'അങ്കാര ഭീകരാക്രമണത്തിന് പിന്നിൽ കുർദിഷ് സംഘടന', അപലപിച്ച് ലോകം; കുർദിഷ് കേന്ദ്രങ്ങളിൽ തുർക്കിയുടെ തിരിച്ചടി

By Web Team  |  First Published Oct 24, 2024, 4:53 PM IST

വടക്കൻ ഇറാഖിലെയും സിറിയയിലെയും കുർദിഷ് കേന്ദ്രങ്ങൾക്കെതിരെ വ്യോമാക്രമണം നടത്തിയെന്നും 32 കേന്ദ്രങ്ങൾ തകർത്തെന്നും തുർക്കി അറിയിച്ചു


അങ്കാര: തലസ്ഥാനമായ അങ്കാറയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പി കെ കെ) യാണെന്ന് തുർക്കി. അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനി ആസ്ഥാനത്ത് നടന്ന നടുക്കുന്ന ഭീകരാക്രമണത്തിൽ 5 പേർക്ക് ജീവൻ നഷ്ടമാകുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുർക്കിയിൽ നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അലി യെർലികായ സംഭവത്തിൽ ശക്തായ തിരിച്ചടിയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ അങ്കാറ ഭീകരാക്രമണത്തിന് പിന്നിൽ കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയാണെന്ന് വ്യക്തമാക്കി തുർക്കി തിരിച്ചടിയും തുടങ്ങിയിട്ടുണ്ട്. ഇറാഖിലെയും സിറിയയിലെയും കുർദിഷ് ശക്തികേന്ദ്രങ്ങളിൽ ആക്രമണം തുടങ്ങി. ഭീകരാക്രമണങ്ങളെ നേരിടാൻ ലോകം ഒപ്പം നിൽക്കണമെന്നും തു‍ർക്കി അഭ്യർഥിച്ചിട്ടുണ്ട്. വടക്കൻ ഇറാഖിലെയും സിറിയയിലെയും കുർദിഷ് കേന്ദ്രങ്ങൾക്കെതിരെ വ്യോമാക്രമണം നടത്തിയെന്നും തുർക്കി വ്യക്തമാക്കി. പതിറ്റാണ്ടുകളായി തുർക്കിയിൽ കലാപത്തിന് ശ്രമിക്കുന്ന വിഘടനവാദി ഗ്രൂപ്പായ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുമായി ബന്ധപ്പെട്ട 32 കേന്ദ്രങ്ങൾ വ്യോമസേന തകർത്തതായും  തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Latest Videos

undefined

വെടിവെപ്പും സ്ഫോടനവും, തുർക്കിയിൽ ഭീകരാക്രമണം; 5 പേർ കൊല്ലപ്പട്ടു, ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല

അതേസമയം അങ്കാറ ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്കയും റഷ്യയുമടക്കമുള്ള ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അങ്കാറ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നാണ് അമേരിക്ക പറഞ്ഞത്. തങ്ങളുടെ സഖ്യ രാജ്യമായ തുർക്കിക്കെതിരായ ആക്രമണത്തെ ശക്തമായി നേരിടുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ വ്യക്താമാക്കി. ഭീകരാക്രമണത്തെ നേരിടാൻ ലോകം ഒറ്റക്കെട്ടായി നിൽക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. റഷ്യയും അങ്കോറ ഭീകരാക്രമണത്തെ ശക്തമായാണ് അപലപിച്ചത്. ഭീകരവാദത്തെ എല്ലാ അർത്ഥത്തിലും അപലപിക്കുന്നുവെന്നും കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ വേദനക്കൊപ്പമുണ്ടെന്നുമാണ് റഷ്യ വ്യക്തമാക്കിയത്.

അതേസമയം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. തു​ർ​ക്കി​ഷ് എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിന്റെ (ടു​സാ​സ് ) പ്രവേശന കവാടത്തിന് ചുറ്റും രണ്ടുപേർ വെടിവെക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഷിഫ്റ്റ് മാറുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. തുസാസ് കാമ്പസിൽ ഏകദേശം 15,000 പേരാണ് ജോലി ചെയ്യുന്നതെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!