ജനിക്കുന്ന കുട്ടികളെക്കാള്‍ കൂടുതല്‍പ്പേര്‍ ഒരു വര്‍ഷം മരിക്കുന്നു; അപകട മുനമ്പില്‍ ഒരു രാജ്യം.!

By Web Team  |  First Published Jan 5, 2021, 8:37 PM IST

കഴിഞ്ഞവര്‍ഷം ദക്ഷിണ കൊറിയയില്‍ 2,75,800 കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ 3,07,764 പേര്‍ മരിച്ചു. ജനനനിരക്ക്‌ 2019-ലേതിനേക്കാള്‍ 10% കുറവുമാണ്‌. 


സോള്‍: ദക്ഷിണ കൊറിയയില്‍ ചരിത്രത്തിലാദ്യമായി, രാജ്യത്തെ ജനനനിരക്ക്, മരണനിരക്കിനെക്കാള്‍ താഴെയായി.  നേരത്തേതന്നെ, ലോകത്തേറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. ജനനനിരക്കിനേക്കാള്‍ മരണനിരക്ക്‌ ഉയര്‍ന്നുനില്‍ക്കുന്ന വിചിത്രപ്രതിഭാസം രാജ്യത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായിരിക്കുകയാണ്‌. 

കഴിഞ്ഞവര്‍ഷം ദക്ഷിണ കൊറിയയില്‍ 2,75,800 കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ 3,07,764 പേര്‍ മരിച്ചു. ജനനനിരക്ക്‌ 2019-ലേതിനേക്കാള്‍ 10% കുറവുമാണ്‌. ഭരണകൂടത്തിന്റെ നയങ്ങളില്‍ത്തന്നെ മാറ്റം വരുത്തേണ്ട അനിവാര്യതയിലേക്കാണു കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്‌. യുവാക്കളുടെ എണ്ണം കുറയുന്നതു തൊഴില്‍മേഖലകളെയും അതുവഴി രാജ്യത്തിന്റെ സമ്പദ്‌ഘടനയേയും ബാധിക്കും.

Latest Videos

undefined

ജനനനിരക്ക്‌ ഉയര്‍ത്തുന്നതിനായി കഴിഞ്ഞവര്‍ഷം പ്രസിഡന്റ്‌ മൂണ്‍ ജേ ഇന്‍ കുടുംബങ്ങള്‍ക്കു ധനസഹായം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. 2022 മുതല്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും 20 ലക്ഷം വണ്‍ (ദക്ഷിണ കൊറിയന്‍ അടിസ്‌ഥാനനാണയം, ഏകദേശം 1,35,000 രൂപ) ബോണസാണ്‌ അതില്‍ പ്രധാനം. കുഞ്ഞിന്‌ ഒരുവയസാകുന്നതുവരെ മാസംതോറും മൂന്നുലക്ഷം വണ്‍ നല്‍കും. 2025 മുതല്‍ പ്രതിമാസ ധനസഹായം അഞ്ചുലക്ഷം വണ്‍ ആയി ഉയര്‍ത്തും.

ജീവിത തൊഴില്‍സാഹചര്യങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുത്തുന്നതില്‍ സ്‌ത്രീകള്‍ നേരിടുന്ന വെല്ലുവിളിയാണു ദക്ഷിണ കൊറിയന്‍ ജനനനിരക്ക്‌ താഴാന്‍ പ്രധാനകാരണം. തൊഴില്‍നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ പ്രധാന്യം കാണിക്കുന്ന സ്‌ത്രീകള്‍ പലപ്പോഴും കുടുംബം പോലുള്ളവയ്ക്ക് പ്രധാന്യം നല്‍കാറില്ല. രാജ്യത്തെ ഉയര്‍ന്ന ഭൂമിവിലയാണു യുവദമ്പതികളെ പിന്തിരിപ്പിക്കുന്ന മറ്റൊരു കാരണം. "കുട്ടികളുണ്ടായാല്‍, നിങ്ങള്‍ക്കു സ്വന്തമായൊരു വീടും വേണം. ദക്ഷിണ കൊറിയയില്‍ അതൊരു നടക്കാത്ത സ്വപ്‌നമാണ്‌"- ഒരു യുവ ഉദ്യോഗസ്‌ഥ ചൂണ്ടിക്കാട്ടി. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തമാണെന്നാണ് യുവാക്കളുടെ വാദം.

click me!