വടക്കൻ ഇസ്രായേലിലെ റെസിഡൻഷ്യൽ ഏരിയകളിലുള്ള ജനങ്ങൾ സൈനിക മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് മുന്നറിയിപ്പ്.
ടെഹ്റാൻ: ഇസ്രായേലിലെ ജനങ്ങളോട് സൈനിക മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നൽകി ഹിസ്ബുല്ല. ഇസ്രായേലിന്റെ വടക്ക് ഭാഗത്തുള്ള റെസിഡൻഷ്യൽ ഏരിയകളിലെ ജനങ്ങൾ സൈനിക മേഖലകളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് നിർദ്ദേശം. ചില സെറ്റിൽമെൻ്റുകളിലെ കുടിയേറ്റക്കാരുടെ വീടുകൾ ഇസ്രായേൽ സൈന്യം ഉപയോഗിക്കുന്നുണ്ടെന്ന് ഹിസ്ബുല്ല അറിയിച്ചു. ഹൈഫ, ടിബീരിയാസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ സെറ്റിൽമെൻ്റുകൾക്കുള്ളിൽ ഇസ്രായേലിന്റെ സൈനിക താവളങ്ങളുണ്ടെന്നും ഹിസ്ബുല്ലയുടെ പ്രസ്താവനയിൽ പറയുന്നു.
ഒക്ടോബർ 8ന് സെൻട്രൽ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹിസ്ബുല്ല നേതാവായ വാഫിഖ് സഫയെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ലെബനൻ സുരക്ഷാ ഏജൻസികളും ഹിസ്ബുല്ലയും തമ്മിലുള്ള ബന്ധത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ആളാണ് വാഖിഫ് സഫ. ഹിസ്ബുല്ലയുടെ കോർഡിനേഷൻ യൂണിറ്റിന്റെ തലവനായ വാഫിഖ് സഫയെ ഇസ്രായേൽ ലക്ഷ്യമിട്ടെങ്കിലും ഇയാൾ രക്ഷപ്പെട്ടതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
undefined
ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ ഇസ്രായേൽ വധിച്ചിരുന്നു. നസ്റല്ലയ്ക്ക് പുറമെ നിരവധി ഹിസ്ബുല്ല കമാൻഡർമാരെയും പ്രധാന നേതാക്കളെയും ഇസ്രായേൽ വധിച്ചിരുന്നു. ഇതിന് പിന്നാലെ ലെബനനിൽ ഇസ്രായേൽ കരയുദ്ധം പ്രഖ്യാപിച്ചു. അതിർത്തി കടന്ന് എത്തിയ ഇസ്രായേൽ സൈന്യത്തിന് നേരെ വൻ ചെറുത്തുനിൽപ്പാണ് ഹിസ്ബുല്ല നടത്തിയത്. ഗാസയിലും ലെബനനിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേലിനെതിരെ വൻ മിസൈൽ ആക്രമണം നടത്തി ഇറാനും നേരിട്ട് പോർമുഖത്തേയ്ക്ക് ഇറങ്ങിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലായി. 181 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രായേലിന് നേരെ തൊടുത്തുവിട്ടത്. ഇതിന് തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ ഇറാനും കനത്ത ജാഗ്രതയിലാണ്.