അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ വാശിയേറിയ പോരാട്ടമാണ് ട്രംപും കമലയും കാഴ്ചവെക്കുന്നത്
വാഷിങ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിൽ വ്യക്തിപരമായ പരാമർശങ്ങളും അധിക്ഷേപങ്ങളും തുടരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാർത്ത റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപിനെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ് ഫാസിസ്റ്റാണെന്ന് വിശേഷിപ്പിച്ചതാണ്. സി എൻ എൻ നടത്തിയ ചർച്ചയിൽ പങ്കെടുക്കവെയാണ് കമല, ട്രംപ് ഒരു ഫാസിസ്റ്റാണെന്നാണ് പറഞ്ഞത്. പ്രസിഡന്റ് പദവി വഹിക്കാൻ ട്രംപ് അനുയോജ്യനല്ലെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തിരുന്നു.
ട്രംപ് പ്രസിഡന്‍റായിരുന്ന കാലഘട്ടത്തിൽ വൈറ്റ് ഹൗസിൽ പ്രവർത്തിച്ച പല റിപബ്ലിക്കൻ പാർട്ടി അംഗങ്ങളും ദേശീയ സുരക്ഷ ഉപദേഷ്ടാവും ഡിഫൻസ് സെക്രട്ടറിയുമടക്കം ട്രംപ് പദവിക്ക് അനുയോജ്യനല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും കമല വെളിപ്പെടുത്തി. ട്രംപ് അമേരിക്കൻ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് ഇവരെല്ലാം വെളിപ്പെടുത്തിയതെന്നും കമല ഹാരിസ് അഭിപ്രായപ്പെട്ടു.
undefined
അതേസമയം അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ വാശിയേറിയ പോരാട്ടമാണ് ട്രംപും കമലയും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോൾ അഭിപ്രായ സർവേകളുടെ ഫലവും മാറി മറിയുകയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന വാൾസ്ട്രീറ്റ് ജേണൽ വോട്ടെടുപ്പ് സർവെ ഫലം ട്രംപ് ആരാധകർക്ക് സന്തോഷം നൽകുന്നതാണ്.
ബൈഡന്‍റെ പകരക്കാരിയായി കമല സ്ഥാനാർത്ഥിയായെത്തിയപ്പോളുള്ള അഭിപ്രായ സർവേകളിൽ തിരിച്ചടി നേരിട്ടിരുന്ന മുൻ പ്രസിഡന്‍റ് ഇപ്പോൾ മുന്നേറുന്നുണ്ടെന്നാണ് വാൾസ്ട്രീറ്റ് ജേണൽ ചൂണ്ടികാട്ടുന്നത്. ഹാരിസിനേക്കാൾ നേരിയ ലീഡ് ട്രംപ് നേടിയെന്നാണ് സർവെ ഫലം വിവരിക്കുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിക്ക് 47 ശതമാനം വോട്ട് ലഭിച്ചപ്പോൾ ഡൊമാക്രാറ്റ് സ്ഥാനാർത്ഥിക്ക് 45 ശതമാനമാണ് വോട്ട് ലഭിച്ചത്. അതായത് കമല ഹാരിസിനെ രണ്ട് പോയിന്‍റിന് പിന്നിലാക്കാൻ ട്രംപിന് സാധിച്ചു എന്ന് സാരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം