരിലെ കുടുംബ വീട്ടിൽ സംസ്കാരചടങ്ങുകൾ നടന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചതിന് സമീപം തന്നെയായിരുന്നു ആയുഷിനും ചിതയൊരുക്കിയത്. അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കണ്ണീർ കണ്ടു നിൽക്കാൻ കഴിയുന്നതായിരുന്നില്ല. അശ്വസിപ്പിക്കാൻ എത്തിയവർ വാക്കുകൾ ഇല്ലാതെ തൊണ്ടയിടറി നിന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നുള്ള ആയുഷിൻ്റെ കൂട്ടുകാരും അധ്യാപകരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. ബന്ധുക്കളും നാട്ടുകാരും ജന പ്രതിനിധികളുമുൾപ്പടെ നൂറുകണക്കിന് ആളുകൾ സംസ്കാര ചടങ്ങിനെത്തി.

സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി ആയുഷ് യാത്രയാകുമ്പോള്‍ ഒരു നാട് മുഴുവൻ കണ്ണീരണിയുന്ന കാഴ്ചയാണ് കാവാലത്ത് കണ്ടത്. കുട്ടനാട്ടിലെ സാധാരണ കുടുംബത്തിൽ വളര്‍ന്ന ആയുഷ് എംബിബിഎസ് പഠനത്തിനുശേഷം കേരളത്തിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ കൂട്ടുകാരായ മറ്റു നാലുപേര്‍ക്കൊപ്പം ആയുഷും മരണത്തെ പുൽകി. 

Latest Videos

രാവിലെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത് മുതൽ ഉള്ളുനീറുന്ന കാഴ്ചകളാണ് വീട്ടിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി. രാവിലെ 9.30ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. നൂറുകണക്കിന് പേരാണ് വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങളെല്ലാം ആയുഷിന് അന്ത്യചുംബനം നൽകി. രാവിലെ 11.15ഓടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. 

അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി ദേവാനന്ദന്‍റെ സംസ്കാരം കോട്ടയം മറ്റക്കരയിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കളർകോട് എംബിബിഎസ്‌ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതും അഞ്ച് പേർ മരിച്ചതും. അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എടത്വ സ്വദേശി ആൽവിൻ ജോർജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാണ് എറണാകുളത്തേക്ക് മാറ്റിയത്.

undefined

കായംകുളത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥികളടക്കം 20ഓളം പേര്‍ക്ക് പരിക്ക്

 

click me!