രാത്രിയിലും മന്ത്രി ഇറങ്ങി, എല്ലാ ബുദ്ധിമുട്ടുകളും അറിയുന്നു, ആറേഴ് വര്‍ഷത്തേക്ക് റോഡ് മോശമാകില്ല: റിയാസ്

By Web Team  |  First Published Feb 12, 2024, 11:40 PM IST

ജനറൽ ആശുപത്രി ജംഗ്ഷനിൽ റോഡു പണി വിലയിരുത്തിയശേഷം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മാധ്യമങ്ങളോടു പറഞ്ഞത്: 


തിരുവനന്തപുരം: വഞ്ചിയൂർ- ജനറൽ ആശുപത്രി റോഡിന്റെ നിർമാണം ഏപ്രിൽ ആദ്യം തന്നെ പൂർത്തിയാക്കാനുള്ള കഠിനശ്രമത്തിലാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. രാത്രിയിലും പണികൾ നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ട്. റോഡിനടിയിൽ ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ചിട്ടുള്ള ഹൈടെൻഷൻ വൈദ്യുത ലൈനുകൾക്കും കുടിവെള്ള പൈപ്പുകൾക്കും ഉണ്ടാകുന്ന തകരാറുകൾ പണിയുടെ പുരോഗതിയെ ബാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇത്തരത്തിൽ റോഡ് പണിയാൻ ഗതാഗതം പൂർണമായും നിര്‍ത്തിവയ്‌ക്കേണ്ടിവന്നത് ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. സ്‌കൂളും ആശുപത്രികളും കോടതിയും മറ്റും പ്രവർത്തിക്കുന്നിടങ്ങളിലേക്കുള്ള റോഡായതിനാൽ ബുദ്ധിമുട്ട് ലഘൂകരിക്കാൻ കഴിയുന്നത്ര സമാന്തരമാർഗങ്ങൾ അവലംബിച്ചിട്ടുണ്ട്. ജനങ്ങളും സ്‌കൂൾ അധികൃതരും മറ്റും വലിയ സഹകരണം ഇക്കാര്യത്തിൽ നൽകുന്നുണ്ട്. യൂട്ടിലിറ്റി ഡക്ടുകൾ, ഇരുവശത്തും ഓടകൾ, കൈവരിയോടുകൂടിയ നടപ്പാത തുടങ്ങിയ സൗകര്യങ്ങളോടെ ബിഎം ബിസിയിൽ റോഡ് നിർമിക്കുമ്പോൾ ചെലവ് കൂടുതലാണെങ്കിലും ആറേഴു വർഷത്തേക്ക് റോഡിന് പ്രശ്‌നമൊന്നും വരില്ല. 

Latest Videos

സ്മാർട്‌സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളുടെ കരാർ ഏറ്റെടുത്തവരുടെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ പെരുമാറ്റമാണ് ആദ്യമുണ്ടായത്. എല്ലാ റോഡുകളും ഒരു കമ്പനിതന്നെ കരാറെടുത്തിരുന്നതിനാൽ പണി പൂർണമായും മുടങ്ങി. പലതവണ ചർച്ച നടത്തിയിട്ടും പ്രയോജനമുണ്ടാകാതെ വന്നപ്പോഴാണ് അവരെ നീക്കി കരാർ പലതായി വിഭജിച്ച് നൽകിയത്. നവംബറിലാണ് പുതിയ കരാറുകാരെ പണി ഏൽപിച്ചത്. 

ഡിസംബറിൽ പണി തുടങ്ങി. മന്ത്രിമാരും ജനപ്രതിനിധികളും കൃത്യമായി വിലയിരുത്തൽ നടത്തുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. 27 റോഡുകളുടെ പണി ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 20 -നകം തന്നെ അവ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

undefined

പകലോ രാവോ എന്നില്ലാതെ അതിവേഗ പണി തുടരുന്നു, ഇതുവരെ 27 എണ്ണം സജ്ജം, സിറ്റി സ്മാര്‍ട്ടാകാൻ ദിവസങ്ങളെന്ന് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!