ഉത്തരവാദിത്തപ്പെട്ട ചുമതലകളിൽ നിന്നൊഴിവാക്കി കളക്ടേറ്റിലേക്ക് മാറ്റി നൽകണമെന്ന് മഞ്ജുഷ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം നൽകിയത്.
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം നൽകി ഉത്തരവ്. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. നേരത്തെ കോന്നി തഹസിൽദാർ ആയിരുന്ന മഞ്ജുഷയ്ക്ക് പത്തനംതിട്ട കളക്ടറേറ്റിലേക്കാണ് മാറ്റം നൽകിയത്. നിലവിൽ മഞ്ജുഷ അവധിയിൽ തുടരുകയാണ്. ഉത്തരവാദിത്തപ്പെട്ട ചുമതലകളിൽ നിന്നൊഴിവാക്കി കളക്ടേറ്റിലേക്ക് മാറ്റി നൽകണമെന്ന് മഞ്ജുഷ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം നൽകിയത്.
അതേസമയം, നവീൻ ബാബുവിന്റെ മരണത്തിലെ കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കിയിരിക്കുകയാണ് വിജിലൻസ് സ്പെഷൽ സെൽ. അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും. കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ ആണ് ആരോപണത്തിൽ അന്വേഷണം നടത്തിയത്. പെട്രോൾ പമ്പിന് അനുമതി നൽകുന്നതിനായി കൈക്കൂലി നൽകിയെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. ഇത് പരിശോധിക്കാനായിരുന്നു വിജിലൻസ് സ്പെഷൽ സെല്ലിന് സർക്കാർ നിർദേശം നൽകിയത്. കോൺഗ്രസ് നേതാവായ ടിഒ മോഹനനും വിജിലൻസിനു പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും കഴിഞ്ഞ ദിവസം വിജിലൻസ് രേഖപ്പെടുത്തിയിരുന്നു.
അതിനിടെ, നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കണ്ണൂര്‍ കളക്ടര്‍ക്കും ടിവി പ്രശാന്തിനും നോട്ടീസ് അയച്ചു. ഹര്‍ജി പരിഗണിച്ച കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. കേസ് ഡിസംബര്‍ പത്തിന് വീണ്ടും പരിഗണിക്കും. കേസിൽ പ്രതിചേര്‍ക്കാത്ത ജില്ലാ കളക്ടറുടെയം ടിവി പ്രശാന്തിന്‍റെയും മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കില്ലെയെന്ന സംശയം കോടതി കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ഇരുവര്‍ക്കും കോടതി നോട്ടീസ് അയക്കാൻ നിര്‍ദേശിച്ചത്.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ, യാത്രയയപ്പ് യോഗത്തിന്‍റെ മുഖ്യ സാക്ഷിയായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടിവി പ്രശാന്ത് എന്നിവരുടെ ഫോൺ കോൾ, ടവർ ലോക്കേഷൻ വിവരങ്ങൾ സംരക്ഷിക്കാൻ കോടതി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ജില്ലാ കളക്ടറേറ്റിലേയും നവീൻ ബാബു താമസിച്ച ഇടത്തേയും റെയിൽവേ സ്റ്റേഷനിലേയും, വഴികളിലേയും സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. വേണ്ട തെളിവുകൾ സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. ഫോൺ നമ്പറുകൾ വ്യക്തമല്ലാത്തതും അപൂർണവും എന്ന് ആരോപിച്ച് പ്രോസിക്യൂഷന്റെ റിപ്പോർട്ട് കുടുംബം തള്ളിയിരുന്നു.
undefined
https://www.youtube.com/watch?v=Ko18SgceYX8