മൂന്നാം ലോകമഹായുദ്ധം തുടങ്ങി, ഉത്തര കൊറിയയും ചൈനയും ഇറാനും റഷ്യയ്ക്കൊപ്പം: യുക്രൈൻ മുൻ സൈനിക മേധാവി

By Web Team  |  First Published Nov 25, 2024, 8:50 AM IST

വൻശക്തികളായ റഷ്യയും യുഎസും യുക്രൈൻ യുദ്ധത്തിൽ നേരിട്ട് പങ്കാളികളാകുന്നത് മൂന്നാം ലോക മഹായുദ്ധം തുടങ്ങി എന്നതിന്‍റെ തെളിവാണെന്ന് യുക്രൈൻ മുൻ സൈനിക മേധാവി


കീവ്: മൂന്നാം ലോക മഹായുദ്ധം ഇതിനകം തുടങ്ങിയെന്ന് യുക്രൈന്‍റെ മുൻ സേനാ മേധാവി വലേരി സലുഷ്നി. വൻശക്തികളായ റഷ്യയും യുഎസും യുക്രൈൻ യുദ്ധത്തിൽ നേരിട്ട് പങ്കാളികളാകുന്നത് ഇത് തെളിയിക്കുന്നു. ഉത്തര കൊറിയ, ഇറാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഈ യുദ്ധത്തിൽ റഷ്യയുടെ പക്ഷത്താണെന്നും സലുഷ്നി പറയുന്നു. യുക്രൈനിലെ ഓണ്‍ലൈൻ പത്രമായ യുക്രൈൻസ്കാ പ്രാവ്ദയുടെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സലുഷ്നി.

ഈ വർഷം യുക്രൈനെ റഷ്യ അല്ല നേരിടുന്നതെന്ന് മുൻ സേനാ മേധാവി വിശദീകരിച്ചു. യുക്രൈനെതിരെ ഉത്തര കൊറിയൻ സൈനികരുടെ വിന്യാസം, യുക്രൈനിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് ഇറാന്‍റെ ഡ്രോണ്‍ ആക്രമണം, ഉത്തര കൊറിയയുടെയും ചൈനയുടെയും ആയുധങ്ങൾ എന്നിവയെല്ലാം യുദ്ധത്തിന്‍റെ അന്താരാഷ്ട്ര വ്യാപ്തിയെ സൂചിപ്പിക്കുന്നതാണെന്ന് വലേരി സലുഷ്നി പറയുന്നു. അതുകൊണ്ടുതന്നെ 2024ൽ മൂന്നാം ലോക മഹായുദ്ധം തുടങ്ങിയെന്ന് താൻ കരുതുന്നതായി സലുഷ്നി പറഞ്ഞു. 

Latest Videos

undefined

റഷ്യക്കെതിരായ യുദ്ധ തന്ത്രങ്ങളെ കുറിച്ച് സെലൻസ്കിയുമായി അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഈ ഫെബ്രുവരിയിൽ സലുഷ്നിയെ സൈനിക മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. വിശാലമായ പിന്തുണ ലഭിച്ചില്ലെങ്കിൽ യുക്രൈന്‍റെ വിജയം അനിശ്ചിതമായി തുടരുമെന്ന് സലുഷ്നി പറഞ്ഞു. 

അതിനിടെ റഷ്യയിലേക്ക് ആഴത്തിൽ പതിക്കാൻ ശേഷിയുള്ള അമേരിക്കൻ, ബ്രിട്ടീഷ് മിസൈലുകൾ യുക്രൈൻ ഉപയോഗിച്ചതിന് മറുപടിയായാണ് യുക്രൈനിലേക്ക് പുതിയ ഇന്‍റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതെന്ന് റഷ്യൻ പ്രസിഡന്‍റ് പുടിൻ പറഞ്ഞു. പുതിയ മിസൈലിനെ തടയാൻ യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ശക്തിയില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി. അത് ശബ്ദത്തിന്‍റെ പത്തിരട്ടി വേഗതയിൽ സഞ്ചരിക്കുമെന്നും പുടിൻ അവകാശപ്പെട്ടു. 

പിന്നാലെ ഉപരോധം മറികടന്ന് ഉത്തര കൊറിയയ്ക്ക് റഷ്യ വലിയ തോതിൽ ഇന്ധനം നൽകുന്നതായി റിപ്പോർട്ട്. മാർച്ച് മാസം മുതൽ റഷ്യ ലക്ഷക്കണക്കിന് ബാരൽ ഇന്ധനം ഉത്തര കൊറിയയ്ക്ക് നൽകിയതായാണ് സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി ഓപ്പൺ സോഴ്സ് സെന്ററിന്‍റെ റിപ്പോർട്ട്. യുക്രൈനെതിരായ യുദ്ധമുഖത്തേക്ക് റഷ്യയ്ക്കായി ആയുധങ്ങളേയും സൈനികരേയും വിട്ടു നൽകിയ പ്യോംങ്യാംഗിനുള്ള പ്രത്യുപകാരമാണ് ഇന്ധനമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യുഎൻ ഉപരോധം മറികടന്നാണ് ഈ നീക്കം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!