Kerala Budget 2022 : സിൽവർ ലൈൻ ഭൂമിയേറ്റെടുക്കാൻ 2000 കോടി, ആകെചിലവ് 63,941 കോടി, കേന്ദ്രാനുമതി പ്രതീക്ഷ

By Web Team  |  First Published Mar 11, 2022, 10:57 AM IST

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സിൽവർ ലൈൻ അർധ അതിവേഗ പാതക്ക് കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.- ധനമന്ത്രി 


തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സിൽവർ ലൈൻ അർധ അതിവേഗ പാത (Silver Line) പദ്ധതിക്ക് വേണ്ടി ഭൂമിയേറ്റെടുക്കാനായി 2000 കോടി ബജറ്റിൽ അനുവദിച്ച് (Kerala Budget 2022) ധനമന്ത്രി കെഎൻ ബാലഗോപാൽ. പദ്ധതിക്ക് 63,941 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വികസന പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന് വലിയ മാറ്റമുണ്ടാക്കുന്ന പദ്ധതിയാണ് കെ റെയിൽ. നിലവിൽ ഏറ്റവും പരിസ്ഥിതി സൌഹാർദ്ധ പദ്ധതിയായ ഇലക്ട്രിക്ക് ട്രെയിൻ കേരളത്തിന് വലിയ മാറ്റം കൊണ്ടുവരും. ഭൂമിയേറ്റെടുക്കലിനായി അനുവദിക്കുന്ന 2000 കോടി കിഫ്ബി വഴി ആദ്യ ഘട്ടത്തിൽ നൽകുമെന്നും ധനമന്ത്രി അറിയിച്ചു. 

വിലക്കയറ്റം തടയാൻ 2000 കോടി 

Latest Videos

undefined

ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിലെ ആദ്യ പ്രഖ്യാപനം വിലക്കയറ്റം തടയുന്നതിന് വേണ്ടിയാണ്. ഇതിനായി സംസ്ഥാന ബജറ്റിൽ 2000 കോടി വകയിരുത്തി. യുദ്ധത്തിന് ശേഷം വൻ വിലക്കയറ്റമുണ്ടാകും. അതിനാൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും വേണ്ടിയാണ് 2000 കോടി അനുവദിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. 

വിലക്കയറ്റത്തെ നേരിടാൻ നമ്മുടെ പൊതു സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം പുകൾപ്പെറ്റതാണ്. സർക്കാർ അർധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. വില സ്ഥിരത ഉറപ്പാക്കും. മഹാമാരിക്കാലത്ത് നിത്യോപയോഗ സാധനങ്ങളായ പച്ചക്കറികളുടെയടക്കം ഉത്പ്പാദനം വർധിപ്പിക്കാനായെന്നും ആ നല്ല  മാതൃക മുന്നിലുണ്ടെന്നും ധനമന്ത്രി ഓർമ്മിപ്പിച്ചു. 

Kerala Budget 2022 : മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം, ഗവേഷണത്തിന് 2 കോടി; റബ്ബർ സബ്സിഡിക്ക് 500 കോടി

കേന്ദ്രത്തിന് വിമർശനം 

ബജറ്റ് അവതരണത്തില്‍കേന്ദ്രസര്‍ക്കാരിനെ  ധനമന്ത്രി കെ എൻ ബാലഗോപാൽ രൂക്ഷമായി വിമര്‍ശിച്ചു.  കൊവിഡ് കാലത്തുണ്ടായ പ്രതിസന്ധി നേരിടാന്‍ കേന്ദ്രനയം സഹായകമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 
 സമ്പദ്ഘടനയ്ക്കും പൗരന്മാര്‍ക്കും ഉണ്ടായ ക്ഷീണവും നഷ്ടവും പരിഹരിക്കാന്‍ ഭരണകൂടത്തിന്‍റെ ശക്തമായ ഇടപെടല്‍ ഉണ്ടാവണം. ജനങ്ങളുടെ കയ്യിലേക്ക് പണമെത്തിച്ച് സമ്പദ്ഘടനയിലെ ഡിമാന്‍റ് വര്‍ധിപ്പിക്കണം. അസമത്വം ലഘൂകരിക്കണം. ചെറുകിട വ്യവസായ വ്യാപാര സംഘങ്ങളെ സഹായിക്കണം. പശ്ചാത്തലമേഖലയില്‍ വലിയ തോതില്‍ പൊതുനിക്ഷേപമുണ്ടാകണം. എന്നാല്‍ ധനകാര്യ യാഥാസ്ഥിതികത്വം തലയ്ക്ക് പിടിച്ച കേന്ദ്രസര്‍ക്കാര്‍ അതിനൊന്നും തയ്യാറാവുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

Kerala Budget 2022-23 ന്റെ പൂർണ്ണമായ കവറേജും ഹൈലൈറ്റുകളും മലയാളത്തിൽ അറിയാനായി ഏഷ്യാനെറ്റ് ന്യൂസ്

click me!