'പലതും അറിയാമെന്ന ധാരണയിൽ കലയുടെ സഹോദരനെയും ചോദ്യം ചെയ്തു'; കലയുടെ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ കുടുംബങ്ങളും

By Web TeamFirst Published Jul 3, 2024, 12:45 PM IST
Highlights

ഒരു ദിവസം നീണ്ട പരിശോധനക്കൊടുവിൽ അതി വൈകാരികമായി ആയിരുന്നു മകന്റെ പ്രതികരണം. പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അരിച്ചു പെറുക്കിയുള്ള പരിശോധനയിൽ അവർക്കൊന്നും കിട്ടിയില്ലെന്നും മകൻ പറയുന്നു. 
 

മാന്നാർ: ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകം പൊലീസ് സ്ഥിരീകരിച്ചെങ്കിലും അനിലിന്റെയും കലയുടെയും വീട്ടുകാർക്കും നാട്ടുകാർക്കും ഇത് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. കല ജീവനോടെ തിരിച്ചുവരുമെന്നാണ് മകന്റെ പ്രതീക്ഷ. കാണാതായ കല കൊല്ലപ്പെട്ടന്ന് അറിഞ്ഞതിന്റെ ഞെട്ടലും രണ്ടു വീട്ടുകാർക്കും മാറിയിട്ടില്ല.

15 കൊല്ലത്തിന് ഇപ്പുറം കൊലപാതകത്തിന്റെ ചുരുൾ അഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അപ്രതീക്ഷിതമായി കേട്ട വാർത്തയോട് എങ്ങനെ പ്രതികരിക്കണമെന്ന് പോലും അറിയാതെ ആശങ്കയിലാണ് അനിലിന്റെയും കലയുടെയും കുടുംബംങ്ങൾ. പൊലീസ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് 16 കാരനായ മകനടക്കം സംഭവികാസങ്ങൾ അറിയുന്നത്. ഒരു ദിവസം നീണ്ട പരിശോധനക്കൊടുവിൽ അതി വൈകാരികമായി ആയിരുന്നു മകന്റെ പ്രതികരണം. പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അരിച്ചു പെറുക്കിയുള്ള പരിശോധനയിൽ അവർക്കൊന്നും കിട്ടിയില്ലെന്നും മകൻ പറയുന്നു. 

മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്ന കല വർഷങ്ങൾക്കു മുമ്പ് കുട്ടിയെ ഉപേക്ഷിച്ച് പോയതാണെന്നും അനിൽ നിരപരാധിയാണെന്നും അച്ഛൻ തങ്കച്ചൻ പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട പലതും അറിയാമെന്ന ധാരണയിലാണ് കലയുടെ സഹോദരനായ അനിലിനെയും പൊലീസ് ചോദ്യം ചെയ്തത്. ഒരു ദിവസം നീണ്ടുനിൽക്കുന്ന ചോദ്യം ചെയ്യലായിരുന്നു അത്. അനിലും കലയും തമ്മിൽ വലിയ സ്നേഹമായിരുന്നെന്നാണ് കലയുടെ സഹോദരന്റെ ഭാര്യ പറയുന്നത്.

വർഷങ്ങൾക്കു മുമ്പ് കല മറ്റൊരാൾക്കൊപ്പം പോയെന്നു തന്നെയാണ് നാട്ടുകാരും വിശ്വസിച്ചിരുന്നത്. പലതവണ പലയിടത്തും കലയെ കണ്ടെന്നും നാട്ടിൽ കഥകൾ പ്രചരിച്ചിരുന്നു. 15 വർഷമായി ഒരാളെ കാണാതായിട്ടും ബന്ധുക്കൾ ആരുംതന്നെ യുവതിയെ അന്വേഷിച്ചിട്ടില്ല എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം. അനിലിനെ വിവാഹം ചെയ്ത ശേഷം മറ്റൊരാൾക്കൊപ്പം പോയെന്നത് നാണകേടുണ്ടാക്കി എന്നതാണ് അന്വേഷിക്കാതിരിക്കാനുള്ള കാരണമായി ബന്ധുക്കൾ പറയുന്നത്. ഒരുപക്ഷേ കലക്ക് വേണ്ടി ഒരു അന്വേഷണം മുമ്പ് എപ്പോഴെങ്കിലും നടന്നിരുന്നെങ്കിൽ കൊലപാതകം നേരത്തെ തെളിഞ്ഞേനെയെന്നും അഭിപ്രായം ഉയരുന്നു. 

ഏസ്എഫ്ഐയുടെ ചോരക്കൊതി മാറുന്നില്ല,കാര്യവട്ടത്ത് എംഎല്‍എ മാരെ ആക്രമിച്ചത് പോലീസിന്‍റെ ഒത്താശയോടെ:വിഡിസതീശന്‍

https://www.youtube.com/watch?v=Ko18SgceYX8

click me!