കടുവകളെ നിത്യേന കാണേണ്ടി വരുന്നതും ഇവയുടെ മുരൾച്ചയും ശബ്ദങ്ങളും കുട്ടികളെ അടക്കം ഭയപ്പെടുത്തുന്നുവെന്നും അസഹ്യമായ നാറ്റമാണ് ഇവയ്ക്കുള്ളതെന്നും അയൽവാസികൾ
ആഖ്ര: അയൽവാസിയുടെ വളർത്തുമൃഗം ഭീകരജീവി, പരാതിയുമായി കോടതിയിലെത്തി നാട്ടുകാർ. ഘാനയുടെ തലസ്ഥാനമായ ആഖ്രയിലാണ് രണ്ട് വെള്ളക്കടുവകൾ കോടതി കയറേണ്ടി വന്നിരിക്കുന്നത്. ആഖ്രയിലെ വ്യാപാരിയാണ് വളർത്തുമൃഗത്തിന്റെ പേരിലുള്ള നിയമപോരാട്ടത്തിലൂടെ വൈറലായിരിക്കുന്നത്. നാനാ ഖ്വാമേ ബേഡിയാകോ എന്ന വ്യാപാരി കഴിഞ്ഞ വർഷമാണ് രണ്ട് വെള്ളക്കടുവകളെ ദുബായിയിൽ നിന്ന് ഘാനയിലേക്ക് എത്തിച്ചത്. ആഡംബര വീടിന് സമീപത്തെ കൂടിനുള്ളിലായിരുന്നു ഇവയെ സൂക്ഷിച്ചിരുന്നത്. എന്നാൽ കടുവകൾ വളർന്ന് വലുതായതോടെ അയൽവാസികളുടെ കൌതുകം ഭീതിയിലേക്ക് മാറിയതോടെയാണ് സംഭവം കോടതിയിലേക്ക് എത്തിയത്.
നാട്ടിലുള്ളവർക്ക് അപൂർവ്വ ജീവിയെ കാണാനുള്ള അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരവധി വീടുകളുള്ള ജനവാസ മേഖലയിലെ ആഡംബര വസതിയിൽ കടുവകളെ എത്തിച്ചതെന്നാണ് നാനാ ഖ്വാമേ ബേഡിയാകോ പറയുന്നത്. എന്നാൽ കടുവകളെ നിത്യേന കാണേണ്ടി വരുന്നതും ഇവയുടെ മുരൾച്ചയും ശബ്ദങ്ങളും കുട്ടികളെ അടക്കം ഭയപ്പെടുത്തുന്നുവെന്നും അസഹ്യമായ നാറ്റമാണ് ഇവയ്ക്കുള്ളതെന്നുമാണ് അയൽവാസികൾ പറയുന്നത്. ഇതോടെയാണ് നാനാ ഖ്വാമേ ബേഡിയാകോയുടെ അയൽവാസികൾ കോടതിയിലെത്തിയത്. വളരെ അപൂർവ്വമായി മാത്രം കാണാറുള്ള വെള്ളക്കടുവകൾ പൂർണ വളർച്ചയെത്തിയത് തന്റെ ദീർഘകാലത്തെ പരിശ്രമ ഫലമാണെന്നും അവ പൊതുജനത്തിന് ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കിയാണ് അവയെ വളർത്തുന്നതെന്നുമാണ് വ്യാപാരി വിശദമാക്കിയത്.
undefined
വിദഗ്ധരെ ഉപയോഗിച്ചാണ് ഇവയ്ക്കായുള്ള കൂടുകൾ നിർമ്മിച്ചിരിക്കുന്നതെന്നും ഒരു വിധത്തിലും ഇവ അയൽവാസികളുടെ ജീവന് ആപത്തുണ്ടാക്കില്ലെന്നാണ് നാനാ ഖ്വാമേ ബേഡിയാകോ കോടതിയിൽ വിശദമാക്കിയത്. ആഖ്രയിലെ മതിലുള്ള വീടിനുള്ളിലെ കൂടുകളിലാണ് കടുവകളെ സൂക്ഷിച്ചിരിക്കുന്നത്. ഈ വാദങ്ങള്‍ തള്ളിയ കോടതി അയൽവാസിക്ക് അനുകൂലമായാണ് തീരുമാനം എടുത്തിരിക്കുന്നത്. നവംബർ അവസാനത്തോടെ വനംവകുപ്പിനോട് ജനവാസ മേഖലയിൽ നിന്ന് കടുവയെ മാറ്റണമെന്നാണ് വനംവകുപ്പിനോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ വ്യാപാരി മറ്റൊരിടത്ത് കൂട് നിർമ്മിച്ചാൽ അവിടേക്ക് മാത്രമേ കടുവകളെ മാറ്റാനാവൂവെന്നാണ് വനംവകുപ്പ് കോടതിയെ അറിയിച്ചിട്ടുള്ളത്.
അതേസമയം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പുതിയൊരു കൂട് പണിയാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരുമെന്നാണ് വ്യാപാരി പറയുന്നത്. കടുവകളെ ബലം പ്രയോഗിച്ച് നീക്കാനുള്ള നീക്കം അപകടകരമാകുമെന്ന മുന്നറിയിപ്പും വ്യാപാരി നൽകിയതോടെ ഫോറസ്റ്റ് വകുപ്പും വെട്ടിലായി. തുടർനടപടികൾ ഇല്ലാതെ വന്നതോടെ അയൽക്കാർ വീണ്ടും കോടതിയിലെത്തി. പിന്നാലെ അറസ്റ്റ് വാറന്റാണ് കോടതി ഉത്തരവിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം