കേരളത്തിന് അനുവദിച്ചത് 30 ടിഎംസി, കാവേരി ജലം ഉപയോഗിക്കാൻ വിശദമായ പദ്ധതി രേഖ തയ്യാറാക്കും

By Web TeamFirst Published Sep 29, 2024, 9:02 AM IST
Highlights

9.88 കോടി രൂപയുടെ ഭരണാനുമതി കിട്ടിയതോടെ, വിവിധ ചെറുകിട ജലസേചന പദ്ധതികളുടെ ഭാവി വൈകാതെ വ്യക്തമാകും.

തിരുവനന്തപുരം: സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള കാവേരി ജലം ഉപയോഗിക്കാൻ, വിശദ പദ്ധതി രേഖ തയ്യാറാക്കാൻ ഒരുങ്ങുകയാണ് കേരളം. ഒൻപത് കോടി എണ്‍പത്തിയെട്ട് ലക്ഷം രൂപയുടെ ഭരണാനുമതി കിട്ടിയതോടെ, വിവിധ ചെറുകിട ജലസേചന പദ്ധതികളുടെ ഭാവി വൈകാതെ വ്യക്തമാകും.

കാവേരിയിലേക്ക് വെള്ളമെത്തിക്കുന്ന മൂന്ന് പ്രധാന നദികൾ കേരളത്തിലാണ്. കിഴക്കോട്ട് ഒഴുകുന്ന കബനിയും ഭവാനിയും പാമ്പാറുമാണ് ആ പോഷക നദികൾ. ഇക്കാരണത്താൽ നമ്മളും കാവേരി നദീജല തർക്ക പരിഹാര കരാറിന്‍റെ ഭാഗമായി. കാവേരി ജല തർക്ക പരിഹാര ട്രിബ്യൂണൽ ജലം ഓരോരുത്തർക്കും നൽകിയ വിഹിതം ഇങ്ങനെയാണ്-

Latest Videos

കാവേരിയിലെ ജലം 740 ടിഎംസിയാണ്. ഇതിൽ, ഉത്ഭവസ്ഥാനമായ, കർണാടകത്തിന് 285 ടിഎംസി ഉപയോഗിക്കാം. ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്നത് തമിഴ്നാട്ടിലൂടെയാണ്. അവർക്ക്  404 ടിഎംസി അനുവദിച്ചിട്ടുണ്ട്. കേരളത്തിന് 30 ടിഎംസിയാണ് ലഭിക്കുക. പുതുച്ചേരിക്ക് 7 ടിഎംസി വെള്ളമെടുക്കാം. പരിസ്ഥിതി സംരക്ഷണത്തിനാണ് 10 ടിഎസി.

മൂന്ന് നദികളാണ് കാവേരിയിലേക്ക് കേരളത്തിൽ നിന്ന് ഒഴുകുന്നത്. കിഴക്കോട്ട് ഒഴുകുന്ന കബനി, ഭവാനി, പാമ്പാർ. ഇതിൽ കബനി തടത്തിൽ 21 ടിഎംസി വെള്ളം വയനാട്ടിനെടുക്കാം. പാലക്കാട് ഭവാനി തടത്തിൽ നിന്ന് 6 ടിഎംസി വെള്ളം ഉപയോഗിക്കാം. പാമ്പാർ തടത്തിൽ 3 ടിഎംസിയും ഉപയോഗിക്കാനാണ് അനുമതി. ഇത് പ്രയോജനപ്പെടുത്താൻ ജലസംരക്ഷണ മാർഗങ്ങൾ വേണം. 2030ൽ ട്രിബ്യൂണൽ വിധി പുനപരിശോധിക്കും മുന്നെ ജലസംരക്ഷണ മാർഗങ്ങൾ എല്ലാം നടപ്പിലാക്കണം. മറിച്ചെങ്കിൽ കേരളത്തിന് അർഹമായ ജലം നഷ്ടമാകും. 

ജലവിഹിതം ഉറപ്പാക്കാൻ ഏഴു പദ്ധതികളാണ് കേരളത്തിന് മുന്നിലുള്ളത്. കടമാൻതോട്, തൊണ്ടാർ, ചുണ്ടാലി, നൂൽപ്പുഴ, കല്ലമ്പതി, തിരുനെല്ലി, പെരിങ്ങോട്ടുപുഴ പദ്ധതികളിലൂടെ ജലം വിനിയോഗിക്കാം. കമാൻതോടിന് 1.53 ടിഎംസി,  തൊണ്ടാറിന് 1.75 ടിഎംസി, ചുണ്ടാലിക്ക് 1.32 ടിഎംസി, നൂൽപ്പുഴയ്ക്ക് 1.25 ടിഎംസി, കല്ലമ്പതിക്ക് 2.49 ടിഎംസി, തിരുനെല്ലിക്ക് 1.81 ടിഎംസി, പെരിങ്ങോട്ടുപുഴയ്ക്ക് 1.37 ടിഎംസിയുമാണ് അനുവദിച്ച ജല വിഹിതം. ഇതിൽ ആദ്യ പരിഗണന കടമാൻതോട് പദ്ധതിക്കാണ്. വരൾച്ചാ ബാധിത പ്രദേശമായ മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി മേഖലയിലേക്ക് വെള്ളമെത്തിക്കാൻ ഇത് സഹായിക്കും.

എന്നാൽ പല കാരണങ്ങളാൽ പദ്ധതിയുടെ ശേഷി 0.51 ടിഎംസിയാക്കി കുറച്ചിട്ടുണ്ട്. ഡിപിആർ തയ്യാറാക്കും മുമ്പുള്ള ഭൂപ്രകൃതി സർവേ, ലൈഡാർ സർവേ എന്നിവ പൂർത്തിയാക്കിയിരുന്നു. പദ്ധതി എത്രത്തോളം ജനങ്ങളെ ബാധിക്കും, കൃഷി സ്ഥലം പോകും, വീടുകൾ ഒഴിപ്പിക്കണം എന്നിവയിലും പ്രാഥമിക പഠനം കഴിഞ്ഞിട്ടുണ്ട്. ചെറിയ അണക്കെട്ടാണെങ്കിലും നാട്ടുകാരുടെ രോഷം മറികടക്കുക എളുപ്പമല്ല. പദ്ധതി വന്നില്ലെങ്കിൽ ജലം വിനിയോഗിക്കാനുളള അവകാശം നഷ്ടപ്പെടുകയും ചെയ്യും.

tags
click me!