കാനഡയിൽ ആക്രമിക്കപ്പെട്ട ക്ഷേത്രത്തിന് മുന്നിൽ ഇന്ത്യക്കാർ ഒത്തുകൂടി; ആയിരങ്ങൾ എത്തിയത് ദേശീയ പതാകയുമായി

By Web Team  |  First Published Nov 5, 2024, 12:37 PM IST

ഖലിസ്ഥാൻ സംഘടനകളുടെ ഇടയ്ക്കിടെയുള്ള പ്രകോപനം കാനഡയിലെ ഇന്ത്യക്കാരെ ആശങ്കയിലാക്കുകയാണ്. ഇന്നലത്തെ പ്രകടനത്തിൽ പങ്കെടുത്ത കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു


ഒട്ടാവ: കാനഡയിൽ തുടർച്ചയായി ഉണ്ടാകുന്ന ഖലിസ്ഥാൻ പ്രകോപനം അവിടുത്തെ ഇന്ത്യൻ സമൂഹത്തിൽ ആശങ്ക സൃഷ്ടിക്കുന്നു. ആക്രമണം നടന്ന ക്ഷേത്രത്തിന് മുൻപിൽ ഇന്ത്യൻ വംശജർ ഒത്തുകൂടി. ആയിരക്കണക്കിന് പേർ ഇന്ത്യൻ പതാകയുമായാണ് തടിച്ചുകൂടിയത്. ബ്രാംപ്ടണില്‍ ഹിന്ദു മഹാസഭയുടെ ക്ഷേത്രം ഖലിസ്ഥാന്‍ ഭീകരർ ആക്രമിച്ചതിനെ ശക്തമായ ഭാഷയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചത്. 

നാല് കോടി ജനസംഖ്യയുള്ള കാനഡയിൽ 18 ലക്ഷത്തോളം പേർ ഇന്ത്യക്കാരാണ്. ഖലിസ്ഥാൻ സംഘടനകളുടെ ഇടയ്ക്കിടെയുള്ള പ്രകോപനം ഇവിടെയുള്ള ഇന്ത്യക്കാരെ ആശങ്കയിലാക്കുകയാണ്. ഇന്നലെ ഖലിസ്ഥാൻ സംഘടനയുടെ പ്രകടനത്തിൽ കനേഡിയൻ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പങ്കെടുത്തത് വലിയ വിവാദമായിട്ടുണ്ട്. ഈ പൊലീസുകാരനെ സസ്പെൻഡ് ചെയ്തതായി കാനഡ വ്യക്തമാക്കി.

Latest Videos

undefined

കഴിഞ്ഞ ദിവസം ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയാണ് ഖലിസ്ഥാൻ വാദികൾ ആക്രമണം നടത്തിയത്. അവിടെ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചു വിട്ടുകയായിരുന്നു. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തിൽ കാനഡയിലെ മന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചു. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മത വിഭാഗങ്ങൾക്കും അവരുടെ മതാചാരങ്ങൾക്ക് അവകാശമുണ്ടെന്ന് അനിത ആനന്ദ് പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ താക്കീത് നൽകി. കാന‍ഡ നീതിയും നിയമവാഴ്ച ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ തീവ്രവാദികൾ നടത്തിയ ആക്രമണത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഭീഷണികളിലൂടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


കാനഡയിൽ ഖലിസ്ഥാൻ വാദികളുടെ ആക്രമണം; ഹിന്ദു ക്ഷേത്ര പരിസരത്ത് അക്രമം അഴിച്ചുവിട്ട് ഒരു സംഘം സിഖ് വംശജർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!