അറസ്റ്റിലായ ചിന്മോയ് കൃഷ്ണദാസ് ബ്രഹ്മചാരിക്ക് ഇന്ന് ബംഗ്ലാദേശ് കോടതി ജാമ്യം നിഷേധിച്ചിരുന്നു
ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു സംഘടനയായ ഇസ്കോൺ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) ന്‍റെ പ്രവർത്തനം നിരോധിക്കണമെന്ന ആവശ്യം ധാക്ക ഹൈക്കോടതി അംഗീകരിച്ചില്ല. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ച സാഹചര്യത്തിൽ സ്വമേധയാ കേസെടുത്തു നിരോധിക്കണമെന്ന ആവശ്യത്തിൽ ഇടപെടുന്നില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈന്ദവ ആത്മീയ നേതാവ് ചിന്മോയ് കൃഷ്ണദാസ് ബ്രഹ്മചാരിയുടെ അറസ്റ്റിനുശേഷം വർഗീയ സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇസ്കോണിന്റെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
undefined
അതേസമയം അറസ്റ്റിലായ ചിന്മോയ് കൃഷ്ണദാസ് ബ്രഹ്മചാരിക്ക് ഇന്ന് ബംഗ്ലാദേശ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ബംഗ്ലാദേശിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ചിന്മയ് കൃഷ്ണദാസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിച്ച് ധാക്കയിലും ചിറ്റഗോങ്ങിലും ചിന്മയ് കൃഷ്ണദാസിന്‍റെ അനുയായികൾ പ്രതിഷേധിവുമായി രംഗത്ത് എത്തിയിരുന്നു. സമ്മിളിത സനാതനി ജോതെ നേതാവായ കൃഷ്ണദാസ് ബ്രഹ്മചാരിയെ തിങ്കളാഴ്ച ധാക്കയിലെ വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അനുയായികളുടെ പ്രതിഷേധങ്ങൾക്കിടെ കനത്ത സുരക്ഷയിലാണ് ചിന്മോയ് കൃഷ്ണദാസിനെ കോടതിയിൽ എത്തിച്ചത്. ജാമ്യം നിഷേധിച്ച ചിറ്റഗോങ്ങ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി ചിന്മയ് കൃഷ്ണദാസിനെ 24 മണിക്കൂർ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ജയിൽ ചട്ടങ്ങൾപ്രകാരം മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുവദിക്കണമെന്ന് ജയിൽ അധികൃതർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം ചിന്മോയ് കൃഷ്ണദാസിന് ജാമ്യം നൽകാത്ത കോടതി നടപടിയിൽ ആശങ്കയറിയിച്ച് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് വിരമിച്ച 68 ജഡ്ജിമാരും റിട്ട. ഉദ്യോഗസ്ഥരുമടങ്ങിയ സംഘം പ്രധാനമന്ത്രിയോട് അഭ്യർത്ഥന നടത്തിയിരുന്നു. ചിൻമോയ് കൃഷ്ണദാസ് ബ്രഹ്മചാരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യ ആവശ്യമായ ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് അവർ മുന്നോട്ട് വച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം