ഭക്ഷണം വരെ ആയുധമാകുന്ന സാഹചര്യം, സുഡാനിൽ എല്ലാ 2 മണിക്കൂറിലും ഓരോ കുഞ്ഞ് വീതം മരിക്കുന്നു, ക്ഷാമം രൂക്ഷം

By Web Team  |  First Published May 1, 2024, 12:52 PM IST

സുഡാനിൽ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലിന് ഇനിയും അറുതിയായിട്ടില്ല. മലേറിയ അടക്കമുള്ള പകർച്ചവ്യാധികളും പോഷകാഹാരക്കുറവും കാരണം എല്ലാ രണ്ടുമണിക്കുറിലും ഓരോ കുഞ്ഞുവീതം മരിക്കുന്നുവെന്ന് ആരോഗ്യപ്രവർത്തകർ


ഖാർത്തൂം: ആഭ്യന്തര സംഘ‌ർഷം രൂക്ഷമായ സുഡാനിൽ ക്ഷാമം പടരുന്നു. വിളകൾ വിമതസേന മോഷ്ടിച്ചതോടെ നടാൻ വാങ്ങിവച്ച വിത്തുകൾ തിന്ന് വിശപ്പടക്കുകയാണ് കർഷകർ. മലേറിയ അടക്കമുള്ള പകർച്ചവ്യാധികളും പോഷകാഹാരക്കുറവും കാരണം എല്ലാ രണ്ടുമണിക്കുറിലും ഓരോ കുഞ്ഞുവീതം മരിക്കുന്നുവെന്ന് ആരോഗ്യപ്രവർത്തകർ വിശദമാക്കുന്നത്.

ഇലകളും മണ്ണും അടക്കമുള്ളവ ഭക്ഷിച്ച് വിശപ്പ് അടക്കുന്ന ജനങ്ങളേയാണ് സുഡാനിൽ കാണാനുള്ളതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തൊഴിൽ, ഭക്ഷണം എന്നിവ മിക്ക ആളുകൾക്കും ലഭ്യമാകുന്നില്ല. വിളകൾ അടക്കം നഷ്ടമായതോടെ സ്വന്തം സ്ഥലങ്ങൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ട അവസ്ഥയിലാണ് ജനമുള്ളത്. വിവിധ സംഘടനകൾ നൽകുന്ന മരുന്നും ഭക്ഷണവും അടക്കമുള്ളവയും വിമത സേന അപഹരിക്കുകയാണ്.

Latest Videos

അന്തർദേശീയ തലത്തിൽ രാജ്യത്തേക്ക് എത്തുന്ന സഹായങ്ങളും വിമതസേന തടയുകയാണ്. പട്ടിണി രാജ്യത്ത് വിഭാഗ വ്യത്യാസമില്ലാതെ പിടിമുറുക്കുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. വിളകൾ അപഹരിക്കുന്നതിനൊപ്പം കൃഷി ആയുധങ്ങളും വിമത സേന നശിപ്പിക്കുന്നത് കൃഷിയിറക്കാൻ പോലുമാകാത്ത സാഹചര്യം കർഷകർക്ക് സൃഷ്ടിക്കുന്നുണ്ട്. അരിമില്ലുകളും, ഭക്ഷ്യ വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറികളും അടക്കമുള്ളവയാണ് വിമത സേനയുമായുള്ള സംഘർത്തിൽ നശിപ്പിക്കപ്പെട്ടത്. 

വിമത സേനയുടെ അധീനതയിലുള്ള മേഖലകളിൽ സഹായമെത്തിക്കാൻ സുഡാൻ സേന അനുവദിക്കാത്തതും വെല്ലുവിളിയാണ്. ഭക്ഷണത്തെ വരെ യുദ്ധത്തിനുള്ള ഉപകരണമായി മാറ്റുന്ന കാഴ്ചയാണ് സുഡാനിലുള്ളത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സുഡാനിൽ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!