ഇരകളില്‍ ഭൂരിപക്ഷവും സൈനികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്. 20 രാജ്യങ്ങളിലെ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ദില്ലി: ഇസ്രയേല്‍ ചാരഗ്രൂപ്പ് വാട്സാപ്പ് വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇരകളില്‍ ഭൂരിപക്ഷവും സൈനികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെന്നാണ് വിവരം. 20 രാജ്യങ്ങളിലെ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയുമായി അടുപ്പമുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും വാട്സാപ്പ് വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്‍സ് ആപ്പ് യുഎസ് ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ പുറത്തുവന്നത്.
ഇസ്രയേൽ അധിഷ്ഠിതമായ എൻഎസ്ഒ എന്ന സൈബർ ഇന്‍റലിജൻസ് സ്ഥാപനം വികസിപ്പിച്ച ചാര സോഫ്റ്റ്‍വെയറുപയോഗിച്ചാണ് ആളുകളുടെ വാട്‍സാപ്പ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഈ വർഷം മേയിലാണ് പെഗാസസ് സോഫ്റ്റ്‍വെയറുപയോഗിച്ചുള്ള സൈബർ ആക്രമണം പുറത്ത് വന്നത്. മനുഷ്യാവകാശ പ്രവർത്തകരും, മാധ്യമപ്രവർത്തകരുമടക്കം സൈബർ ആക്രമണത്തിനിരയാക്കപ്പെട്ടു. ഇസ്രയേൽ അധിഷ്ഠിതമായ എൻഎസ്ഓ എന്ന സൈബർ ഇന്‍റലിജൻസ് സ്ഥാപനം നിർമ്മിച്ച പെഗാസസ് സോഫ്റ്റ്വയറാണ് ഇതിനായി ഉപയോഗിക്കപ്പെട്ടതെന്നാണ് കണ്ടെത്തൽ. ആക്രമിക്കപ്പെട്ട ഫോണിന്‍റെ ക്യാമറയുടെയും മൈക്രോഫോണിന്‍റെയും അടക്കം നിയന്ത്രണം ഏറ്റെടുക്കാൻ സഹായിക്കുന്ന സോഫ്റ്റ് വയറാണ് പെഗാസസ്.