മെക്സിക്കൻ അതിർത്തിയിലൂടെയുള്ള കുടിയേറ്റം അവസാനിപ്പിക്കാൻ നീക്കം
ന്യൂയോർക്ക്: കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന സൂചനയുമായി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റ വിഷയത്തിലടക്കം മെക്‌സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം പാർഡോയുമായി ചർച്ച നടത്തി. മെക്സിക്കൻ അതിർത്തിയിലൂടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ക്ലോഡിയ ഷെയ്ൻബോം സമ്മതിച്ചതായി ട്രംപ് അറിയിച്ചു. നേരത്തെ മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ചർച്ചയും പ്രസ്താവനയും.
undefined
അതേസമയം അമേരിക്കൻ പ്രസിഡന്‍റായി അധികാരമേൽക്കാനിരിക്കുന്ന ഡോണൾഡ് ട്രംപിന്‍റെ നിയുക്ത ക്യാബിനറ്റ് അംഗങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ച സംഭവത്തിൽ എഫ് ബി ഐ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ട്രംപ് തന്റെ വൈറ്റ് ഹൗസ് ടീമിനായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് നേരെ ആണ് ബോംബ് ഭീഷണി ഉണ്ടായത്. വിവിധ വകുപ്പുകളെ നയിക്കാൻ ട്രംപ് തിരഞ്ഞെടുത്ത ഒമ്പത് പേർക്ക് ഭീഷണി സന്ദേശം കിട്ടിയിട്ടുണ്ട്. ഇതിന് പിന്നാലെ എല്ലാവരുടെയും സുരക്ഷ വർധിപ്പിച്ചതായി എഫ് ബി ഐ അറിയിച്ചു. നിലവിൽ ഇവർക്ക് വലിയ സുരക്ഷ ഉണ്ടായിരുന്നില്ല. ബോംബ് ഭീഷണി സന്ദേശങ്ങൾ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായുള്ള അന്വേഷണം ഊർജ്ജിതമാണെന്നും വൈകാതെ തന്നെ പ്രതികൾ പിടിയിലാകുമെന്നും എഫ് ബി ഐ അധികൃതർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം