അതിർത്തിയിലെ സേനാ പിന്മാറ്റം വേഗത്തിലാക്കാൻ ഇന്ത്യയും ചൈനയും നേരത്തെ തീരുമാനിച്ചിരുന്നു
മോസ്കോ: ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് ഉച്ചകോടി നാളെ തുടങ്ങാനിരിക്കെ മോസ്ക്കോയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങളിലെ പ്രശ്ന പരിഹാരവും ചർച്ചയായേക്കും. ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംഗും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെയെങ്കിൽ മോദി - ഷീ കൂടിക്കാഴ്ചയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കവും ചർച്ചയാകും.
അതിർത്തിയിലെ പ്രശ്ന പരിഹാരം ഇരു രാജ്യങ്ങളും മുന്നോട്ടുവച്ചേക്കും. അതിർത്തിയിലെ സേനാ പിന്മാറ്റം വേഗത്തിലാക്കാൻ ഇന്ത്യയും ചൈനയും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഇടയ്ക്കിടെ തർക്കം ഉടലെടുക്കുന്നത് സേനാ പിന്മാറ്റത്തെ ബാധിക്കുന്നുണ്ട്. മോദിയും ഷീയും തമ്മിൽ നേരിട്ട് ചർച്ച നടത്തിയാൽ അത് ഗുണം ചെയ്തേക്കും. 2020 ലെ അതിർത്തി ഏറ്റുമുട്ടലുകൾക്ക് ശേഷം മോദിയും ഷീയും തമ്മിൽ ഔദ്യോഗികമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിട്ടില്ല. എന്നാൽ ബ്രിക്സിലെ കൂടിക്കാഴ്ച സംബന്ധിച്ച് ഇരുരാജ്യങ്ങളും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
undefined
ഈ മാസം 22 - 24 വരെ റഷ്യയിലെ കസാനിലാണ് ബ്രിക്സ് ഉച്ചകോടി. മോദിയും ഷീയും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ റഷ്യയിലെത്തും. റഷ്യൻ പ്രസിഡന്‍റിന്‍റെ ക്ഷണ പ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലെത്തുന്നത്. സന്ദർശനത്തിനിടെ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പുടിന്റെ അധ്യക്ഷതയിൽ കസാനിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യത്തലവന്മാരെല്ലാം എത്തുമെന്നാണ് വിവരം.
അതിനിടെ ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്‍റ് പുടിൻ രംഗത്തെത്തിയിരുന്നു. മോദിയുമായി സംസാരിക്കുമ്പോളെല്ലാം അദ്ദേഹം ഒറ്റകാര്യത്തിനാണ് വലിയ പരിഗണന നൽകുന്നതെന്നും അത് യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്നതാണെന്നും പുടിൻ വിവരിച്ചിരുന്നു. അക്കാര്യത്തിൽ മോദിക്ക് നന്ദി അറിയിക്കുന്നതായും റഷ്യൻ പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം