ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് 7 ഇസ്രയേൽ പൗരന്മാരെ അറസ്റ്റ് ചെയ്തു; നിർണായക രഹസ്യങ്ങൾ ചോർത്തി

By Web TeamFirst Published Oct 22, 2024, 12:30 PM IST
Highlights

പിടിയിലായ ഏഴ് പേരും ജൂത വംശജരാണെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. ഹൈഫയിലും മറ്റ് വടക്കൻ പ്രദേശങ്ങളിലും താമസിച്ചിരുന്നവരാണ് എല്ലാവരും.

ടെൽ അവീവ്: ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ഏഴ് ഇസ്രയേലി പൗരന്മാരെ ഇസ്രയേൽ അധികൃതർ അറസ്റ്റ് ചെയ്തു. കഴി‌ഞ്ഞ രണ്ട് വർഷമായി ഇറാന് വേണ്ടി നൂറു കണക്കിന് രഹസ്യ വിവരങ്ങൾ ഇവർ ചോർത്തി നൽകിയെന്നാണ് ഇസ്രയേലി പ്രോസിക്യൂഷൻ ആരോപിക്കുന്നത്. കഴിഞ്ഞ മാസം തന്നെ ഇവരെ പിടികൂടിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് കുറ്റം ചുമത്തിയത്. ഇതുവരെ അന്വേഷിച്ചതിൽ വെച്ച് ഏറ്റവും ഗുരുതരമായ കേസുകളിലൊന്നാണ് ഇപ്പോൾ കണ്ടെത്തിയതെന്നാണ് ഇസ്രയേൽ പൊലീസിലെ ഗുരുതര കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗമായ ലഹാവ് 433 യൂണിറ്റ് ചീഫ് സൂപ്രണ്ട് വിശദീകരിച്ചത്.

യുദ്ധസമയത്ത് ശത്രുവിനെ സഹായിച്ചെന്ന ഗുരുതരമായ കുറ്റമാണ് പിടിയിലായ ഇസ്രയേലി പൗരന്മാർക്കെതിരെ ചുമത്തിയിരിക്കുന്നത്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റമാണിത്.  പിടിയിലായ ഏഴ് പേരും ജൂത വംശജരാണെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. ഹൈഫയിലും മറ്റ് വടക്കൻ പ്രദേശങ്ങളിലും താമസിച്ചിരുന്നവരാണ് എല്ലാവരും. ഒരാൾ നേരത്തെ ഇസ്രയേലി സൈന്യത്തിലും ജോലി ചെയ്തിട്ടുണ്ടത്രെ. പ്രായപൂർത്തിയാവാത്ത രണ്ട് പേരും പിടിയിലായ സംഘത്തിൽ ഉൾപ്പെടുന്നു. രണ്ട് വർഷത്തിനിടെ 600ൽ അധികം ചാരപ്രവർത്തനങ്ങൾ ഇവർ നടത്തിയതായാണ് ഇസ്രയേലി അധികൃതർ ആരോപിക്കുന്നത്. 

Latest Videos

അസർബൈജാനിൽ നിന്ന് ഇറാനിലേക്ക് കുടിയേറിയ ഒരാളാണ് സംഘത്തിലെ പ്രധാനി. ഇയാളാണ് മറ്റുള്ളവരെ കൂടി സംഘത്തിൽ ചേർത്തത്. തുർക്കിയിലുള്ള ഒരു ഇടനിലക്കാരൻ വഴിയാണത്രെ ഇറാനിലേക്ക് വിവരങ്ങൾ കൈമാറിയിരുന്നത്. ഇസ്രയേലിന്റെ സുരക്ഷ അപകടത്തിലാക്കുന്ന സുപ്രധാന വിവരങ്ങൾ ഇവർ ഇറാന് കൈമാറിയിട്ടുണ്ടെന്നാണ് ഇസ്രയേലി അധികൃതരെ ഉദ്ധരിച്ച് അവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇസ്രയേലി പ്രതിരോധ സേനാ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് കൈമാറിയതിൽ പ്രധാനം. ടെൽ അവീവിലെ കിർയ പ്രതിരോധ ആസ്ഥാനത്തിന്റെയും മറ്റ് രണ്ടിടങ്ങളിലെ വ്യോമ സേനാ ആസ്ഥാനങ്ങളുടെയും വിവരങ്ങൾ ഇങ്ങനെ നൽകി. ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പിന്നീട് ആക്രമണങ്ങളും ആക്രമണ ശ്രമങ്ങളുമുണ്ടായതായും ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയൺ ഡോമിന്റെ ബാറ്ററികൾ സംബന്ധിച്ചും തുറമുഖങ്ങളുടെയും ഹദീറയിലെ പവർ പ്ലാന്റ് ഉൾപ്പെടെ ഊർജ കേന്ദ്രങ്ങളുടെയും വിവരങ്ങളും കൈമാറിയിട്ടുണ്ട്.

നിർണായകമായ നിരവധി വിവരങ്ങൾ ഇറാന് കൈമാറിയതിനുള്ളതെളിവുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തതായി ഇസ്രയേൽ ആരോപിക്കുന്നു. പിടിച്ചെടുത്ത ചിത്രങ്ങളിലും മാപ്പുകളിലും ഉള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇതിനോടകം തന്നെ ആക്രമണങ്ങൾ നടന്നതായും ഇസ്രയേൽ ആരോപിക്കുന്നുണ്ട്. വിവര ശേഖരണത്തിനുള്ള അത്യാധുനിക ഉപകരണങ്ങളും ഇവർ ഇറാന്റെ സഹായത്തോടെ വാങ്ങിയെന്നാണ് ഇസ്രയേലി ഏജൻസികൾക്ക് ലഭിച്ച വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!