കാപ്പാ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച് സിപിഎം: ഉദ്ഘാടനം ചെയ്തത് മന്ത്രി, മാലയിട്ടത് ജില്ലാ സെക്രട്ടറി

By Web Team  |  First Published Jul 5, 2024, 10:33 PM IST

സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരൺ ചന്ദ്രൻ കഴിഞ്ഞ മാസം 23നാണ് ജയിലിൽ നിന്ന് ഇറങ്ങിയത്


പത്തനംതിട്ട: കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെയാണ് സിപിഎം മാലയിട്ട് സ്വീകരിച്ചത്. സ്വീകരണ പരിപാടി മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പ്രതിക്ക് മാലയിട്ടു. കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനൽ കേസുകളിലെയും പ്രതിയാണ് ശരൺ ചന്ദ്രൻ. 60ഓളം പേരെ പാർട്ടിയിലേക്ക് ചേർത്ത പരിപാടിയിലാണ് ശരൺ ചന്ദ്രൻ പങ്കെടുത്തത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരൺ ചന്ദ്രൻ കഴിഞ്ഞ മാസം 23നാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.

ശരണടക്കം 60 ഓളം പേരെ കുമ്പഴ ഭാഗത്തുള്ള ഓഡിറ്റോറിയത്തിൽ വച്ച് ഇന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു. കാപ്പാ കേസ് ചുമത്തിയ ശരൺ ചന്ദ്രൻ തുടര്‍ന്നും ക്രിമിനൽ കേസിൽ ഉൾപ്പെട്ടതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ നാടുകടത്തിയിരുന്നില്ല. ആ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ഇയാൾ, വീണ്ടും ക്രിമിനൽ കേസിൽ ഉൾപ്പെട്ടതോടെ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. പിന്നീട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയാണ് പുറത്തിറങ്ങിയത്.

Latest Videos

ഇഡ്ഡലി എന്നാണ് ശരൺ ചന്ദ്രൻ്റെ വിളിപ്പേര്. പാര്‍ട്ടിയുടെ നവമാധ്യമങ്ങളിൽ അടക്കം ശരൺ ചന്ദ്രൻ്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സിപിഎം നേതൃത്വം ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാൽ പത്തനംതിട്ടയിൽ മലയാലപ്പുഴ മേഖലയിൽ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്ത് പരസ്യമായി തന്നെ രംഗത്ത് വന്നു. പലരും വാട്സ്ആപ്പുകളിലും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഈ സ്വീകരണ നടപടിയെ വിമര്‍ശിച്ചു. മന്ത്രി പങ്കെടുത്ത പരിപാടിയിൽ കാപ്പാ കേസ് പ്രതിക്ക് സ്വീകരണം നൽകുന്ന കാര്യം പൊലീസിൻ്റെ ഇൻ്റലിജൻസ് സംവിധാനം മനസിലാക്കാതിരുന്നതും മുന്നറിയിപ്പ് നൽകാതിരുന്നതും എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!