തകർന്ന തൂണിൽ ഇടിച്ച് ക്യാബിൻ തകർന്നു, തുർക്കിയിൽ കേബിൾ കാർ അപകടത്തിൽ ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്

By Web Team  |  First Published Apr 14, 2024, 12:58 PM IST

കൂട്ടിയിടിക്ക് പിന്നാലെ ഈ തൂൺ സമീപത്തെ പ്രവർത്തന ക്ഷമമായ ഒരു തൂണിന് മേലേക്ക് പതിച്ചതാണ് കേബിൾ കാറുകൾ കുടുങ്ങാൻ കാരണമായത്


ആന്റലിയ: തെക്കൻ തുർക്കിയിൽ കേബിൾ കാർ തകർന്ന് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 10 പേർക്ക് പരിക്കുണ്ട്. അപകടത്തേ തുടർന്ന് നിരവധി യാത്രക്കാരാണ് മണിക്കൂറുകൾ കേബിൾ കാറുകളിൽ കുടുങ്ങിയത്. 16 കേബിൾ കാറുകളിൽ നിന്നായി നൂറിലേറെ യാത്രക്കാരെയാണ് മണിക്കൂറുകൾ നീണ്ട രക്ഷ ദൗത്യത്തിലൂടെ മോചിപ്പിച്ചത്.

കേബിൾ കാറിന്റെ ക്യാബിൻ തകർന്ന തൂണുമായി കൂട്ടിയിടിച്ച് വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കൂട്ടിയിടിക്ക് പിന്നാലെ ഈ തൂൺ സമീപത്തെ പ്രവർത്തന ക്ഷമമായ ഒരു തൂണിന് മേലേക്ക് പതിച്ചതാണ് കേബിൾ കാറുകൾ കുടുങ്ങാൻ കാരണമായത്. അപകടത്തോടെ പ്രവർത്തിച്ചിരുന്ന എല്ലാ കാറുകളിലും ആളുകൾ കുടുങ്ങിയതും രക്ഷാ പ്രവർത്തകർക്ക് വെല്ലുവിളിയായി.

Latest Videos

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ വിശദമാക്കി. തുർക്കിയിലെ ദുരന്ത നിവാരണ ഏജൻസിയുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ 128 യാത്രക്കാരെയാണ് വെള്ളിയാഴ്ച രാത്രി തെക്കൻ തുർക്കിയിലെ ആന്റലിയയിൽ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ 43 പേരാണ് ഇതിൽ കുടുങ്ങിയത്. 500 രക്ഷാ പ്രവർത്തകരും ഏഴ് ഹെലികോപ്ടറുകളും പർവ്വതാരോഹകരുടേയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിച്ചത്. 

ആന്റലിയ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കേബിൾ കാർ സംവിധാനത്തിലാണ് തകരാറുണ്ടായത്. വിനോദ സഞ്ചാരികളെ കോണ്യാൽടി ബീച്ചിൽ നിന്ന് 618 മീറ്റർ ഉയരത്തിലുള്ള ടൂണെക്ട്പെ മലയിലേക്ക് കൊണ്ടു പോവുന്നതായിരുന്നു ഈ കേബിൾ കാറുകൾ. ആറ് പേർക്ക് വീതം സഞ്ചരിക്കാവുന്ന 36 ക്യാബിനുകളാണ് ഈ കേബിൾ കാർ സംവിധാനത്തിലുണ്ടായിരുന്നത്. 9 മിനിറ്റ് നീളുന്നതാണ്  കേബിൾ കാറിലൂടെയുള്ള യാത്ര. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!